22 November Friday

യൊകോ കരുത്ത്‌ ; ഓസ്‌ട്രേലിയൻ ഓപ്പൺ സെമി: ഫെഡറർ വീണു

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

മെൽബൺ
നൊവാക്‌ യൊകോവിച്ചിന്റെ കരുത്തിന്‌ മുന്നിൽ റോജർ ഫെഡറർക്ക്‌ പിടിച്ചുനിൽക്കാനായില്ല. പ്രീ ക്വാർട്ടറും ക്വാർട്ടറും കടുത്ത പോരാട്ടംകൊണ്ട്‌ അതിജീവിച്ച ഫെഡറർ യൊകോവിച്ചിന്‌ മുന്നിൽ തളർന്നു. ക്വാർട്ടർ മത്സരത്തിനിടെ പരിക്കേറ്റ സ്വിസ്‌ താരത്തിന്‌ സെമിയിൽ പൂർണ കായികക്ഷമതയോടെ കളിക്കാനായില്ല. നിലവിലെ ചാമ്പ്യനായ യൊകോവിച്ച്‌ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്‌. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ അലെക്‌സാണ്ടർ സ്വരേവോ ഡൊമിനിക്‌ തീമോ ആയിരിക്കും ഈ സെർബിയക്കാരന്റെ എതിരാളി.

സ്വരേവ്‌–-തീം സെമി ഇന്നാണ്‌.
നേരിട്ടുള്ള സെറ്റുകൾക്കാണ്‌ യൊകോവിച്ച്‌ ഫെഡററെ കീഴടക്കിയത്‌ (7–-6, 6–-4, 6–-3). ആദ്യ സെറ്റിലൊഴികെ ഫെഡറർക്ക്‌ പിടിച്ചുനിൽക്കാനായില്ല. 2012നുശേഷം ഫെഡററോട്‌ തോറ്റിട്ടില്ലെന്ന റെക്കോഡ്‌ ഈ മുപ്പത്തിരണ്ടുകാരൻ നിലനിർത്തി.

ആദ്യ സെറ്റിൽ ഗംഭീര തുടക്കമായിരുന്നു സ്വിസ്‌ താരത്തിന്‌. പക്ഷേ, നിരന്തരം പിഴവുകൾ വരുത്തി മുൻതൂക്കം കളഞ്ഞു. ആദ്യ സെറ്റിൽ 4–-1ന്‌ മുന്നിട്ടുനിന്ന ഫെഡറർ അടുത്ത ഗെയിമിൽ 40–-0ന്‌ മുൻതൂക്കം നേടിയ ശേഷമാണ്‌ പിൻവലിഞ്ഞത്‌. ഉശിരൻ തിരിച്ചുവരവ്‌ നടത്തിയ യൊകോവിച്ച്‌ സെറ്റ്‌ ടൈബ്രേക്കിലെത്തിച്ചു. അവിടെ ഫെഡറർ നിഷ്‌പ്രഭനായി.

രണ്ടാം സെറ്റിൽ യൊകോവിച്ച്‌ ഉഗ്രഭാവത്തിലെത്തി. കരുത്തുറ്റ സെർവുകൾ എത്തിപ്പിടിക്കാനായില്ല സ്വിസ്‌ താരത്തിന്‌. രണ്ടാമത്തെയും ആറാമത്തെയും ഗെയിമുകളിൽ യൊകോവിച്ച്‌ ഫെഡററുടെ സെർവ്‌ ഭേദിക്കുന്നതിന്‌ അരികെയെത്തി.  എന്നാൽ ഈ മുപ്പത്തെട്ടുകാരൻ അതിജീവിച്ചു. പത്താം ഗെയിമിൽ ഫെഡററുടെ ഡ്രോപ്‌ ഷോട്ട്‌ പിടിച്ചെടുത്ത്‌ തിരിച്ചുതൊടുത്ത്‌ യൊകോവിച്ച്‌ സെറ്റ്‌ കൈയിലാക്കി. ജോൺ മിൽമാനെയും സാൻഡ്‌ഗ്രെനിനെയും നീണ്ട മത്സരത്തിൽ മറികടന്ന ഫെഡറർക്ക്‌ ആ മികവ്‌ സെർബ്‌ താരത്തിനെതിരെ നിലനിർത്താനായില്ല. മൂന്നാം സെറ്റിൽ സ്വിസ്‌ താരം ശാരീരികമായി തളർന്നു. യൊകോവിച്ച്‌ അനായാസം കടന്നു.17–-ാം ഗ്രാൻഡ്‌ സ്ലാം കിരീടത്തിലേക്കാണ്‌ യൊകോവിച്ചിന്റെ കണ്ണ്‌. റാഫേൽ നദാൽ സെമിയിൽ തോറ്റതോടെ യൊകോവിച്ചിന്‌ ഫൈനലിൽ മുൻതൂക്കമായി. 

മിക്‌സഡ്‌ ഡബിൾസിൽ രോഹൻ ബൊപണ്ണയും പങ്കാളി ഉക്രയ്‌നിന്റെ നാദിയ കിചെനോക്കും ക്വാർട്ടറിൽ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top