22 December Sunday

കനകം തൊടാൻ കാത്തിരിപ്പ്: ഒളിമ്പിക്‌‌സ്‌ ഹോക്കി സെമിയിൽ ഇന്ത്യയ്ക്ക് തോൽവി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പുരുഷ ഹോക്കി സെമിയിൽ ജർമനി വിജയഗോൾ നേടിയപ്പോൾ ഇന്ത്യൻ താരങ്ങളുടെ നിരാശ

പാരിസ്‌ > ഇന്ത്യ ഇനിയും കാത്തിരിക്കണം. 44 വർഷത്തെ ഇടവേളയ്‌ക്കുശേഷം ഒളിമ്പിക്‌‌സ്‌ പുരുഷ ഹോക്കി ഫൈനലിൽ എത്താമെന്ന മോഹം പൊലിഞ്ഞു. തുടർച്ചയായി രണ്ടാംതവണയും സെമിയിൽ പുറത്തായി. അതിവേഗ ഹോക്കിയുമായി മുന്നേറിയ ജർമനി 3–-2ന്‌ കീഴടക്കി. ഫൈനലിൽ നെതർലൻഡ്‌സാണ്‌ ജർമനിയുടെ എതിരാളി. ഇന്ത്യ നാളെ വെങ്കലമത്സരത്തിൽ സ്‌പെയ്‌നിനെ നേരിടും. സെമിയിൽ നെതർലൻഡ്‌സ്‌ നാല്‌ ഗോളിന്‌ സ്‌പെയ്‌നിനെ തോൽപ്പിച്ചു. നാളെ രാത്രി 10.30നാണ്‌ ഫൈനൽ. വെങ്കലമത്സരം വൈകിട്ട്‌ 5.30ന്‌.
കഴിഞ്ഞതവണ ടോക്യോയിൽ ജർമനിയെ 5–-4ന്‌ തോൽപ്പിച്ചാണ്‌ ഇന്ത്യ വെങ്കലം നേടിയത്‌. മൂന്നുവർഷം മുമ്പത്തെ തോൽവിക്ക്‌ ജർമനി പകരംവീട്ടി.

ഹർമൻ പ്രീത്‌ സിങ് ഏഴാംമിനിറ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ചതാണ്‌. ബൊൺസാലോ പെല്ലറ്റ്‌ സമനില നേടി. ക്രിസ്‌റ്റഫർ റൂഹറിന്റെ പെനൽറ്റി സ്‌ട്രോക്കിലൂടെ ജർമനി മുന്നിലെത്തി. സുഖ്‌ജീത്‌ സിങ്‌ ഇന്ത്യയെ ഒപ്പമെത്തിച്ചു. അവസാന ക്വാർട്ടറിൽ ജർമനി പൊരുതിക്കയറി. രണ്ട്‌ മിനിറ്റിൽ മൂന്ന്‌ രക്ഷപ്പെടുത്തലുമായി ശ്രീജേഷ്‌ പ്രതിരോധിച്ചു. ഗോൾവരയിൽനിന്ന്‌ സഞ്‌ജയ്‌ പന്ത്‌ തട്ടിയകറ്റി. എന്നാൽ, അനിവാര്യമായ ദുരന്തം തടയാനായില്ല. കളി അവസാനിക്കാൻ ആറ്‌ മിനിറ്റുള്ളപ്പോൾ മാർകോ മിൽറ്റ്‌കാവു വിജയഗോളൊരുക്കി. അവസാനനിമിഷം ഗോളിയെ പിൻവലിച്ച്‌ ഇന്ത്യ രണ്ടുംകൽപ്പിച്ച്‌ പൊരുതിയെങ്കിലും ഗോളടിക്കാനായില്ല.
അടുത്ത മത്സരത്തോടെ വിരമിക്കുന്ന ശ്രീജേഷ്‌, ആറ്‌ രക്ഷപ്പെടുത്തലുകൾ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top