ഇൻഡോർ
ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ എക്കാലത്തെയും വേഗമേറിയ സെഞ്ചുറിയുമായി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേൽ. സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയിൽ ത്രിപുരയ്‌ക്കെതിരെ 28 പന്തിലാണ് ഈ വലംകൈയൻ മൂന്നക്കം കണ്ടത്. ലോക ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറികൂടിയാണിത്. 27 പന്തിൽ നൂറടിച്ച എസ്‌റ്റോണിയയുടെ സഹിൽ ചൗഹാന്റെ പേരിലാണ് റെക്കോഡ്. സൈപ്രസിനെതിരെ ഈ വർഷമായിരുന്നു സഹിലിന്റെ പ്രകടനം.
ഋഷഭ് പന്തായിരുന്നു ട്വന്റി20യിൽ വേഗമേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ താരം. 2018ൽ ഹിമാചൽപ്രദേശിനെതിരെ 32 പന്തിൽ ഡൽഹിക്കായി ഇടംകൈയൻ മൂന്നക്കം കണ്ടു. 12 സിക്‌സറും ഏഴ് ഫോറും സഹിതമാണ് ഉർവിന്റെ സെഞ്ചുറി. ആകെ 35 പന്തിൽ 113 റണ്ണാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റർ നേടിയത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ഉർവിലിനെ ഈ കഴിഞ്ഞ താരലേലത്തിൽ ആരും സ്വന്തമാക്കിയിരുന്നില്ല. ത്രിപുരയ്‌ക്കെതിരെ ഗുജറാത്ത് എട്ട് വിക്കറ്റിന് ജയിച്ചു. സ്‌കോർ: ത്രിപുര 155/8 ഗുജറാത്ത് 156/2 (10.2).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..