കാവൽക്കാരൻ കവചങ്ങൾ അഴിക്കുകയാണ്. പാരിസ് അവസാന അങ്കക്കളമാണ്. വീഴ്‌ചയുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും രണ്ടു പതിറ്റാണ്ട്. നാലാം ഒളിമ്പിക്‌സിനാണ് കച്ചകെട്ടുന്നത്. ഈ നേട്ടമുള്ള അഞ്ചാമത്തെ ഇന്ത്യൻതാരം. ഏക ഗോൾകീപ്പറും. പതിവുപോലെ കൃത്യമായ പദ്ധതികളും തന്ത്രങ്ങളുമായാണ് ഇത്തവണയും എത്തുന്നത്. പാരിസ് പ്രതീക്ഷകളെക്കുറിച്ച് പി ആർ ശ്രീജേഷ് മനസ്സ് തുറക്കുന്നു...
പാരിസ് മനസ്സിലുറപ്പിച്ചത്
ഈ ഒളിമ്പിക്‌സ് കളിക്കണമെന്ന് ദൃഢനിശ്ചയം ചെയ്‌തതാണ്. അല്ലെങ്കിൽ മൂന്നുവർഷംമുമ്പേ വിരമിക്കുമായിരുന്നു. 36–-ാം വയസ്സിലും ഇന്ത്യൻടീമിലെ ഗോൾകീപ്പറാകണമെങ്കിൽ യുവതാരങ്ങൾക്കൊപ്പം മത്സരിക്കണം. മനസ്സും ശരീരവും അവരെപ്പോലെയാകണം. ടോക്യോ ചരിത്രമായിരിക്കുന്നു. ഇത്തവണ അതിലും വലുത് പ്രതീക്ഷിച്ചാണ് വരവ്.
നാലാം ഒളിമ്പിക്‌സെന്ന അപൂർവനേട്ടം
ആവേശമുണ്ടാക്കുന്ന കാര്യമാണത്. എന്തെന്നാൽ വിരലിൽ എണ്ണാവുന്നവർമാത്രമാണ് ഇന്ത്യക്കായി നാല് ഒളിമ്പിക്‌സ് കളിച്ചത്. അതിലെ ഏക ഗോൾകീപ്പറാണ് ഞാൻ. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ്. മികച്ച പ്രകടനം നടത്താനും ടീമിന്റെ മുന്നേറ്റത്തിൽ സീനിയർ എന്ന നിലയിൽ സഹായിക്കാനും ചുമതലയുണ്ട്.
ഗോൾകീപ്പർ ഒരു വീഞ്ഞ്
ഞാനെപ്പോഴും പറയും, ഗോൾകീപ്പർമാർ ഒരു വീഞ്ഞുപോലെയാണെന്ന്. പഴുകുംതോറും വീര്യം കൂടും. സ്വന്തം അനുഭവത്തിൽ 25 വയസ്സ് കഴിഞ്ഞപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. രാജ്യത്തിനായി 100 മത്സരം കളിച്ചാൽ നമ്മൾ പാകപ്പെടും. സ്വാഭാവികമായി എല്ലാം പഠിക്കും, തെറ്റ് തിരുത്തും.
ത്യാഗങ്ങൾ നേട്ടങ്ങൾക്ക്
ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായി 19 വർഷം തുടരാൻ പല ത്യാഗങ്ങളും സഹിച്ചു. ഒന്നിനെപ്പറ്റിയും പശ്ചാത്താപമില്ല. സന്തോഷംമാത്രമാണ്. എന്റെ കുട്ടികൾ എന്നെപ്പറ്റി അഭിമാനിക്കുന്നു. രാജ്യത്തിനായി എന്തുചെയ്‌തു എന്നവർ തിരിച്ചറിയുന്നു. അതിൽപ്പരം എന്തുവേണം.
പിൻഗാമികൾ
കൃഷൻ പഥകും സുരാജ് കർകേറയുമാണ് രണ്ടും മൂന്നും നമ്പർ ഗോൾകീപ്പർമാർ. മികവുറ്റ താരങ്ങളാണ്. 2016 മുതൽ ടീമിനൊപ്പം എന്റെ കീഴിലുണ്ട്. ഇന്ത്യൻഹോക്കിയുടെ ഭാവി ഇവരിൽ ഭദ്രമാണ്.
നാല് ഒളിമ്പിക്‌സ്, 328 കളികൾ
പി ആർ ശ്രീജേഷ്
പ്രായം 36 വയസ്സ്
ഉയരം ആറ് അടി,
ഭാരം 90 കിലോ
ഇന്ത്യൻ ജൂനിയർ ടീം
(2004–-2006)
ഇന്ത്യൻ സീനിയർ ടീം
(2006–-2024)
4 നാല് ഒളിമ്പിക്‌സ്
(2012 ലണ്ടൻ, 2016 റിയോ, 2020 ടോക്യോ, 2024 പാരിസ്)
3 കോമൺവെൽത്ത് ഗെയിംസ് (2014 വെള്ളി, 2022 വെള്ളി)
4 ഹോക്കി ലോകകപ്പ്
(2010, 2014, 2018, 2023)
3 ഏഷ്യൻ ഗെയിംസ് (2014 സ്വർണം, 2018 വെങ്കലം, 2022 സ്വർണം)
5 ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി (2011, 2016, 2018, 2023 സ്വർണം, 2012 വെള്ളി)
2 മികച്ച ലോക ഹോക്കി ഗോൾകീപ്പർ (2021, 2022)
പുരസ്‌കാരങ്ങൾ ഖേൽരത്ന (2021), പത്മശ്രീ 2017, അർജുന (2015).
ഇന്ത്യൻ
കോച്ചായേക്കും
ഒളിമ്പിക്‌സോടെ വിരമിക്കുന്ന പി ആർ ശ്രീജേഷ് ഇന്ത്യൻ കോച്ചായേക്കും. ഒളിമ്പിക്‌സിനുശേഷം ഗോൾകീപ്പിങ് കോച്ചായി നിയമിതനാകാനാണ് സാധ്യത. നിലവിലെ മുഖ്യകോച്ച് ക്രെയ്‌ഗ് ഫുൾട്ടന് ശ്രീജേഷ് സഹപരിശീലകനായി എത്തുന്നതിൽ താൽപ്പര്യമുണ്ട്.
കളിക്കാരന്റെ കുപ്പായം അഴിച്ചാൽ കോച്ചാകാൻ താൽപ്പര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നു. തന്റെ അനുഭവസമ്പത്ത് പുതിയ തലമുറയ്‌ക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കരുതുന്നു. വിരമിക്കൽ അറിയിച്ചുള്ള കുറിപ്പിൽ പുതിയ റോളിൽ കാണാമെന്ന പരോക്ഷപരാമർശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..