പാരിസ്
ഒളിമ്പിക്‌സ് സെമിഫൈനൽ തോൽവിക്കുപിന്നാലെ ഹോക്കിയിൽ ഇന്ത്യ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനിറങ്ങുന്നു. മുൻ നായകനും മുതിർന്ന താരവുമായ ഗോളി പി ആർ ശ്രീജേഷിനെ വെങ്കലമെഡലോടെ യാത്രയാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്ന് ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 5.30ന് സ്‌പെയ്‌നുമായാണ് മത്സരം. സെമിയിൽ ഇന്ത്യ ജർമനിയോട് 3–-2ന് പൊരുതിവീണപ്പോൾ സ്‌പെയ്‌ൻ നെതർലൻഡ്‌സിനോട് എതിരില്ലാത്ത നാല് ഗോളിന് തകർന്നു.
ഒളിമ്പിക്‌സ് ഹോക്കിയിൽ 13–-ാംമെഡൽ ലക്ഷ്യമിടുന്ന ഇന്ത്യ കഴിഞ്ഞതവണ ടോക്യോയിലും സെമിയിൽ വീഴുകയായിരുന്നു. ജർമനിയെ തോൽപ്പിച്ചായിരുന്നു വെങ്കലം. ഇതുവരെ എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ നേടി. ക്വാർട്ടറിൽ ഷൂട്ടൗട്ടടക്കം 12 രക്ഷപ്പെടുത്തലുമായി ടീമിനെ മുന്നോട്ടുനയിച്ച ശ്രീജേഷ് സെമിയിലും തിളങ്ങി. ശ്രീജേഷിന്റെ പ്രകടനം ടീമിന് നിർണായകമാണ്. എട്ട് ഗോൾ നേടിയ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങും മികച്ച ഫോമിലാണ്. ക്വാർട്ടറിൽ ചുവപ്പ് കാർഡ് കണ്ട് സസ്‌പെൻഷനിലായിരുന്ന പ്രതിരോധതാരം അമിത് രോഹിതാസ് ഇന്ത്യൻ നിരയിൽ തിരിച്ചെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..