പാരിസ്. അമ്പെയ്‌ത്തിൽ ഒരിക്കൽക്കൂടി ഇന്ത്യ ഒഴിഞ്ഞ കൂടയുമായി മടങ്ങി. ഇക്കുറി മെഡലിന്റെ അരികുവരെ എത്തിയെങ്കിലും സ്വപ്‌നം പൂർത്തിയാക്കാനായില്ല. വനിതാ സിംഗിൾസിൽ ദീപികകുമാരി കൈയിൽ കിട്ടിയ മത്സരം കളഞ്ഞുകുളിച്ചു. ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ നാം സു ഹ്യോ 6–-4ന് ദീപികയെ വീഴ്‌ത്തി.
ആദ്യ മൂന്നുസെറ്റിൽ 2–-1ന് മുന്നിട്ടുനിന്നശേഷമാണ് മത്സരം കൈവിട്ടത്. നാലാംസെറ്റിൽ ആദ്യശ്രമം പത്തു പോയിന്റിൽ എത്തിച്ചെങ്കിലും രണ്ടാമത്തേത് പാളി. ഏഴ് പോയിന്റിലാണ് അമ്പ് തറച്ചത്. 29–-27ന് കൊറിയക്കാരി സെറ്റ് നേടി. നിർണായകമായ അഞ്ചാംസെറ്റിൽ ദീപികയ്‌ക്ക് ഒരിക്കലും പത്തിലേക്ക് തൊടുക്കാനായില്ല. മുപ്പതുകാരി 27–-29ന് സെറ്റും മത്സരവും കൈവിട്ടു. നേരത്തേ ജർമനിയുടെ മിഷേൽ ക്രോപനെ 6–-4ന് മറികടന്നാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. മറ്റൊരു ഇന്ത്യൻ താരം ഭജൻ കൗർ പ്രീക്വാർട്ടറിൽ വീണു. ഇന്തോനേഷ്യയുടെ ദിയാനന്ദ ചൊയ്‌റുനിസയോട് 6–-5നായിരുന്നു തോൽവി. അവസാന രണ്ടുസെറ്റ് തകർപ്പൻ പ്രകടനത്തിലൂടെ സ്വന്തമാക്കി ഭജൻ പ്രതീക്ഷ നൽകിയതാണ്. ഷൂട്ട് ഓഫിൽ പത്തൊമ്പതുകാരിയുടെ അമ്പ് എട്ടിൽ തറച്ചപ്പോൾ എതിരാളി ഒമ്പതിലേക്ക് തൊടുത്ത് മുന്നേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..