25 November Monday

വെടിവയ്‌പ്പിൽ കോഴിക്കോട്‌ കരുനീക്കത്തിൽ തൃശൂർ

സ്‌പോർട്‌സ്‌ ലേഖകൻUpdated: Thursday Oct 31, 2024

കൊച്ചി
സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ ഷൂട്ടിങ്, ചെസ്‌ മത്സരങ്ങൾ പൂർത്തിയായി. കായികതാരങ്ങൾക്ക്‌ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനുവേണ്ടിയാണ്‌ ഈ ഇനങ്ങൾ നേരത്തെയാക്കിയത്‌. ഷൂട്ടിങ്ങിൽ 12 ഇനങ്ങളും കഴിഞ്ഞപ്പോൾ കോഴിക്കോട്‌ ജില്ല രണ്ട്‌ സ്വർണവും അഞ്ച്‌ വെള്ളിയും രണ്ട്‌ വെങ്കലവുമായി മുന്നിലെത്തി. 27 പോയിന്റാണ്‌ സമ്പാദ്യം. മൂന്ന്‌ സ്വർണവും അഞ്ച്‌ വെങ്കലവുമുള്ള തൃശൂർ 20 പോയിന്റോടെ രണ്ടാമതെത്തി. ഒരു സ്വർണവും നാല്‌ വെള്ളിയും രണ്ട്‌ വെങ്കലവുമുള്ള പാലക്കാട്‌ 19 പോയിന്റുമായി മൂന്നാംസ്ഥാനമാണ്‌.
കൊല്ലം മൂന്ന്‌ സ്വർണവും രണ്ട്‌ വെങ്കലവും സ്വന്തമാക്കി. എറണാകുളത്തിന്‌ രണ്ടും മലപ്പുറത്തിന്‌ ഒരു സ്വർണവുമുണ്ട്‌.  ചെസിൽ ആറ്‌ സ്വർണം നിശ്‌ചയിച്ചപ്പോൾ തൃശൂരിന്‌ രണ്ടെണ്ണം കിട്ടി. 13 പോയിന്റോടെയാണ്‌ ഒന്നാംസ്ഥാനം. മൂന്ന്‌ വെള്ളിയും ഒരു വെങ്കലവുമടക്കം 10 പോയിന്റുളള തിരുവനന്തപുരമാണ്‌ രണ്ടാമത്‌. കണ്ണൂർ ഒരു സ്വർണമടക്കം ഒമ്പത്‌ പോയിന്റ്‌ നേടി. ആലപ്പുഴ, കൊല്ലം, കോഴിക്കോട്‌ ജില്ലകൾക്ക്‌ ഓരോ സ്വർണം കിട്ടി.

ഷൂട്ടിങ്, ചെസ്‌ മത്സരങ്ങൾ നേരത്തേ നടത്തിയത് വിജയികൾക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരള സ്‌കൂൾ കായികമേളയുടെ ഔദ്യോഗിക തുടക്കം നവംബർ നാലിനാണ്‌. ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ് നവംബർ മൂന്നിന്‌ തുടങ്ങും. സബ്ജൂനിയർ ചെസും ഇതേദിവസമാണ്‌ ആരംഭിക്കുന്നത്‌. ദേശീയ മത്സരങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിനനുസരിച്ച് സംസ്ഥാന കായികമേളയുടെ മത്സരക്രമത്തിൽ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി വിശദീകരിച്ചു

. ഷൂട്ടിങ് സീനിയർ മത്സരഫലം (ആദ്യ മൂന്ന്‌ സ്ഥാനക്കാർ, സ്‌കൂൾ, ജില്ല ക്രമത്തിൽ):
എയർ പിസ്‌റ്റൾ: കെനസ്‌ ബി കാട്ടൂക്കാരൻ (വിബിഎച്ച്‌എസ്‌എസ്‌, തൃശൂർ), അലൻ തോമസ്‌ (എംജിഎച്ച്‌എസ്‌എസ്‌, പാലക്കാട്‌), അഭിജിത്‌ സോജൻ (ജിവിഎച്ച്‌എസ്‌എസ്‌, അയ്യന്തോൾ, തൃശൂർ).
എയർ റൈഫിൾ പീപ്‌സൈറ്റ്‌: പി പി ഓഷിൻ രാജ്‌ (ജിഎംബിഎച്ച്‌എസ്‌എസ്‌, തൃശൂർ), എം കാർതിക്‌ (സെന്റ്‌ ജോസഫ്‌സ്‌ കോഴിക്കോട്‌), അനന്ദു സന്ദീപ്‌ (ചിന്മയ, കോഴിക്കോട്‌).
എയർറൈഫിൾ ഓപ്പൺ സൈറ്റ്‌: ഭരത്‌രാജ്‌ (ചാത്തന്നൂർ എൻഎസ്‌എസ്‌, കൊല്ലം), കെ ജെ ജാരുധ്‌ (പിവിഎസ്‌ എരഞ്ഞിക്കൽ,  കോഴിക്കോട്‌), ആൽബിൻ തോമസ്‌ (എംഎംഎച്ച്‌എസ്‌ പന്തലാംപാടം, പാലക്കാട്‌).
സീനിയർ പെൺകുട്ടികൾ, എയർപിസ്‌റ്റൾ: അതുല്യ എസ്‌ നായർ (കർദിനാൾ എച്ച്‌എസ്‌, തൃക്കാക്കര, എറണാകുളം), ആർ കീർത്തി ക(എംഎംഎച്ച്‌എസ്‌എസ്‌, പന്തലാംപാടം, പാലക്കാട്‌), സി എസ്‌ തീർഥ (വിബിഎച്ച്‌എസ്‌എസ്‌, തൃശൂർ).
എയർ റൈഫിൾ പീപ്‌ സൈറ്റ്‌: ഹന്ന മേരി ജോൺ (സെന്റ്‌ മേരീസ്‌ തൃശൂർ), സി അഭിരാമി (ജിടി എച്ച്‌എസ്‌ കട്ടപ്പന, ഇടുക്കി), വി ആർ വൈഷ്‌ണവി (ടികെഎം എച്ച്‌എസ്‌എസ്‌ കരിക്കോട്‌, കൊല്ലം).
എയർ റൈഫിൾ, ഓപ്പൺ സൈറ്റ്‌: ശ്വേത ട്രീസ സെന്റ്‌ മേരീസ്‌ കല്ലാനോട്‌, കോഴിക്കോട്‌), അലീന ക്രിസിൽഡ (ജിവിഎച്ച്‌എസ്‌എസ്‌ നടക്കാവ്‌, കോഴിക്കോട്‌), അനഘ രാജേഷ്‌ (എംഎംഎച്ച്‌എസ്‌ പന്തലാംപാടം, പാലക്കാട്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top