മാഡ്രിഡ്
ടെന്നീസിലെ ‘ബിഗ് ത്രീ’ എന്നാണ് റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ജൊകോവിച്ചും അറിയപ്പെട്ടത്. സ്വിറ്റ്‌സർലൻഡുകാരനായ ഫെഡറർ 2022ൽ നാൽപ്പത്തൊന്നാംവയസ്സിൽ കളിക്കളം വിട്ടു. ഇപ്പോൾ നദാലും. ഇനി കളത്തിൽ സെർബിയക്കാരനായ ജൊകോവിച്ചുമാത്രം. രണ്ടുപതിറ്റാണ്ടുകാലം പുരുഷ ടെന്നീസ് മൂവരിലുമായി ചുറ്റിത്തിരിയുകയായിരുന്നു. 2003ൽ ഫെഡറർ വിംബിൾഡൺ നേടിത്തുടങ്ങിയശേഷം 2023 വരെ ഇവരിൽ ഒരാൾ എല്ലാ വർഷവും ഗ്രാൻഡ്‌സ്ലാം കിരീടം നേടിയിട്ടുണ്ട്. 2024ൽ ആർക്കും കിരീടമില്ല. ഇത് 2002നുശേഷം ആദ്യം.
കഴിഞ്ഞ 20 വർഷത്തിനിടെ 84 ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിൽ 66 എണ്ണവും ജയിച്ചത് മൂന്നുപേരിൽ ഒരാളായിരുന്നു. ഗ്രാൻഡ്‌സ്ലാം നേട്ടത്തിൽ ഒന്നാമൻ ജൊകോയാണ്–-24. നദാലിന് 22 കിരീടമുണ്ട്. ഫെഡറർക്ക് 20. ജൊകോയും നദാലും 60 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 31 ജയം ജൊകോയ്‌ക്കും 29 ജയം നദാലിനുമായിരുന്നു. 18 ഗ്രാൻഡ്‌സ്ലാം മത്സരങ്ങളിൽ പതിനൊന്നും നദാൽ ജയിച്ചു. തന്റെ കളിജീവിതത്തിലെ ഏറ്റവും ശക്തനായ എതിരാളി ജൊകോയാണെന്ന് ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഫെഡററുമായി 40 തവണ മുഖാമുഖം വന്നപ്പോൾ 24 ജയം, 16 തോൽവി.
മൂവരും തമ്മിൽ പലതവണ തീപാറുന്ന പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 2008ലെ വിംബിൾഡൺ ഫൈനൽ സവിശേഷമായിരുന്നു. നദാലും ഫെഡററും തമ്മിലുള്ള മത്സരം നാലുമണിക്കൂറും 48 മിനിറ്റും നീണ്ടു. നദാൽ 6–-4, 6–-4, 6–-7, 6–-7, 9–-7ന് ജയിച്ചുകയറി. ടെന്നീസ് ഇതിഹാസം ജോൺ മക്കൻറോ പറഞ്ഞത് ‘എല്ലാ കാലത്തെയും വലിയ പോരാട്ടം’ എന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..