തിരുവനന്തപുരം
ഒളിമ്പിക്‌സിൽ തുടർച്ചയായ രണ്ടാം വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിനെ ഇന്ന് അനുമോദിക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ പാരിതോഷികവും വിതരണം ചെയ്യും. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും. വൈകിട്ട് 3.30ന് മാനവീയം വീഥിയുടെ പരിസരത്തുനിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.
പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അനസ്, എച്ച് എസ് പ്രണോയ്, മുഹമ്മദ് അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ താരങ്ങൾക്കും അത്‌ലറ്റിക്‌സ് ചീഫ് കോച്ച് പി രാധാകൃഷ്‌ണൻനായർക്കും പ്രഖ്യാപിച്ച പാരിതോഷികവും സമ്മാനിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പി യു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്ക് പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്‌റ്റന്റ് സ്‌പോർട്സ് ഓർഗനൈസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..