30 October Wednesday

കുതിച്ചു കിവികൾ ; ലോകകപ്പ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

Photo Credit: ICC/Facebook

ചെന്നൈ
ന്യൂസിലൻഡിന്റെ വഴിമുടക്കാൻ അഫ്‌ഗാനിസ്ഥാന്‌ കഴിഞ്ഞില്ല. ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്തെത്തിയ അഫ്‌ഗാനെ പറപ്പിച്ച്‌ കിവികൾ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. 149 റണ്ണിന്റെ കൂറ്റൻ വിജയമാണ്‌ നേടിയത്‌. ഇതോടെ സെമി പ്രതീക്ഷ കിവികൾ സജീവമാക്കി. നാല്‌ കളിയും മികച്ച റൺ നിരക്കോടെ ജയിച്ചു.

ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ ആറിന്‌ 288 റണ്ണടിച്ചുകൂട്ടി. മറുപടിക്കെത്തിയ അഫ്‌ഗാൻ 34.4 ഓവറിൽ 139ന്‌ തീർന്നു. 80 പന്തിൽ 71 റണ്ണെടുത്ത കിവി ബാറ്റർ ഗ്ലെൻ ഫിലിപ്‌സാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. പരിക്കേറ്റ കെയ്‌ൻ വില്യംസണുപകരം ടീമിനെ നയിച്ച ലാതം 68 റണ്ണെടുത്തു. ഓപ്പണർ വിൽ യങ്ങും (54) അരസെഞ്ചുറി നേടി.

ഒരുഘട്ടത്തിൽ അഫ്‌ഗാൻ പ്രതീക്ഷ നൽകിയതാണ്‌. എന്നാൽ, പാഴാക്കിയ ക്യാച്ചുകൾ ഓർത്ത്‌ അവർക്ക്‌ സ്വയം പഴിക്കാം. ന്യൂസിലൻഡ്‌ ബാറ്റർമാർ നൽകിയ ആറ്‌ അവസരങ്ങളാണ്‌ അഫ്‌ഗാൻ ഫീൽഡർമാർ തുലച്ചുകളഞ്ഞത്‌. 22–-ാംഓവറിൽ ന്യൂസിലൻഡ്‌ 4–-110 റണ്ണെന്ന നിലയിലായിരുന്നു. ഫിലിപ്‌സും ലാതവും ചേർന്ന്‌ 144 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി അവരെ കരകയറ്റി.

അഫ്‌ഗാൻ ബാറ്റിങ് നിര പൂർണമായി തകർന്നു. മൂന്നുവീതം വിക്കറ്റുമായി മിച്ചെൽ സാന്റ്‌നെറും ലോക്കി ഫെർഗൂസനും കിവി ബൗളർമാരിൽ തിളങ്ങി. 22ന്‌ ഇന്ത്യയുമായാണ്‌ ന്യൂസിലൻഡിന്റെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top