ഹൈദരാബാദ്
പ്രതാപശാലികളായ മുംബൈയെ തരിപ്പണമാക്കി കേരളം. സയ്‌ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ 43 റണ്ണിനാണ് സഞ്‌ജു സാംസണും സംഘവും മുംബൈയെ വീഴ്‌ത്തിയത്. സൽമാൻ നിസാറിന്റെയും (49 പന്തിൽ 99*) രോഹൻ കുന്നുമ്മലിന്റെയും (48 പന്തിൽ 87) വെടിക്കെട്ട് ബാറ്റിങ്ങിൽ കേരളം ഉയർത്തിയത് 234 റൺ. ടൂർണമെന്റിലെ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌കോർ. മറുപടിയിൽ മുംബൈ 191ൽ ഒതുങ്ങി. നാല് വിക്കറ്റുമായി പേസർ എം ഡി നിതീഷ് തിളങ്ങി.
സ്‌കോർ: കേരളം 234/5 മുംബൈ 191/9.
ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത കേരളത്തിന് മോശം തുടക്കമായിരുന്നു. ക്യാപ്‌റ്റനും സൂപ്പർതാരവുമായ സഞ്‌ജു ആദ്യ ഓവറിൽത്തന്നെ മടങ്ങി. വെറും നാലു റണ്ണായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററുടെ സമ്പാദ്യം. ശാർദുൽ ഠാക്കൂറിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദ് അസ്‌ഹറുദീനും (13) പിടിച്ചുനിൽക്കാനായില്ല. തുടർന്നെത്തിയ സച്ചിൻ ബേബി (7) പരിക്കേറ്റ് കളംവിട്ടതും തിരിച്ചടിയായി. എന്നാൽ, പിന്നീട് കൂട്ടുചേർന്ന രോഹനും സൽമാനും കേരളത്തെ കരകയറ്റി. ആദ്യമേ ഇരുവരും കത്തിക്കയറി. മുംബൈ ബൗളർമാർക്ക് ഒരവസരവും നൽകാതെ മുന്നേറി. ഇരുവരും 140 റൺ ചേർത്തു. രോഹൻ ഏഴ് സിക്‌സറും അഞ്ച് ബൗണ്ടറിയും പായിച്ചു. 18–-ാം ഓവറിലാണ് മടങ്ങിയത്. ഇടംകൈയൻ ബാറ്ററായ സൽമാനാകട്ടെ എട്ട് സിക്‌സറും അഞ്ച് ഫോറും നേടി. അർഹിച്ച സെഞ്ചുറി ഒരു റണ്ണിനകലെയാണ് നഷ്ടമായത്. മോഹിത് അവാസ്‌തി മുംബൈക്കായി നാല് വിക്കറ്റെടുത്തു.
മറുപടിയിൽ പേരുകേട്ട മുംബൈ ബാറ്റിങ് നിര പതറി. പൃഥ്വി ഷാ (23), അംഗ്രിഷ് രഘുവൻഷി (16), ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (32) എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അജിൻക്യ രഹാനെ (35 പന്തിൽ 68) മാത്രമാണ് പൊരുതിയത്. ഗ്രൂപ്പ് ഇയിൽ നാലു കളിയിൽ 12 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് കേരളം. നാളെ ഗോവയെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..