മസ്‌കത്ത്
കളിക്കാരന്റെ അതേ ആവേശത്തിലാണ് പി ആർ ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം പരിശീലകനായും തിളങ്ങുന്നു. ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ കോച്ചായി ചുമതലയേറ്റശേഷമുള്ള രണ്ട് ടൂർണമെന്റുകളിലും നേട്ടമുണ്ടാക്കി. മലേഷ്യയിൽ നടന്ന ജോഹർകപ്പിലെ വെങ്കലനേട്ടമാണ് ആദ്യത്തേത്. ഒടുവിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഏഷ്യൻ ജൂനിയർ ഹോക്കി കിരീടം. ഫൈനലിൽ പാകിസ്ഥാനെ 5–-3ന് കീഴടക്കിയ ഇന്ത്യ അഞ്ചാംതവണയാണ് ജേതാക്കളാകുന്നത്; തുടർച്ചയായി മൂന്നാംതവണയും. അടുത്ത വർഷത്തെ ജൂനിയർ ലോകകപ്പിനും യോഗ്യത നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായ അരെയ്‌ജിത്ത് സിങ് ഹുൻഡൽ ഫൈനലിൽ നാല് ഗോളടിച്ചു. ദിൽരാജ് സിങ്ങിന്റേതാണ് അഞ്ചാംഗോൾ.
ഇന്ത്യ ആറുകളിയിൽ 46 ഗോളടിച്ചു. വഴങ്ങിയത് ഏഴെണ്ണം. കളിക്കാർക്ക് ഹോക്കി ഇന്ത്യ രണ്ട് ലക്ഷംരൂപവീതം പാരിതോഷികം പ്രഖ്യാപിച്ചു. പരിശീലകസംഘത്തിന് ഓരോ ലക്ഷംവീതവും. ക്രിക്കറ്റിലെ രാഹുൽ ദ്രാവിഡിനെപ്പോലെയാകാനാണ് ആഗ്രഹമെന്ന് മുമ്പൊരു അഭിമുഖത്തിൽ ശ്രീജേഷ് പറഞ്ഞിരുന്നു. കളിക്കാരനായും ക്യാപ്‌റ്റനായും തിളങ്ങിയ ദ്രാവിഡ് ജൂനിയർ ടീമിനെ പരിശീലിപ്പിച്ചാണ് തുടങ്ങിയത്. പിന്നീട് സീനിയർ ടീമിന് ലോകകപ്പ് നേടിക്കൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..