27 December Friday

മനസ്സിലുള്ളത്‌ 
ഒളിമ്പിക്‌സ്‌: അനിൽകുമാർ പറയുന്നു...

അജിൻ ജി രാജ്‌Updated: Sunday Jul 21, 2024

കൊച്ചി
ഗോൾകീപ്പറായിരുന്നു പി അനിൽകുമാർ. കേരളത്തിന്റെ ജൂനിയർ ടീമുകളുടെയും എംജി സർവകലാശാലയുടെയും കാവൽക്കാരൻ. പിന്നീട്‌ നാവികസേനയിലെത്തി. അവിടെയും കളി തുടർന്നു. രാജ്യത്തിനൊപ്പം സർവീസസിന്റെ ഗോൾവല കാക്കുന്ന ചുമതലയും നിർവഹിച്ചു.

കളിയും ജോലിയും മതിയാക്കിയശേഷം ഫുട്‌ബോൾ പഠിക്കാനിറങ്ങി. പരിശീലനം, മാനേജ്‌മെന്റ്‌, സംഘാടനം, ആരോഗ്യം തുടങ്ങി കളിയുടെ വിവിധ മേഖലകളിൽ ആഴത്തിലുള്ള അറിവ്‌ നേടി. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പരിശീലകനുള്ള സി ലൈസൻസ്‌, ഗോൾകീപ്പർ പരിശീലകനുള്ള ലെവൽ 1, ജർമൻ ഫുട്‌ബോൾ ഫെഡറേഷന്റെ കീഴിൽ യുവേഫയുടെ ബി ലൈസൻസ്‌, സ്‌പോർട്‌സ്‌ മെഡിസിനിൽ ഡിപ്ലോമ, എഐഎഫ്‌എഫ്‌ മാച്ച്‌ കമീഷണർ... ഫുട്‌ബോൾ സംബന്ധമായ സർവതലത്തിലും കൈവച്ചു. ഈ അനുഭവസമ്പത്താണ് അമ്പത്തൊന്നുകാരന്റെ കരുത്ത്. 13 വർഷമായി കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്‌. ഭാര്യ: ജാൻസി. മക്കൾ അരവിന്ദും അപർണയും. 


അച്ചടക്കമുള്ള സംഘാടനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തുടർച്ചയാണ്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ സ്ഥാനം. പുതിയ പദവിയെക്കുറിച്ചും ഭാവി പദ്ധതികളെപ്പറ്റിയും 
അനിൽകുമാർ സംസാരിക്കുന്നു...

പുതിയ ഉത്തരവാദിത്വം?

വലിയ അംഗീകാരമാണിത്‌. സന്തോഷം. ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്‌. കൂട്ടായ്‌മയോടെ മുന്നോട്ടുപോകും. സമ്മർദങ്ങളെ അതിജീവിക്കും. ഇന്ത്യൻ ഫുട്‌ബോളിന്റെ മുന്നേറ്റത്തിന്‌ എന്തെല്ലാം ചെയ്യണം, അതെല്ലാം ചെയ്യും. എല്ലാം വളരെ പോസിറ്റീവായി കാണുന്നു.

ഭാവിപദ്ധതികൾ 
എന്തൊക്കെ?


അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മത്സരനടത്തിപ്പ്‌ ചെയർമാനായിരുന്നു. അതാണ്‌ ദേശീയതലത്തിലെ സംഘാടനപരിചയം. പുതിയ പദവി അങ്ങനെയല്ല. ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്‌. നല്ലതും മോശവുമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കണം. രണ്ടുമാസംകൊണ്ട്‌ ഒരു രൂപമുണ്ടാക്കി ഭാവിപ്രവർത്തനത്തിനായി വിശാലമായ പദ്ധതി കമ്മിറ്റിക്കുമുന്നിൽ സമർപ്പിക്കും.

എഐഎഫ്‌എഫിന്റെ 
വിഷൻ 2047?

എല്ലാം വിശദമായി പഠിച്ചശേഷം പുനഃപരിശോധിക്കും. മാറ്റേണ്ട നയങ്ങൾ മാറ്റും. ഇത്തരം കാര്യങ്ങൾക്കുമാത്രമായി പുതിയ ഒരു ‘സ്ട്രാറ്റജിസ്റ്റി’നെ നിയമിക്കും. കളിക്കാർ, പരിശീലകർ, റഫറിമാർ, സ്‌പോൺസർമാർ, മാധ്യമപ്രവർത്തകർ, ആരാധകർ തുടങ്ങി ഫുട്‌ബോളുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാവരുമായും കൂടിയാലോചിച്ചാകും പുതിയ പദ്ധതി ആവിഷ്‌കരിക്കുക.

പ്രധാന ലക്ഷ്യം എന്ത്‌?
2036 ഒളിമ്പിക്‌സിനായി ഇന്ത്യ ശ്രമിക്കുന്ന കാര്യം അറിയാമല്ലോ. ഇത്‌ മുന്നിൽ കണ്ട്‌ പ്രവർത്തിക്കും. ഒളിമ്പിക്‌സിന്‌ ഇന്ത്യ വേദിയാവുകയാണെങ്കിൽ ഫുട്‌ബോളിൽ നമുക്ക്‌ ആതിഥേയരെന്ന നിലയിൽ നേരിട്ട്‌ യോഗ്യത ലഭിക്കും. മികച്ച ടീമിനെ ഒരുക്കണം. അതിനായി ഇപ്പോൾത്തന്നെ തയ്യാറെടുപ്പ്‌ ആരംഭിക്കണം. അണ്ടർ 17, 19, 21 ദേശീയ ടീമുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവർക്ക്‌ മികച്ച സൗകര്യങ്ങളൊരുക്കും.

കേരളത്തിന്‌ എന്തൊക്കെ?
പതിമൂന്നുവർഷമായി കേരള ഫുട്‌ബോളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. പുതിയ സ്ഥാനം ഒരിക്കലും ഇവിടെ ഒതുക്കാനാകില്ല. എന്നാൽ, ഒന്നുറപ്പ്‌ തരാം. കേരള ഫുട്‌ബോളിനെ അതിന്റെ ശക്തിക്കും ശേഷിക്കും അനുസരിച്ച്‌ ഉപയോഗിക്കും. ഇവിടെമാത്രമല്ല നമ്മുടെ പവർഹൗസുകളായ ബംഗാൾ, ഗോവ, പഞ്ചാബ്‌ എന്നിവിടങ്ങളിലും ഇത്തരത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടത്തും. ഈ സംസ്ഥാനങ്ങൾക്ക്‌ മുമ്പെന്നപോലെ രാജ്യത്തിന്റെ ഫുട്ബോൾ വളർച്ചയിൽ വിലയേറിയ സംഭാവന നൽകാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top