കൊച്ചി
കായിക പ്രതിഭകൾക്ക് കുതിക്കാൻ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് സിന്തറ്റിക് ട്രാക്ക് റെഡി. എട്ട് ട്രാക്കുകളിലും വൈറ്റ്‌ലൈൻ മാർക്കിങ് പൂർത്തിയായി. 400 മീറ്ററാണ് സിന്തറ്റിക് ട്രാക്ക്. നവംബർ നാലിന് ഉദ്‌ഘാടനച്ചടങ്ങും ഏഴുമുതൽ 11 വരെ അത്‌ലറ്റിക്‌സും ഈ വേദിയിലാണ്.
സംസ്ഥാന സ്‌കൂൾ കായികമേളയിലെ താരങ്ങൾക്ക് മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിയുംവിധത്തിൽ ഉന്നതനിലവാരത്തിലുള്ള ട്രാക്കാണ് സജ്ജമാക്കിയിരിക്കുന്നത്. വേൾഡ് അത്‌ലറ്റിക്‌സിന്റെ ക്ലാസ് രണ്ട് വിഭാഗത്തിലാണ് ട്രാക്ക്. ക്ലാസ് രണ്ട് സർട്ടിഫിക്കറ്റിനായി ഉടൻ അപേക്ഷ നൽകും. ക്ലാസ് ഒന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്കും ക്ലാസ് രണ്ട് സർട്ടിഫിക്കറ്റ് ദേശീയ മത്സരങ്ങൾക്കുമാണ്. ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് സിന്തറ്റിക് ട്രാക്ക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾ എത്തിച്ചത്.
ജമ്പിങ് പിറ്റും പൂർത്തിയാകാറായി. ഹാമർ, ഡിസ്‌ക്‌സ് ത്രോ മത്സരങ്ങൾക്കായി കേജ് സ്ഥാപിക്കാനുള്ള പ്രവൃത്തികളും അതിവേഗം നടക്കുന്നു.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോർട്‌സ് ടെക്ക് കമ്പനിയാണ് നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്ന പ്രവർത്തനം ആരംഭിച്ചത്. മഴ പലപ്പോഴും വില്ലനായി. കായികമേളയുടെ പശ്ചാത്തലത്തിൽ, മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം നിർമാണപ്രവൃത്തികൾക്ക് വേഗം കൂട്ടി. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് നിശ്ചിത സമയത്തിനുള്ളിൽ നിർമാണപ്രവൃത്തി ഫിനിഷിങ് ലൈൻ തൊടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..