പാരിസ് > പാരിസിലേക്ക് പുറപ്പെടുമ്പോൾ നോഹ ലൈൽസ് ആ പതക്കം ബാഗിലിട്ടു. മൂന്നുവർഷംമുമ്പ് ടോക്യോയിൽ 200 മീറ്ററിൽ നേടിയ വെങ്കലം. ഓടിജയിച്ചതിന്റെ സന്തോഷമല്ല ഇരുപത്തേഴുകാരന് ആ മെഡൽ നൽകുന്നത്. ഒന്നാമതെത്താതെ തോറ്റുപോയതിന്റെ നീറ്റലും നിരാശയുമാണ്. അതവന്റെ വാശി കൂട്ടി, കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചു. ടോക്യോ ഒളിമ്പിക്‌സിൽ തോറ്റുപോയ നോഹയ്‌ക്ക് പാരിസിൽ ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. ലോകചാമ്പ്യനായിട്ടായിരുന്നു വരവ്. ബോൾട്ടിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടുന്ന ആദ്യ സ്‌പ്രിന്ററായി. ആറു പ്രാവശ്യം ലോകചാമ്പ്യനായി. നാലുവട്ടം ഡയമണ്ട് ലീഗ് ജേതാവും.
ആസ്‌ത്‌മ അലട്ടിയ ബാല്യമായിരുന്നു. ശ്വാസംകിട്ടാതെ പലപ്പോഴും പിടഞ്ഞു. ആശുപത്രികളിൽ ദിനരാത്രങ്ങൾ ചെലവഴിച്ചു. അച്ഛൻ കെവിൻ ലൈൽസ് അമേരിക്കയ്‌ക്കായി ലോക ചാമ്പ്യൻഷിപ് റിലേയിൽ സ്വർണം നേടിയിട്ടുണ്ട്. അമ്മ കെയ്‌ഷ ബിഷപ്പും ഓട്ടക്കാരി. അത്‌ലീറ്റ് കുടുംബം. കൗമാരമെത്തിയതോടെ ആസ്‌ത്‌മ കുറഞ്ഞു. പതിയെ നോഹ ഓട്ടത്തിലേക്ക് തിരിഞ്ഞു. യൂത്ത് ഒളിമ്പിക്‌സിലും ജൂനിയർ ഗെയിംസുകളിലും ചാമ്പ്യനായി. ബോൾട്ട് ട്രാക്ക് വിട്ട 2017ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം. സൂപ്പർതാരത്തിലേക്കുള്ള ഓട്ടമായിരുന്നു പിന്നീട്. 2019 ദോഹ ലോകമീറ്റിൽ 200 മീറ്റർ ചാമ്പ്യനായി. പക്ഷേ, ഏറെ പ്രതീക്ഷയോടെ എത്തി ഒളിമ്പിക്‌സിൽ തലതാഴ്‌ത്തി മടങ്ങി. അന്ന് വിഷാദം ബാധിച്ചു. ദിവസങ്ങൾ പുറത്തെങ്ങും പോകാതെ വീട്ടിലിരുന്നു. പരിശീലനം ഉപേക്ഷിച്ചു.
ജീവിതത്തിൽ ഒരിക്കൽപ്പോലും മകനെ ഇങ്ങനെ കണ്ടിട്ടില്ലെന്നായിരുന്നു അമ്മ കെയ്‌ഷ പ്രതികരിച്ചത്. ‘എന്നും ഉത്സാഹിയും ഉന്മേഷവും നിറഞ്ഞവനാണ് നോഹ. പക്ഷേ, ടോക്യോയിൽ അവൻ മാനസികമായും തോറ്റുപോയി. കുടുംബവും കൂട്ടുകാരുമാണ് തിരിച്ചുകൊണ്ടുവന്നത്’– കെയ്‌ഷ പറഞ്ഞു-. 2023 ലോകമീറ്റിലായിരുന്നു മടങ്ങിവരവ്. മൂന്ന് സ്വർണം. ട്രാക്കിനു പുറത്തും വാർത്തകളിൽ ഇടംപിടിച്ചു. അമേരിക്കയിൽ കറുത്തവർക്കെതിരെയുള്ള ആക്രമണങ്ങളെ പരസ്യമായി അപലപിച്ചു. കറുത്ത ചെറുപ്പക്കാരനായ താൻ എങ്ങനെ ഈ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്നായിരുന്നു ചോദ്യം.
ലോകചാമ്പ്യനായിട്ടും ഒളിമ്പിക്‌സിലെ നോഹയുടെ പ്രകടനത്തിൽ സംശയമുള്ളവരുണ്ടായിരുന്നു. സ്റ്റാഡ് ഡേ ഫ്രാൻസ് സ്‌റ്റേഡിയത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായിരിക്കുന്നു. ബോൾട്ടിനുശേഷം ട്രാക്കിലെ സൂപ്പർതാരമെന്ന് നോഹ അടിവരയിടുന്നു. ഇനി മൂന്ന് ഇനംകൂടി ബാക്കിയുണ്ട്. 200 മീറ്റർ, 4 x100 മീറ്റർ റിലേ, 4 x 400 മീറ്റർ റിലേ.
0.005 സെക്കൻഡ്!
എവിടെനിന്നാണ് ഈ മനുഷ്യൻ പൊട്ടിവീണത്. ഒരുനിമിഷം, കൊള്ളിയാൻപോലെ. ലോകത്തെയാകെ അമ്പരപ്പിച്ച ഫോട്ടോഫിനിഷിൽ അമേരിക്കയുടെ നോഹ ലൈൽസ് ഒളിമ്പിക്‌സിലെ വേഗക്കാരനായി. പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ അവസാന നിമിഷംവരെ മുന്നിട്ടുനിന്ന ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സനെ പിന്തള്ളിയാണ് ഇരുപത്തേഴുകാരന്റെ ത്രസിപ്പിക്കുന്ന വിജയം. വ്യത്യാസം 0.005 സെക്കൻഡ്. നോഹ 9.784 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ തോംപ്‌സൺ 9.789 സെക്കൻഡിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒളിമ്പിക്‌സ് ചരിത്രത്തിൽ സമാനതകളില്ലാത്ത മിന്നൽ ഫിനിഷ്.
ജീവിതത്തിലെ ഏറ്റവും മികച്ച സമയംകുറിച്ചാണ് നോഹയുടെ കന്നി ഒളിമ്പിക്‌സ് സ്വർണം. നാട്ടുകാരനായ ഫ്രെഡ് കെർലി 9.81 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി. എട്ടുപേർ അണിനിരന്ന ഫൈനലിൽ നോഹ ഏഴാം ട്രാക്കിലായിരുന്നു. കിഷെയ്‌ൻ നാലിലും. വെടിയൊച്ചയ്‌ക്കൊപ്പം കുതിച്ച തോംപ്‌സൺ ആദ്യ 30 മീറ്ററിൽ ലീഡ് പിടിച്ചു. നോഹ ചിത്രത്തിലില്ലായിരുന്നു. അവസാന പത്തു മീറ്ററിലും തോംപ്‌സൺ ലീഡ് തുടർന്നു. വിജയം ഉറപ്പിച്ചുള്ള ഫിനിഷിന് രണ്ടു മീറ്റർമാത്രം ബാക്കിയിരിക്കെ ഏഴാം ട്രാക്കിലൊരു തിരയിളക്കം. തോംപ്‌സനെ അമ്പരപ്പിച്ച് മുമ്പോട്ടൊരു കുതിപ്പ്. ഒന്നാഞ്ഞു എന്നു പറയുന്നതാകും കൂടുതൽ ശരി. മത്സരം കഴിഞ്ഞിട്ടും ആകാംക്ഷയും നാടകീയതയും ബാക്കി. അത്‌ലീറ്റുകൾക്കൊപ്പം സ്‌റ്റേഡിയമാകെ വീർപ്പടക്കിനിന്നു. എല്ലാവരും കൂറ്റൻ സ്‌ക്രീനിലേക്ക് കണ്ണുനട്ടിരുന്നു. തോംപ്‌സനോ നോഹയോ. നിമിഷങ്ങൾ... അവിശ്വസനീയം, ഫോട്ടോഫിനിഷ് വിധിയെഴുതി. നോഹ പുതിയ ചാമ്പ്യൻ. എന്താണ് സംഭവിച്ചതെന്നറിയാതെ തോംപ്‌സൺ മിഴിച്ചുനിൽക്കെ നോഹ ട്രാക്കിൽ ആഘോഷം തുടങ്ങി. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാഴ്‌സൽ ജേക്കബ്‌സ് അഞ്ചാമതായി.
സ്വർണം വന്നത് ഒറ്റച്ചുവടിൽ
മത്സരത്തിൽ ഒരിക്കൽപ്പോലും ലീഡ് ചെയ്യാതിരുന്ന നോഹ ലെയ്‌ൽസ് അവസാനത്തെ ചുവടിലാണ് സ്വർണം റാഞ്ചിയത്. രണ്ടാമതെത്തിയ കിഷെയ്‌ൻ തോംപ്‌സൺമാത്രമല്ല മത്സരം വീക്ഷിച്ച കാണികളെല്ലാം ഞെട്ടിത്തരിച്ചുപോയി.
നോഹ ആദ്യത്തെ 40 മീറ്റർ പിന്നിടുമ്പോൾ അവസാന സ്ഥാനത്തായിരുന്നു. തോംപ്‌സൺ ഒന്നാമത്. 50 മീറ്റർ പിന്നിട്ടപ്പോൾ നോഹ ഏഴാംസ്ഥാനത്തേക്ക് കയറി. 60 മീറ്ററിൽ മൂന്നാംസ്ഥാനത്തേക്ക് കയറി. 70, 80 മീറ്ററുകളിൽ അത് തുടർന്നു. 90 മീറ്ററായപ്പോൾ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു. അവസാന പത്തുമീറ്ററിന്റെ ഭൂരിഭാഗവും പിന്നിൽ നിന്നശേഷമാണ് നോഹയുടെ വിജയക്കുതിപ്പ്. തോംപ്‌സനാകട്ടെ അവസാന 70 മീറ്ററിലും ഒന്നാമതായിരുന്നു.
രണ്ടുപതിറ്റാണ്ടിനുശേഷം അമേരിക്ക
അമേരിക്കൻ താരം ഒളിമ്പിക്‌സിൽ വേഗക്കാരനാകുന്നത് രണ്ടുപതിറ്റാണ്ടിനുശേഷം. 2004 ഏതൻസിൽ ജസ്റ്റിൻ ഗാറ്റ്‌ലിൻ നേടിയ സ്വർണമാണ് അവസാനം. 2008, 2012, 2016 ഒളിമ്പിക്‌സുകളിൽ ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ട് ആധിപത്യമുറപ്പിച്ചു. മൂന്ന് സ്വർണം നേടിയ ഏക അത്‌ലീറ്റാണ്. അമേരിക്കൻ ഇതിഹാസമായ കാൾ ലൂയിസിന് രണ്ട് സ്വർണമേയുള്ളൂ (1984, 1988).
ഒളിമ്പിക്‌സ് ചരിത്രത്തിലെ നൂറു മീറ്ററുകളിൽ 16 സ്വർണവും 15 വെള്ളിയുമടക്കം 40 മെഡലാണ് അമേരിക്കയ്‌ക്ക് സ്വന്തം. ബ്രിട്ടന് നാല് സ്വർണത്തോടെ ഒമ്പത് മെഡൽ. ജമൈക്ക മൂന്ന് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..