കൊച്ചി
ഇന്ത്യൻ ഹോക്കിയുടെ വൻമതിലിനു മുന്നിൽ കേരളം സ്‌നേഹമതിൽ തീർത്തു. ഒളിമ്പിക് മെഡലുമായി തിരിച്ചെത്തിയ പി ആർ ശ്രീജേഷിന് ജന്മനാടിന്റെ ഹൃദയംതൊട്ട സ്വീകരണം.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയോടെയാണ് പ്രിയതാരം പറന്നിറങ്ങിയത്. ആ മുഖം കണ്ടതോടെ ആവേശം വാനം തൊട്ടു. വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ ഹോക്കി സ്‌റ്റിക്കുയർത്തി അഭിവാദ്യമേകി. അതിനുള്ളിലൂടെ ശ്രീജേഷ് നടന്നടുത്തപ്പോൾ കാതടപ്പിക്കുന്ന കരഘോഷങ്ങളുയർന്നു. ചിത്രങ്ങളും പ്ലക്കാർഡുകളുമുയർത്തി ജയ്‌വിളിച്ചു. തുറന്ന വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്ന് വെങ്കല മെഡൽ ഉയർത്തി കാട്ടി. ആരാധകർ ത്രസിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ സ്വീകരണമേറ്റുവാങ്ങി സ്വന്തം കലാലയമായ ആലുവ യുസി കോളേജിലേക്ക്. സ്വീകരിക്കാൻ ഗുരുനാഥരും സഹപാഠികളും സുഹൃത്തുക്കളും കോളേജിലെ യുവതാരങ്ങളും. ഉജ്വല സ്വീകരണമേറ്റുവാങ്ങിയ ശേഷം ജന്മനാടായ കിഴക്കമ്പലത്തേക്ക്. പാതകൾക്ക് ഇരുവശവും കാണാനും സ്വീകരിക്കാനും നിരവധിപേർ. കിഴക്കമ്പലം കല ഓഡിറ്റോറിയത്തിൽ സ്വീകരണം. തുടർന്ന് വീട്ടിലേക്ക്. കുടുംബത്തെ ചേർത്തുപിടിച്ചു. എല്ലാമിഴികളിലും അഭിമാനത്തിളക്കം. ശ്രീജേഷ് പറഞ്ഞു ‘24 വർഷം നീണ്ട യാത്രയിൽ കരുത്തായി ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി’.
മന്ത്രി പി രാജീവ് വസതിയിലെത്തി ശ്രീജേഷിന് ഉപഹാരം സമ്മാനിച്ചു. കലക്ടർ എൻ എസ് കെ ഉമേഷ്, എംഎൽഎമാരായ പി വി ശ്രീനിജിൻ, അൻവർ സാദത്ത്, റോജി എം ജോൺ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ, സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി, വെെസ് പ്രസിഡന്റ് എം ആർ രഞ്‌ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
‘പരിശീലകനായും
മെഡൽ സമ്മാനിക്കും’
പരിശീലകനായി രാജ്യത്തിന് ഒളിമ്പിക്‌സ് മെഡൽ സമ്മാനിക്കുമെന്ന് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. ഇനിയൊരു സ്വീകരണം അപ്പോഴായിരിക്കും. ഒളിമ്പിക്‌സ് സ്വർണം ഭാവിയിൽ നേടാനുള്ള തരത്തിൽ താരങ്ങളെ വാർത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഓരോ മെഡലുകളും സ്വപ്‌നംകാണാൻ പഠിപ്പിക്കും. കളിക്കാരനെന്നനിലയിൽ എന്ത് ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. പരിശീലകനാകാൻ മാറ്റം അനിവാര്യമാണ്. ഇനിയുള്ള മൂന്നുമാസം അതിനുള്ള തയ്യാറെടുപ്പാണ്.
പന്ത്രണ്ടാം വയസ്സിൽ ജി വി രാജയിലേക്ക് പോകുമ്പോൾ എന്ത് കളിക്കണമെന്ന് അറിയില്ലായിരുന്നു. 24 വർഷത്തിനുശേഷം കളിക്കാരനെന്ന നിലയിലുള്ള ജീവിതം അവസാനിപ്പിച്ച് തിരികെയെത്തുമ്പോൾ ലോകകപ്പ് മെഡൽ ഒഴികെയുള്ളതെല്ലാം എന്റെ ഷെൽഫിലുണ്ട്. കിഴക്കമ്പലത്തുനിന്നുമുള്ള എനിക്കത് സാധിച്ചെങ്കിൽ ഏത് കുട്ടിക്കും അതിന് കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..