പാരിസ്> കളത്തിനകത്തും പുറത്തും സംഘർഷം നിറഞ്ഞ പോരിനൊടുവിൽ ഫ്രാൻസ് മുന്നേറി. ഒളിമ്പിക്‌സ് ഫുട്‌ബോളിലെ വാശിയേറിയ കളിയിൽ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയർ സെമിയിലേക്ക് മാർച്ച് ചെയ്‌തു. മുതിർന്ന താരം ജീൻ ഫിലിപ്പെ മറ്റേറ്റയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. കളിയവസാനം മൈക്കേൽ ഒലീസെ ലീഡ് ഉയർത്തിയെങ്കിലും ‘വാർ’ നിഷേധിച്ചു. പത്തു മഞ്ഞക്കാർഡും ഒരു ചുവപ്പുകാർഡുമാണ് റഫറി വീശിയത്. മത്സരത്തിനുശേഷം ഫ്രഞ്ച് മധ്യനിരക്കാരൻ എൻസോ മിലിയറ്റാണ് ചുവപ്പ് കിട്ടി പുറത്തായത്. നാളെ നടക്കുന്ന സെമിയിൽ ഈജിപ്‌താണ് എതിരാളി. രാത്രി 12.30നാണ് കളി. ആദ്യസെമിയിൽ രാത്രി ഒമ്പതരയ്‌ക്ക് സ്‌പെയ്‌ൻ മൊറോക്കോയെ നേരിടും.
ആറുവർഷമായി തുടരുന്ന ഫ്രാൻസ്–-അർജന്റീന വൈരത്തിന്റെ തുടർച്ചയായിരുന്നു ബോർഡോക്‌സ് സ്‌റ്റേഡിയത്തിലും. 2018, 2022 ലോകകപ്പുകളിൽ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. 2018 പ്രീക്വാർട്ടറിൽ അന്ന് ചാമ്പ്യൻമാരായ ഫ്രാൻസ് 4–-3ന് ലയണൽ മെസിയെയും സംഘത്തെയും തകർത്തുവിട്ടു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ഷൂട്ടൗട്ടിൽ 4–-2ന് ജയം സ്വന്തമാക്കി.
ഒളിന്പിക്-സ് ക്വാര്‍ട്ടറില്‍ ഒലീസെയുടെ കോർണറിൽ തലവച്ച് അഞ്ചാംമിനിറ്റൽ മറ്റേറ്റ ഫ്രാൻസിനെ മുന്നിലെത്തിച്ചു. കളിയവസാനം താരങ്ങൾ തമ്മിൽ കൈയേറ്റത്തിലേക്ക് നീങ്ങി. ഫ്രഞ്ച് കോച്ചായ മുൻതാരം തിയറി ഹെൻറിയും അർജന്റീനയുടെ പരിശീലകനും മുൻ താരവുമായ ഹാവിയർ മഷെരാനോയും തമ്മിൽ വാക്കേറ്റം നടന്നു. ഗ്യാലറിയിലും ഇരുടീമുകളുടെയും ആരാധകർ തമ്മിൽ സംഘർഷശ്രമമുണ്ടായി. ഫ്രഞ്ച് പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് അർജന്റീന ആരാധകർ സ്‌റ്റേഡിയം വിട്ടത്. 1984നുശേഷം ആദ്യ സ്വർണമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്. അർജന്റീനയാകട്ടെ ഇറ്റലിക്കുശേഷം ലോക–-ഒളിമ്പിക് ചാമ്പ്യൻമാരാകുന്ന ആദ്യസംഘമാകാനുള്ള ശ്രമത്തിലായിരുന്നു. ഷൂട്ടൗട്ടിൽ പരാഗ്വേയെ 5–-4ന് മറികടന്നാണ് ഈജിപ്‌ത് സെമിയിലേക്ക് കുതിച്ചത്. സ്‌കോർ 1–-1 ആയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..