റിയാദ്
ബ്രസീൽ സൂപ്പർതാരം നെയ്‌മറിന്റെ തിരിച്ചുവരവ് ഇനിയും വൈകും. കഴിഞ്ഞവർഷം ഒക്‌ടോബർമുതൽ പരിക്കേറ്റ് പുറത്താണ് ഈ മുപ്പത്തിരണ്ടുകാരൻ. നെയ്‌മറിന്റെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ പരിശീലകൻ ഹൊർജെ ജെസ്യൂസാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘ഒന്നും പറയാനായിട്ടില്ല. നെയ്‌മർ ഈ ടീമിന്റെ പ്രധാന താരമാണ്. അദ്ദേഹം ശാരീരികക്ഷമത വീണ്ടെടുത്തുവരികയാണ്’–-ജെസ്യൂസ് പറഞ്ഞു. ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ബ്രസീലിയൻ മുന്നേറ്റക്കാരന് കാൽമുട്ടിന് പരിക്കേറ്റത്. പിന്നാലെ ശസ്‌ത്രക്രിയക്ക് വിധേയനായി. ഈ വർഷം ജൂലൈയിൽ പരിശീലനം ആരംഭിച്ചെങ്കിലും പൂർണക്ഷമത വീണ്ടെടുത്തിട്ടില്ല.
തിരിച്ചെത്തിയാലും സൗദി പ്രോ ലീഗിൽ ജനുവരിയിലാണ് നെയ്‌മറിന് കളിക്കാൻ സാധിക്കുക. എട്ട് വിദേശകളിക്കാരെ മാത്രമേ ഒരു ടീമിന് രജിസ്റ്റർ ചെയ്യാനാകു. അൽ ഹിലാലിന് നിലവിൽ എട്ട് കളിക്കാരുണ്ട്. എന്നാൽ, എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ കളിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..