23 December Monday
ഇന്ത്യ‐ന്യൂസിലൻഡ്‌ നാലാം ട്വന്റി–-20 ഇന്ന്‌

പ്രതീക്ഷയോടെ സഞ്‌ജു

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


വെല്ലിങ്‌ടൺ
ന്യൂസിലൻഡിനെതിരായ ട്വന്റി–-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തിൽ പകരക്കാരെ ഇറക്കിയേക്കും. ഇന്ന്‌ വെല്ലിങ്‌ടണിലെ വെസ്‌റ്റ്‌പാക്‌ സ്‌റ്റേഡിയത്തിലാണ്‌ കളി. അഞ്ച്‌ മത്സര പരമ്പരയിലെ ആദ്യ മൂന്നും ജയിച്ചാണ്‌ ഇന്ത്യയുടെ കുതിപ്പ്‌. അവസാന രണ്ട്‌ കളിയിൽ മറ്റ്‌ താരങ്ങൾക്ക്‌ അവസരം നൽകുമെന്നാണ്‌ സൂചന.

മലയാളി താരം സഞ്‌ജു സാംസൺ, വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ്‌ പന്ത്‌ എന്നിവരാണ്‌ അവസരത്തിനായി കാത്തിരിക്കുന്നത്‌. ടീമിന്റെ ഭാഗമായശേഷം അവസാന 11 കളിയിൽ ഒരെണ്ണത്തിൽ മാത്രമാണ്‌ സഞ്‌ജുവിന്‌ കളിക്കാൻ അവസരം കിട്ടിയത്‌. ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തി.
സൂപ്പർ ഓവറിലെ മിന്നുന്ന ജയത്തോടെയാണ്‌ ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിത്‌ ശർമയുടെ ബാറ്റിങ്‌ മികവ്‌ തുണച്ചു. സെഡൻ പാർക്കിൽ കിവികൾ അവസാന ഘട്ടംവരെയും ജയപ്രതീക്ഷയിലായിരുന്നു. പക്ഷേ, സൂപ്പർ ഓവറിൽ ഒരിക്കൽക്കൂടി അവർ കീഴടങ്ങി.

മുൻനിരയിൽ രോഹിത്‌കൂടി മിന്നിയതോടെ ഇന്ത്യയുടെ ബാറ്റിങ്‌ നിര പൂർണ പ്രതാപത്തിലെത്തി. ലോകേഷ്‌ രാഹുൽ, ശ്രേയസ്‌ അയ്യർ, ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി, മനീഷ്‌ പാണ്ഡെ എന്നിവരെല്ലാം തിളങ്ങി.

മുൻനിരയിൽ ആർക്കെങ്കിലും വിശ്രമം നൽകിയാൽ മാത്രമേ സഞ്‌ജുവിന്‌ പ്രതീക്ഷയുള്ളൂ. ഓൾ റൗണ്ടർ ശിവം ദുബെയ്‌ക്ക്‌ അവസാന രണ്ട്‌ കളിയിൽ തിളങ്ങാനായില്ല.
ബൗളർമാരിൽ രവീന്ദ്ര ജഡേജയ്‌ക്ക്‌ പകരം വാഷിങ്‌ടൺ സുന്ദർ എത്തിയേക്കും. മുഹമ്മദ്‌ ഷമിക്ക്‌ പകരം നവ്‌ദീപ്‌ സെയ്‌നിയും ഇടംപിടിച്ചേക്കും.
കിവീസ്‌ നിരയിൽ ഓൾ റൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ ഹോമിന്‌ പകരം ഡാരിൽ മിച്ചെൽ കളിക്കാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top