22 November Friday
2016 ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാപ്റ്റൻ , ജീവിതയാത്രയിൽ അച്ഛൻ രവീന്ദ്രൻ നിർണായകമായി

ചോരാത്ത കൈകൾ ഇടറാത്ത കാവൽ ; കേരളം ഇന്ത്യക്ക് സമ്മാനിച്ച ഇതിഹാസം

സ്‌പോർട്‌സ്‌ ലേഖകൻUpdated: Tuesday Jul 23, 2024


കൊച്ചി
കളമൊഴിയുന്നത്‌ ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്‌. പി ആർ ശ്രീജേഷ്‌ ഗോൾകീപ്പറായി ഇന്ത്യൻ കുപ്പായത്തിൽ രണ്ടുപതിറ്റാണ്ട്‌ പിന്നിടുന്നുവെന്നത്‌ അദ്ദേഹത്തിന്റെ കളിമികവിനും ശാരീരികക്ഷമതയ്‌ക്കുമുള്ള അംഗീകാരമാണ്‌. കേരളംപോലെ ഹോക്കിക്ക്‌ അത്ര സ്വാധീനമില്ലാത്ത നാട്ടിൽനിന്നെത്തി ഇത്രയുംകാലം ദേശീയ ടീമിനായി കളിക്കാൻ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. കേരളത്തിന്റെ കായികചരിത്രത്തിൽ സമാനതകളില്ലാത്ത കളിക്കാരനെന്ന്‌ നിസ്സംശയം പറയാം. ആ അർഥത്തിൽ കേരളം ഇന്ത്യക്ക്‌ സമ്മാനിച്ച ‘ഇന്റർനാഷണൽ’.

നിരവധി രാജ്യാന്തര മത്സരങ്ങളിൽ ചോരാത്ത കൈകളായിരുന്നു. ഏറ്റവും ഒടുവിൽ ഒളിമ്പിക്‌സ്‌ വെങ്കലം കൊണ്ടുവന്നതടക്കം എത്രയെത്ര ഉദാഹരണങ്ങൾ.
ജർമനിക്കെതിരായ ലൂസേഴ്‌സ്‌ ഫൈനലിൽ അവസാനനിമിഷം ഗോളെന്നുറച്ച ഷോട്ടുകൾ തട്ടിത്തെറിപ്പിച്ചാണ്‌ വിജയമൊരുക്കിയത്‌. 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ ഇന്ത്യക്ക്‌ ഹോക്കിയിൽ മെഡൽ കിട്ടിയത്‌. പാകിസ്ഥാനെതിരെ രണ്ടുതവണ അവിസ്‌മരണീയജയം കൊണ്ടുവന്നിട്ടുണ്ട്‌. 2011ൽ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ രണ്ട്‌ പെനൽറ്റി സ്‌ട്രോക്കുകൾ രക്ഷപ്പെടുത്തി. 2014 ഏഷ്യൻ ഗെയിംസിലും സമാനപ്രകടനമുണ്ടായി. 2014, 2018 ചാമ്പ്യൻസ്‌ ട്രോഫികളിൽ മികച്ച ഗോളിയായി തെരഞ്ഞെടുത്തു.

എറണാകുളം കിഴക്കമ്പലത്തുനിന്നാണ്‌ രാജ്യന്തര ഹോക്കിയുടെ നെറുകയിലേക്ക്‌ കുതിച്ചത്‌. അത്‌ലറ്റിക്‌സിലും വോളിബോളിലും ബാസ്‌കറ്റ്‌ബോളിലുമായിരുന്നു കുട്ടിക്കാലം. അഭിരുചി തിരിച്ചറിഞ്ഞ അധ്യാപകർ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ്‌ സ്‌കൂളിലേക്ക്‌ അയച്ചത്‌ കളിജീവിതത്തിൽ നിർണായകമായി. ഹോക്കി സ്റ്റിക്ക്‌ ആദ്യമായി തൊടുന്നതുപോലും അവിടെവച്ചായിരുന്നു. എട്ടാം ക്ലാസുകാരന്റെ ആവേശവും ഊർജവും കണ്ട്‌ പരിശീലകൻ ജയകുമാർ ഗോൾകീപ്പറാകാൻ പറഞ്ഞു. പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

കുടുംബമായിരുന്നു എന്നും കരുത്ത്‌. കൃഷിക്കാരനായിരുന്ന അച്ഛൻ പി വി രവീന്ദ്രൻ എന്നും മകന്റെ ആഗ്രഹങ്ങൾക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ പശുവിനെ വിറ്റാണ്‌ മകന്‌ ഗോൾകീപ്പിങ് കിറ്റ്‌ വാങ്ങിക്കൊടുത്തത്‌.

2003ൽ ദേശീയ ജൂനിയർ ക്യാമ്പിലെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. രണ്ടുവർഷം അണ്ടർ 21 ടീമിലുണ്ടായിരുന്നു. ആത്മസമർപ്പണവും കഠിനാധ്വാനവും സീനിയർ കുപ്പായം കൊണ്ടുവന്നു. പിന്നീട്‌ 18 വർഷം അത്‌ അഴിച്ചുവയ്‌ക്കാൻ അവസരം നൽകിയില്ല. ആദ്യ ഒളിമ്പിക്‌സ്‌ 2012ൽ ലണ്ടനിലായിരുന്നു. അന്ന്‌ എല്ലാ കളിയും തോറ്റു. ഇരുപത്തിനാലുകാരനായ തനിക്ക്‌ അന്ന്‌ കണ്ടതെല്ലാം അത്ഭുതമായിരുന്നുവെന്ന്‌ ഒരിക്കൽ ശ്രീജേഷ്‌ പറഞ്ഞിട്ടുണ്ട്‌.

2016 റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ക്യാപ്‌റ്റനായാണ്‌ തിരിച്ചുവരവ്‌. അന്ന്‌ ക്വാർട്ടർ ഫൈനലിൽ കീഴടങ്ങി. ഇന്ത്യൻ ഹോക്കിയുടെ സുവർണകാലം വീണ്ടെടുക്കാനുള്ള ദൗത്യത്തിൽ നായകനായി. രാജ്യാന്തര ടൂർണമെന്റുകളിൽ വിജയത്തിന്റെ പതാകവാഹകനായി. ഒറ്റയ്‌ക്ക്‌ ജയിപ്പിച്ച എത്രയെത്ര കളികൾ. അതിനെല്ലാമുള്ള അംഗീകാരമാണ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന നിലവിലെ ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങിന്റെ വാക്കുകൾ.

സ്വർണവുമായി 
വരട്ടെയെന്ന്‌ കുടുംബം
പാരിസിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണം നേടണമെന്നാണ്‌ ആഗ്രഹമെന്ന്‌ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ കുടുംബം പറഞ്ഞു. ഇന്ത്യക്കായി രണ്ടുപതിറ്റാണ്ട്‌ കളിക്കാനായതിൽ അഭിമാനമുണ്ടെന്ന്‌ അച്ഛൻ പി വി രവീന്ദ്രനും അമ്മ ഉഷയും പറഞ്ഞു. നാല്‌ ഒളിമ്പിക്‌സ്‌ ഗോളിയായി കളിക്കാൻ സാധിക്കുന്നത്‌ ചെറിയ കാര്യമല്ല. അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.

വിരമിക്കൽ പ്രഖ്യാപനം ശരിയായ സമയത്താണെന്ന്‌ ഭാര്യ അനീഷ്യ പറഞ്ഞു. ഒരു കളിക്കാരന്റെ ജീവിതത്തിൽ അതെന്നായാലും വേണ്ടിവരും. സ്വർണനേട്ടത്തോടെ കളംവിടാനായാൽ അതിൽപ്പരമൊരു സന്തോഷം വേറെയുണ്ടാകില്ലെന്നും അനീഷ്യ പറഞ്ഞു. മക്കളായ അനുശ്രീയും ശ്രീആൻഷും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top