പാരിസ്> അമേരിക്കയുടെ നോഹ ലൈൽസ് ഒളിമ്പിക്‌സിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളി. ഇരുവരും 9.79 സെക്കൻഡ് കുറിച്ചപ്പോൾ ഫലം നിർണയിച്ചത് ഫോട്ടോഫിനിഷിലാണ്. സെക്കൻഡിന്റെ ആയിരത്തിൽ ഒരംശത്തിന്റെ മുൻതൂക്കത്തിലാണ് നോഹ സ്വർണപ്പതക്കമണിഞ്ഞത്. അമേരിക്കൻ താരം ഫ്രെഡ് കെർലി 9.81 സെക്കൻഡിൽ വെങ്കലം കരസ്ഥമാക്കി.
എട്ടുപേർ അണിനിരന്ന ത്രില്ലറിൽ അവസാനനിമിഷംവരെ കിഷെയ്‌ൻ തോംസനായിരുന്നു മുന്നിൽ. ഫിനിഷിന് തൊട്ടുമുമ്പ് നടത്തിയ കുതിപ്പിലാണ് നോഹ സ്വർണം തൊട്ടത്. മത്സരം പൂർത്തിയായെങ്കിലും ഉടൻ വിജയിയെ നിർണയിക്കാനായില്ല. ഫോട്ടോഫിനിഷിൽ നേരിയ വ്യത്യാസത്തിൽ നോഹ ആദ്യമെത്തിയതായി തെളിഞ്ഞു. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാഴ്‌സൽ ജേക്കബബ്‌സ് അഞ്ചാമതായി. ഫൈനലിൽ മൂന്ന് അമേരിക്കക്കാരും രണ്ട് ജമൈക്കക്കാരും അണിനിരന്നു. 2004ൽ ജസ്‌റ്റിൻ ഗാറ്റ്‌ലിൻ സ്വർണം നേടിയ ശേഷം അമേരിക്കയുടെ ആദ്യ നേട്ടമാണ്. 2008, 2012, 2016 വർഷങ്ങളിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടായിരുന്നു ചാമ്പ്യൻ.
വനിതകളുടെ ഹൈജമ്പിൽ ഉക്രെയ്‌ൻ താരം യരോസ്ലാവ മഹുചിക് സ്വർണം നേടി. പുരുഷ ഹാമർത്രോയിൽ ക്യാനഡയുടെ ഏതൻ കാറ്റ്‌ബർഗിനാണ് സ്വർണം. 84.12 മീറ്ററാണ് താണ്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..