26 December Thursday

വിജയവഴി തേടി 
പാകിസ്ഥാൻ ; ജയം തുടരാൻ ദക്ഷിണാഫ്രിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


ചെന്നൈ
ലോകകപ്പിൽ ഗംഭീരമായി അരങ്ങേറിയശേഷം തുടർതോൽവിയുമായി ആദ്യ നാലിൽനിന്ന്‌ പുറത്തായ പാകിസ്ഥാൻ നിർണായകമത്സരത്തിൽ ഇന്ന്‌ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങും. സെമി പ്രതീക്ഷ നിലനിർത്താൻ പാകിസ്ഥാന്‌ ജയം അനിവാര്യമാണ്‌. നാലു കളിയിൽ മൂന്നിലും തോറ്റ അഫ്‌ഗാൻ പോയിന്റ്‌ പട്ടികയിൽ അവസാന സ്ഥാനത്താണ്‌. ചെന്നൈയിൽ പകൽ രണ്ടിനാണ്‌ മത്സരം.

ക്യാപ്‌റ്റനും പ്രധാന ബാറ്ററുമായ ബാബർ അസമിന്റെ മോശം ഫോമാണ്‌ പാകിസ്ഥാന്റെ പ്രധാന പ്രശ്‌നം. ഇന്ത്യക്കെതിരെമാത്രമാണ്‌ ബാബർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്‌. വിക്കറ്റ്‌കീപ്പർ ബാറ്റർ മുഹമ്മദ്‌ റിസ്വാനാണ്‌ സ്ഥിരതയോടെ കളിക്കുന്നത്‌. ബൗളർമാരിൽ ഷഹീൻ അഫ്രീദി മികച്ചരീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും സഹപേസർ ഹാരിസ്‌ റൗഫിന്റെ മോശം പ്രകടനം തലവേദനയാണ്‌. ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റശേഷം ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയ അഫ്‌ഗാൻ നാലാംമത്സരത്തിൽ ന്യൂസിലൻഡിനോട്‌ തകർന്നടിഞ്ഞു. 149 റണ്ണിന്റെ കനത്ത തോൽവി വഴങ്ങിയ ടീം അവസാന സ്ഥാനത്തായി.

ജയം തുടരാൻ ദക്ഷിണാഫ്രിക്ക
ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 229 റണ്ണിന്‌ തകർത്തെറിഞ്ഞ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ വിജയം ആവർത്തിക്കാൻ ദക്ഷിണാഫ്രിക്ക വീണ്ടും ഇറങ്ങുന്നു. നാല്‌ കളിയിൽ ഒരുജയംമാത്രമുള്ള ബംഗ്ലാദേശാണ്‌ എതിരാളി. ചൊവ്വ പകൽ 2നാണ്‌ മത്സരം.  നെതർലൻഡ്‌സിനോട്‌ 38 റണ്ണിന്റെ അപ്രതീക്ഷിത തോൽവി പിണഞ്ഞത്‌ മാറ്റിനിർത്തിയാൽ എതിരാളികളോട്‌ ഒരു കരുണയും കാണിക്കാത്ത പ്രകടനമാണ്‌ ആഫ്രിക്കക്കാർ പുറത്തെടുത്തത്‌. ശ്രീലങ്കയെ 102 റണ്ണിനും ഓസ്‌ട്രേലിയയെ 134 റണ്ണിനുമാണ്‌ മറികടന്നത്‌. പ്രധാന ബാറ്റർമാരെല്ലാം മികച്ച ഫോമിലാണ്‌. ക്വിന്റൺ ഡി കോക്ക്‌, വാൻഡർ ദുസെൻ, എയ്‌ദെൻ മാർക്രം, ഹെൻറിക്‌ ക്ലാസെൻ എന്നിവരെല്ലാം ടൂർണമെന്റിൽ ഇതിനോടകം സെഞ്ചുറി നേടി.

ഇന്ത്യക്കെതിരെ പുറത്തിരുന്ന ക്യാപ്‌റ്റൻ ഷാക്കിബ്‌ അൽ ഹസ്സൻ തിരിച്ചെത്താൻ സാധ്യതയേറിയത്‌ ബംഗ്ലാദേശിന്റെ ആത്മവിശ്വാസം കൂട്ടും. ബൗളർമാരുടെ മോശം ഫോം തലവേദനയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top