പൂണെ > ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് തോൽവി. 113 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ നിരയലെ യശ്വസി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർക്ക് മാത്രമേ പിടിച്ച് നിൽക്കാനായുള്ളൂ. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്‌നർ ആറ് വിക്കറ്റുകൾ വീഴ്‌ത്തി. സ്‌കോർ: ന്യൂസിലൻഡ് 259, 255, ഇന്ത്യ 156, 245.
തുടർച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലൻഡ് തങ്ങളുടെ പേരിലാക്കി. ആദ്യമായാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നതും. ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് ജയിക്കുമ്പോൾ 36 വർഷത്തെ ചരിത്രം കൂടിയായിരുന്നു തിരുത്തിയത്.
ബംഗളൂരു ടെസ്‌റ്റിലെ മികവ് പുണെയിലും ആവർത്തിച്ച കിവീസ് രണ്ടാം ടെസ്‌റ്റിലും ആധിപത്യമുറപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന് പുറത്തായി. ഏഴ് വിക്കറ്റുമായി കളിജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രകടനം പുറത്തെടുത്ത സ്‌പിൻ ബൗളർ വാഷിങ്‌ടൺ സുന്ദറാണ് കീവീസിനെ തളച്ചത്. എന്നാൽ അതേ നാണയത്തിൽ ന്യൂസിലാൻഡ് തിരിച്ചടിച്ചതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 156 റണ്ണിന് പുറത്തായി. ഏഴ് വിക്കറ്റുമായി ഇടംകൈയൻ സ്‌പിന്നർ മിച്ചെൽ സാന്റ്‌നെറാണ് ഒന്നാം ഇന്നിങ്‌സിലും ബാറ്റിങ്നിരയെ അരിഞ്ഞിട്ടത്.
രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ എന്നിവരുടെ ബൗളിങ് മികവിൽ ഇന്ത്യ ന്യൂസിലാൻഡിനെ രണ്ടാം ഇന്നിങ്‌സിൽ 255 റൺസിന് ഓൾ ഔട്ടാക്കുകയും ചെയ്തു. വാഷിങ്‌ടൺ സുന്ദർ നാല് വിക്കറ്റും ജഡേജ മൂന്ന് വിക്കറ്റും അശ്വിൻ രണ്ടു വിക്കറ്റുമാണ് വീഴ്ത്തിയത്.
നവംബർ ഒന്നു മുതൽ അഞ്ചു വരെയാണ് അവസാന ടെസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..