ലണ്ടൻ
എഴുപത്തിമൂന്ന് മിനിറ്റുവരെ മൂന്ന് ഗോളിന് മുന്നിൽ നിൽക്കുക, പിന്നീട് 16 മിനിറ്റിനുള്ളിൽ സമനില വഴങ്ങുക. മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുകയാണ്. തുടർച്ചയായ അഞ്ച് തോൽവി വഴങ്ങി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിനെത്തിയ സിറ്റി ഫെയെനൂർദിനോട് 3–-3ന് സമനിലയുമായി രക്ഷപ്പെട്ടു. ആധികാരിക പ്രകടനത്തിനുശേഷമായിരുന്നു സ്വന്തംതട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ സിറ്റി തകർന്നടിഞ്ഞത്. എർലിങ് ഹാലണ്ട് ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന് ഇകായ് ഗുൺഡോവന്റെ വകയായിരുന്നു. അനിസ് ഹാജ് മൂസയാണ് ഫെയെനൂർദിനായി ആദ്യം വലകുലുക്കിയത്. പിന്നാലെ സാന്റിയാഗോ ജിമിനെസും ഡേവിഡ് ഹാൻകോയും സിറ്റിയുടെ ഹൃദയം തകർത്തു.
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് സിറ്റി കടന്നുപോകുന്നത്. പരിശീലകൻ പെപ് ഗ്വാർഡിയോളയ്‌ക്കും ഈ അനുഭവം ആദ്യമായാണ്. ഒക്‌ടോബർമുതൽ ജയമില്ല ടീമിന്. 17 ഗോൾ വഴങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാംകിരീടം ലക്ഷ്യമിടുന്ന സിറ്റി ഒന്നാമതുള്ള ലിവർപൂളുമായി എട്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതാണ്. ലീഗിൽ ഡിസംബർ ഒന്നിന് ലിവർപൂളുമായാണ് അടുത്ത കളി. ചാമ്പ്യൻസ് ലീഗിൽ അഞ്ച് കളിയിൽ എട്ട് പോയിന്റുമായി 15–-ാംസ്ഥാനത്താണ്.
കരുത്തരുടെ പോരിൽ ബയേൺ മ്യൂണിക് പിഎസ്‌ജിയെ ഒരു ഗോളിന് വീഴ്‌ത്തി. ആദ്യപകുതിയിൽ പ്രതിരോധക്കാരൻ കിം മിൻ ജായാണ് ബയേണിന്റെ വിജയഗോൾ നേടിയത്. 56–-ാംമിനിറ്റിൽ ഉസ്‌മാൻ ഡെംബെലെ ചുവപ്പുകാർഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് പിഎസ്‌ജി കളിച്ചത്. ബാഴ്‌സലോണ 3–-0ന് ബ്രെസ്റ്റിനെ കീഴടക്കി. റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ടഗോളുമായി മിന്നി. ചാമ്പ്യൻസ് ലീഗിൽ നൂറ് ഗോളും തികച്ചു ഈ പോളിഷ് മുന്നേറ്റക്കാരൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും ലയണൽ മെസിക്കുംശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ്. ഡാനി ഒൽമോയാണ് ബാഴ്‌സയുടെ മൂന്നാംഗോൾ കുറിച്ചത്.
മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ ഒരു ഗോളിന് ആർബി ലെയ്‌പ്‌സിഗിനെയും അഴ്‌സണൽ 5–-1ന് സ്‌പോർട്ടിങ് ലിസ്‌ബണെയും തോൽപ്പിച്ചു. അത്‌ലറ്റികോ മാഡ്രിഡ്, സ്‌പാർട്ട് പ്രാഹയ്‌ക്കെതിരെ 6–-0ന് ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..