പാരിസ്
ശീതൾ ദേവിക്ക് കൈകളില്ല. പക്ഷേ, അവൾ വില്ലു കുലയ്‌ക്കും. ലക്ഷ്യത്തിലേക്ക് അമ്പെയ്യും. പാരിസിൽ നടക്കുന്ന അംഗപരിമിതരുടെ വിശ്വകായികോത്സവമായ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയാണ് പതിനേഴുകാരി. വനിതകളുടെ അമ്പെയ്‌ത്തിൽ കോമ്പൗണ്ട് ഇനത്തിൽ റാങ്കിങ്ങിൽ രണ്ടാംസ്ഥാനത്തെത്തി. 703 പോയിന്റാണ് നേടിയത്. തുർക്കിയുടെ ഒസ്‌നുൽ ക്യൂർ ലോക റെക്കോഡോടെ (704) ഒന്നാമതുണ്ട്. മെഡൽ മത്സരം അടുത്തദിവസം നടക്കും.
ജമ്മുകശ്‌മീരിലെ കിഷ്‌തവാർ ജില്ലയിലെ ലോയിധർ കർഷകഗ്രാമത്തിലാണ് ജനനം. മാൻസിങ്–-ശക്തീദേവി ദമ്പതികൾക്ക് ജനിച്ച കുട്ടിക്ക് ജന്മനാ കൈകളുണ്ടായിരുന്നില്ല. അമ്പെയ്‌ത്തിൽ എത്തിയിട്ട് രണ്ടുവർഷമായിട്ടേയുള്ളു. കോച്ച് കുൽദീപ് വേദ്‌വാനാണ് എല്ലാ പിന്തുണയും നൽകുന്നത്. കസേരയിൽ ഇരുന്നാണ് അമ്പെയ്‌ത്ത്. വലംകാലുകൊണ്ട് വില്ലുകുലയ്‌ക്കും. അമ്പ് വലത്തേ ചുമലിലേക്ക് കൊണ്ടുവന്ന് താടിയെല്ലിന്റെ ശക്തിയിൽ വലിച്ചുവിടും. ഇത്തരത്തിൽ അമ്പെയ്യുന്ന മറ്റൊരു രാജ്യാന്തര താരമില്ല. ശീതളിന്റെ മെഡൽ പ്രകടനത്തിനാണ് രാജ്യം കാത്തിരിക്കുന്നത്.
പാരിസിൽ വർണാഭമായ ഉദ്‌ഘാടനച്ചടങ്ങിനുശേഷം മത്സരങ്ങൾ തുടങ്ങി. സ്‌റ്റേഡിയത്തിനുപുറത്ത് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ കായികതാരങ്ങൾ അണിനിരന്നു. ഇന്ത്യയുടെ 84 അംഗ സംഘം 12 ഇനങ്ങളിലാണ് മത്സരിക്കുന്നത്. ജാവലിൻ താരം സുമിത് ആന്റിലും ഷോട്ട്‌പുട്ട് താരം ഭാഗ്യശ്രീ ജാദവും മാർച്ച്‌പാസ്‌റ്റിൽ ദേശീയപതാകയേന്തി.167 രാജ്യങ്ങളിലെ 4400 അത്‌ലീറ്റുകൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കുന്നു. സെപ്‌തംബർ എട്ടുവരെയാണ് പാരാലിമ്പിക്‌സ്. ടോക്യോയിൽ നടന്ന അവസാന ഗെയിംസിൽ ഇന്ത്യക്ക് അഞ്ച് സ്വർണമടക്കം 19 മെഡലുണ്ടായിരുന്നു. പട്ടികയിൽ 24–-ാംസ്ഥാനം. കഴിഞ്ഞതവണ മെഡൽ നേടിയ 14 പേർ ടീമിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..