05 November Tuesday

പുതുതലമുറയ്‌ക്ക്‌ 
പ്രചോദനം: ഒളിമ്പ്യൻ പി ആർ ശ്രീജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

കേരളത്തിന്റെ കായിക കൗമാരം ഒറ്റക്കുടക്കീഴിൽ അണിനിരക്കുന്നു. ഒളിമ്പിക്‌സ്‌ മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസ്‌ ഇനങ്ങളും ആദ്യമായി ഒറ്റ നഗരത്തിലാണ്‌. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ചരിത്രപരമായ തീരുമാനം കുട്ടികൾക്ക്‌ എത്രമാത്രം ഗുണകരമാകുമെന്ന്‌ കായികരംഗത്തെ പ്രമുഖർ വിലയിരുത്തുന്നു...


വരുന്ന തലമുറയ്‌ക്ക്‌ ഒളിമ്പിക്‌സിലേക്ക്‌ എത്താനും അവിടെ മെഡൽ നേടാനുള്ള പരിശീലനം കൊടുക്കാനുമാണ്‌ നമ്മൾ ഇത്തരമൊരു ആശയം നടപ്പാക്കുന്നത്‌. ഇത്‌ ഒത്തൊരുമയുടെ സന്ദേശംകൂടിയാണ്‌.

എല്ലാവരും ഒത്തുചേരുക എന്നുപറയുന്നതുതന്നെ വലിയ കാര്യമാണ്‌. വളർന്നുവരുന്ന തലമുറയ്‌ക്ക്‌ ഇത്‌ വലിയ പ്രചോദനമാകും. കുട്ടിക്കാലത്തുതന്നെ ഒളിമ്പിക്‌സ്‌ എന്താണെന്ന്‌ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക കൂടിയാണ്‌ ഇതുവഴി. കുട്ടികൾക്ക്‌ ഇത്‌ വലിയ ആവേശമാകുമെന്ന കാര്യം തീർച്ച.


നല്ല കാര്യം, അഭിനന്ദനം
(ദ്രോണാചാര്യ കെ പി തോമസ്‌)


എല്ലാ ഗെയിംസും ഒന്നിച്ചുവരുന്നത്‌ നല്ല കാര്യമാണ്‌. അതുമാത്രല്ല, ഈ വർഷം കായികമേളയ്‌ക്ക്‌ രാജ്യത്തിന്‌ പുറത്തുനിന്നുള്ള കുട്ടികൾ വരുന്നുണ്ട്‌. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്‌ പ്രത്യേക മത്സരമുണ്ട്‌. ഈ രീതി നല്ലതാണ്‌. മാത്രമല്ല, ചെലവും കുറയും. ഈ വർഷം കായികമേള കാണാൻ വരുന്നില്ല. 44 വർഷങ്ങൾക്കുശേഷമാണ്‌ സംസ്ഥാന സ്‌കൂൾ കായികമേളയിൽ വരാതിരിക്കുന്നത്‌.

നല്ല ആശയത്തിന്‌ 
കൈയടി
(ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ്‌)


വളരെ നല്ലൊരു ആശയമാണ്‌. കേരളത്തിൽ മറ്റൊരു കായിക ഇനത്തിനും ഇല്ലാത്ത പ്രാധാന്യം അത്‌ലറ്റിക്‌സിന്‌ ലഭിക്കുന്നുണ്ട്‌. അത്‌ലറ്റിക്‌സിന്റെ കൂടെ നടക്കുമ്പോൾ അതേ പ്രാധാന്യം മറ്റു ഗെയിമുകൾക്കും കിട്ടും. കേരളത്തിൽ വലിയ വേരോട്ടമില്ലാത്ത ഹോക്കിയിൽനിന്നാണ്‌ ശ്രീജേഷ്‌ വന്നത്‌. അതുപോലെ നമുക്ക്‌ വോളിബോൾ ഉണ്ട്‌. ബാസ്‌കറ്റ്‌ബോളിൽ നല്ല കുട്ടികളുണ്ട്‌. പുതിയ രീതിയിലുള്ള സ്‌കൂൾ കായികമേള ജനകീയമായി കഴിയുമ്പോൾ അത്‌ലറ്റിക്‌സ്‌ പോലെതന്നെ മറ്റു ഗെയിമുകൾക്കും ഈ സ്വീകാര്യത കൈവരും.

അങ്ങനെ വരുമ്പോൾ രക്ഷിതാക്കൾക്കും താൽപ്പര്യമുണ്ടാകും. കായികരംഗത്ത്‌ കേരളം പിന്നോട്ടുനിൽക്കുന്ന ഒരു കാലമാണ്‌. കേരളത്തിന്‌ തിരിച്ചുവരാനുള്ള അവസരംകൂടിയാണ്‌ ഈ മേള.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top