22 December Sunday

ഉള്ളിലുണ്ട്
മുഴക്കം; കളിയെക്കുറിച്ച്‌ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പാരിസ്‌> മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ സന്തോഷത്തിന്‌ അതിരില്ല. ഒളിമ്പിക്‌സോടെ വിരമിക്കൽ പ്രഖ്യാപിച്ചതാണ്‌. മത്സരശേഷം തകർപ്പൻ കളിയെക്കുറിച്ച്‌ സംസാരിച്ചു. വിജയംവന്ന വഴിയും അടുത്ത രണ്ടു കളിയും വിശദീകരിച്ചു. ആത്മവിശ്വാസച്ചിറകിൽ പറക്കുകയാണ്‌ മുപ്പത്താറുകാരൻ.

കളി എങ്ങനെ വിലയിരുത്തുന്നു?  
മികച്ച പ്രകടനത്തോടെ സെമിയിലേക്ക്‌ മുന്നേറാനായി. സ്‌റ്റേഡിയത്തിൽ നല്ല പിന്തുണയായിരുന്നു. ഹോക്കിയിൽ എപ്പോഴും അങ്ങനെയാണ്‌. നല്ല കളിക്ക്‌ നല്ല പിന്തുണ കിട്ടും.  ‘ശ്രീജേഷ്‌... ശ്രീജേഷ്‌...’ വിളി മുഴങ്ങിക്കേട്ടു. ആദ്യം മനസ്സിലായില്ല. പിന്നെയാണ്‌ എന്റെ പേര്‌ വിളിക്കുകയാണെന്ന്‌ മനസ്സിലായത്‌. കുട്ടിക്കാലത്ത്‌ ‘സച്ചിൻ... സച്ചിൻ...’ വിളികേട്ടാണ്‌ വളർന്നത്‌. അതുപോലെ ആ വിളികേട്ട്‌ മൈതാനത്ത്‌ നിൽക്കുമ്പോൾ അഭിമാനം തോന്നി.

പത്തുപേരായി ചുരുങ്ങിയത്‌?
പത്തുപേരായി ചുരുങ്ങിയത്‌ നല്ല സമ്മർദമുണ്ടാക്കി. ഒരാൾ കുറയുന്നത്‌ കളത്തിൽ ഉണ്ടാക്കുന്ന മാറ്റം ചെറുതല്ലല്ലോ. പക്ഷേ, ഓരോ രക്ഷപ്പെടുത്തലും ആത്മവിശ്വാസം കൂട്ടുകയാണ്‌ ചെയ്‌തത്‌. തളർച്ച ഉണ്ടായതേയില്ല.

ഷൂട്ടൗട്ടിലെ വിജയം?
ടീമിന്‌ എന്നെ നല്ല വിശ്വാസമായിരുന്നു. എനിക്ക്‌ എന്നിലും നല്ല വിശ്വാസം. അതായിരുന്നു കൈമുതൽ. ഷൂട്ടൗട്ടിൽ കളിക്കാർ ഗോളടിക്കുന്നത്‌ കണ്ടപ്പോൾ ആശ്വാസമായി. അത്‌ ആത്മവിശ്വാസം ഉയർത്തി.

ജയം എത്രത്തോളം നിർണായകം?
മത്സരത്തിനുമുമ്പ്‌ ഞാനൊന്ന്‌ മൈതാനത്ത്‌ കറങ്ങി. ഒരുപക്ഷേ, ഇതെന്റെ അവസാനത്തെ മത്സരമാകാം. അല്ലെങ്കിൽ രണ്ടു കളികൂടി. ഒരുനിമിഷം മോഹൻലാലിന്റെ സിനിമാഡയലോഗ്‌ ഓർമവന്നു. ‘എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?’ രണ്ടും കൽപ്പിച്ചൊരു കളിയാണ്‌ മനസ്സിലുണ്ടായിരുന്നത്‌. അത്‌ സാധിച്ചു. കളി കഴിഞ്ഞപ്പോൾ മനസ്സിലായി, എന്നെ കൊന്നില്ല.

സെമി, ഫൈനൽ?
ഇനി രണ്ടു കളി ബാക്കിയുണ്ട്‌. അത്‌ അടിപൊളിയാക്കണം. ഏറ്റവും മികച്ച കളിതന്നെ പുറത്തെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top