പുണെ
വിജയക്കൊടുമുടിയിൽ ചുവടുറപ്പിക്കാൻ രോഹിത് ശർമയും പടയാളികളും ഇന്ന് വീണ്ടും കളത്തിൽ. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നാലാംമത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ വിജയത്തുടർച്ചയാണ് ലക്ഷ്യം. സെമിയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്യാം.
ഓസ്‌ട്രേലിയയെയും അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാനെയും നിർവീര്യമാക്കിയാണ് വരവ്. പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ. ബാറ്റിലും പന്തിലും സർവസജ്ജർ. എങ്കിലും അമിതാവേശമില്ല. ബംഗ്ലാദേശിനെ ചെറുതായി കാണുന്നുമില്ല. ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്‌ഗാനും ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സും അട്ടിമറിച്ചതിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനോട് കളിച്ച അവസാന നാല് ഏകദിനത്തിൽ മൂന്നിലും തോറ്റതും മനസ്സിലുണ്ട്. ഏഷ്യാ കപ്പിലും കഴിഞ്ഞ ഡിസംബറിൽ രണ്ടുതവണയും ബംഗ്ലാദേശിനോട് അടിയറവ് പറഞ്ഞു. ആശങ്കകളൊന്നുമില്ല ഇന്ത്യക്ക്. ലോകകപ്പിലെ അരങ്ങേറ്റം ഉജ്വലമാക്കി. മൂന്ന് കളിയിലും സമഗ്രാധിപത്യമായിരുന്നു. മധ്യനിരയിലെ പ്രശ്‌നങ്ങൾ മാറി. ബൗളർമാർ വിക്കറ്റ് കൊയ്‌ത്ത് തുടരുന്നു. ക്യാപ്‌റ്റൻ രോഹിത് പ്രതാപം വീണ്ടെടുത്തിരിക്കുന്നു. വിരാട് കോഹ്‌ലിയും ഫോമിലാണ്.
കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും തിളങ്ങി. പ്രധാന ബാറ്റർമാരെല്ലാം അരസെഞ്ചുറി നേടി. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണർ ശുഭ്‌മാൻ ഗിൽ പാകിസ്ഥാനെതിരെ പതറിയിരുന്നു. ഈ വർഷം ഏകദിനത്തിൽ അഞ്ച് സെഞ്ചുറി അടിച്ച ഗില്ലിന്റെ ബാറ്റ് കൂടി റൺ കണ്ടെത്തിയാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. റണ്ണൊഴുകുന്ന പിച്ചിൽ രോഹിതിന്റെ നേതൃത്വത്തിൽ സിക്‌സറുകൾ പ്രവഹിക്കുമെന്നാണ് പ്രതീക്ഷ.
ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേർന്ന പേസ് സഖ്യവും രവീന്ദ്ര ജഡേജ–-കുൽദീപ് യാദവ് സ്‌പിൻ കൂട്ടുകെട്ടുമാണ് വിജയരസത്തിലെ പ്രധാന ചേരുവ. ഇത്രയും അച്ചടക്കത്തോടെയും കൃത്യതയോടെയും പന്തെറിഞ്ഞ മറ്റൊരു ടീമില്ല. ഇടക്കാല ബൗളർമാരായി ഹാർദിക് പാണ്ഡ്യയും ശാർദുൽ ഠാക്കൂറുമുണ്ട്.
ആദ്യകളിയിൽ അഫ്‌ഗാനെ തകർത്ത ബംഗ്ലാദേശിന് പിന്നീട് തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോറ്റു. പരിക്കിന്റെപിടിയിലായ ക്യാപ്‌റ്റൻ ഷാക്കിബ് അൽ ഹസൻ ഇന്ന് കളിക്കും. പ്രധാന താരങ്ങൾ ഉത്തരവാദിത്വത്തോടെ കളിക്കാത്തതാണ് തലവേദന. പേസർമാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. ബാറ്റിലും പന്തിലും ശോഭിച്ച ഇരുപത്തഞ്ചുകാരൻ മെഹ്‌ദി ഹസൻ മിറാസാണ് ശ്രദ്ധേയ കളിക്കാരൻ.
ഇന്ത്യൻ സാധ്യതാ ടീം
രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, ഹാർദിക് പാണ്ഡ്യ. രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് സാധ്യതാ ടീം
ലിറ്റൺ ദാസ്, തൻസിദ് ഹസൻ, മെഹ്‌ദി ഹസൻ മിറാസ്, നജ്‌മുൾ ഹുസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റൻ), മുഷ്‌ഫിഖർ റഹീം, തൗഹിത് ഹൃദോയ്, മഹമ്മദുള്ള, ടസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുർ റഹ്‌മാൻ, ഷൊറിഫുൾ ഇസ്ലാം.
ആദ്യ പതിനൊന്നിൽ മാറ്റമുണ്ടാകില്ല: മാംബ്രെ
പുണെന്ത്യൻ ടീമിൽ ഇനി മാറ്റങ്ങളുണ്ടാകില്ലെന്ന് ബൗളിങ് പരിശീലകൻ പരസ് മാംബ്രെ. ‘മുഹമ്മദ് ഷമിയും ആർ അശ്വിനും മികച്ച ബൗളർമാരാണ്. എന്നാൽ, സാഹചര്യവും ടീമിന്റെ വിജയഫോർമുലയും അവരെ പുറത്തിരുത്തി. ഇതാണ് ക്രിക്കറ്റ്. ഏത് കളിയിലും ഇത്തരം സന്ദർഭങ്ങളുണ്ടാകും’–-മാംബ്രെ പറഞ്ഞു. വലംകൈയൻ പേസറായ ഷമിക്ക് ലോകകപ്പിൽ ഇതുവരെയും അവസരം കിട്ടിയിട്ടില്ല. ഇന്ത്യക്കായി കളിച്ച അവസാന നാല് ഏകദിനത്തിൽ ഒമ്പത് വിക്കറ്റാണ് മുപ്പത്തിമൂന്നുകാരൻ നേടിയത്. അശ്വിനാകട്ടെ ഓസ്‌ട്രേലിയക്കെതിരായ ആദ്യകളിയിൽ പത്തോവറിൽ 34 റൺ വിട്ടുനൽകി ഒരു വിക്കറ്റും നേടി. എന്നാൽ, പിന്നെ അവസരം കിട്ടിയില്ല.
ഓർമയുണ്ട്, 2007
‘അമിത ആത്മവിശ്വാസമില്ല. ബംഗ്ലാദേശ് മികച്ച ടീമാണ്. അവരെ ബഹുമാനിക്കുന്നു’–-ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് എതിരാളിയുടെ കരുത്തിൽ സംശയം ഒട്ടുമില്ല. 2007 വിൻഡീസ് ലോകകപ്പിൽ ബംഗ്ലാദേശിനോട് അഞ്ച് വിക്കറ്റിന് തോൽക്കുമ്പോൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു ദ്രാവിഡ്. പോർട്ട് ഓഫ് സ്‌പെയ്‌നിലായിരുന്നു മത്സരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 191 റണ്ണിന് കൂടാരം കയറി. ഒമ്പത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ട് ബംഗ്ലാദേശ് അവിസ്‌മരണീയ ജയം സ്വന്തമാക്കി. ഒരു തലമുറയെ പ്രചോദിപ്പിച്ച ജയം.
റണ്ണൊഴുകും, മഴയുടെ ആശങ്ക
മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് കളി. 2012ൽ ഉദ്‌ഘാടനം ചെയ്‌ത സ്‌റ്റേഡിയത്തിൽ ലോകകപ്പ് എത്തുന്നത് ആദ്യം. 2021 മാർച്ചിലായിരുന്നു അവസാന ഏകദിനം . 42,653 പേർക്ക് കളി കാണാം. ബാറ്റർമാരെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചാണ് .ഇന്നലെ വൈകിട്ട് മഴ പെയ്‌തു. പിച്ച് മൂടിയിട്ടുണ്ട്. മഴ കളിയെ ബാധിക്കുമോയെന്നാണ് ആശങ്ക.
മൂന്നിലും ഇന്ത്യ
ബംഗ്ലാദേശിനെതിരെ ലോകകപ്പിൽ ഇന്ത്യക്കാണ് ആധിപത്യം. ആകെ നാല് കളിയിൽ മൂന്നിലും ജയിച്ചു. അവസാന നാല് പതിപ്പിലും ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. 2011ൽ ബംഗ്ലാദേശിലെ ധാക്കയിൽ 87 റണ്ണിനും 2015ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ 109 റണ്ണിനുമായിരുന്നു ഇന്ത്യൻ ജയം. ഏറ്റവും ഒടുവിൽ 2019ൽ ഇംഗ്ലണ്ടിലെ എഡ്‌ജ്‌ബാസ്റ്റണിൽ 28 റണ്ണിനും മറികടന്നു. ബംഗ്ലാദേശിന്റെ വിജയം 2007ലാണ്. വെസ്‌റ്റിൻഡീസിലെ പോർട്ട്‌ഓഫ് സ്‌പെയ്‌നിൽ അഞ്ച് വിക്കറ്റിനാണ് ജയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..