19 September Thursday

ശ്രീജേഷിന് ആവേശ സ്വീകരണം

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024

പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന് 
ഡൽഹി വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ് /ഫോട്ടോ: പി വി സുജിത്ത്


ന്യൂഡൽഹി
പാരിസ്‌ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ദേശീയ ഹോക്കി ടീം അംഗങ്ങൾക്കും മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനും ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ആവേശകരമായ വരവേൽപ്‌. അഭിഷേക്, അമിത് രോഹിദാസ്, സഞ്ജയ്, സുമിത്‌ വാൽമീകി തുടങ്ങിയവർക്കൊപ്പമായിരുന്നു ശ്രീജേഷിന്റെ മടക്കം.

ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്‌ ഉൾപ്പെടെയുള്ള കളിക്കാർ ശനിയാഴ്‌ച മടങ്ങിയെത്തിയിരുന്നു. ശ്രീജേഷിനെയും സംഘത്തെയും കാത്ത്‌ നൂറുകണക്കിന്‌ ആരാധകരാണ്‌ രാവിലെ വിമാനത്താവളത്തിൽ നിലയുറപ്പിച്ചത്‌. വിമാനം ഡൽഹിയിൽ ഇറങ്ങിയതിനുപിന്നാലെ വാദ്യമേളങ്ങളും നൃത്തവുമായി ആരാധകർ വളഞ്ഞു. തുടർന്ന്‌ താരങ്ങളെ പൊലീസ് വിമാനത്താവളത്തിനകത്തേക്ക് മാറ്റി. പിന്നീട്‌ കനത്ത സുരക്ഷയിൽ പുറത്തിറങ്ങിയ ടീമംഗങ്ങൾ മെഡൽ നേട്ടത്തിലെ സന്തോഷം മാധ്യമങ്ങളോട്‌ പങ്കുവച്ചു. ശ്രീജേഷാണ്‌ മെഡൽനേട്ടത്തിന്റെ പ്രധാന ശിൽപ്പിയെന്നായിരുന്നു സുമിത്‌ വാൽമീകിയുടെ പ്രതികരണം. സ്‌പെയ്‌നിനെ 2–-1 തോൽപ്പിച്ചായിരുന്നു തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സ്‌ വെങ്കലം ഇന്ത്യ നേടിയത്‌. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായത്‌.

17ന് കൊച്ചിയിൽ എത്തും ; വരവേൽക്കാൻ നാടൊരുങ്ങി
ഒളിമ്പിക്സ്‌ ഹോക്കിയിൽ വെങ്കലനേട്ടത്തോടെ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ പി ആർ ശ്രീജേഷിന് സ്വീകരണമൊരുക്കാൻ നാടൊരുങ്ങി. കേരള ഒളിമ്പിക്സ് അസോസിയേഷൻ, കേരള ഹോക്കി അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ എന്നിവ ചേർന്നാണ് സ്വീകരണം ഒരുക്കുന്നത്‌. പാരിസിൽനിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശ്രീജേഷും സംഘവും സ്വാതന്ത്ര്യദിനാഘോഷവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും കഴിഞ്ഞ്‌ 17ന്‌ നെടുമ്പാശേരിയിൽ വിമാനമിറങ്ങും. 

മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കായികപ്രേമികളും ചേർന്ന്‌ സ്വീകരിക്കും. സംസ്ഥാന–-ജില്ലാ ഹോക്കി താരങ്ങൾ ചേർന്ന്‌ ഹോക്കിസ്‌റ്റിക്കുകൊണ്ട്‌ സ്‌നേഹമതിൽ തീർക്കും. തുടർന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്നവാഹനത്തിൽ ആനയിക്കും. യുസി കോളേജ്‌ ഓഡിറ്റോറിയത്തിലെ സ്വീകരണച്ചടങ്ങിൽ കടവന്ത്ര റീജണൽ സ്പോർട്സ് കൗൺസിലിന്റെ അഞ്ചുലക്ഷം രൂപ ശ്രീജേഷിന്‌ സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top