27 September Friday

ഉഷയ്‌ക്കെതിരെ കലാപം ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ ഭിന്നത തുടരുന്നു

സ്വന്തം ലേഖകൻUpdated: Friday Sep 27, 2024



ന്യൂഡൽഹി
ഇന്ത്യൻ ഒളിമ്പിക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി ടി ഉഷയ്‌ക്കെതിരെ കലാപവുമായി എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ. പാരിസ്‌ ഒളിമ്പിക്‌സിൽ ചട്ടവിരുദ്ധമായി അധിക പണം ചെലവഴിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട അംഗങ്ങൾ ഇന്നലെ ചേർന്ന യോഗം അലങ്കോലമാക്കി. അസോസിയേഷൻ സിഇഒ ആയി ഉഷയുടെ നോമിനി രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കുന്നതിനായാണ്‌ യോഗം വിളിച്ചത്‌. എന്നാൽ, ഉന്നയിച്ച 14 വിഷയങ്ങളിൽ ചർച്ച വേണമെന്ന്‌ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഉഷ നിരാകരിച്ചു. രഘുറാം അയ്യരുടെ നിയമനം അംഗീകരിക്കില്ലെന്നും പകരം സിഇഒ സ്ഥാനത്തേക്ക്‌ പുതിയ അപേക്ഷ ക്ഷണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത്‌ ശക്തമായ വാഗ്വാദത്തിനും ബഹളത്തിനും വഴിവച്ചതോടെ യോഗം പിരിച്ചുവിട്ടതായി ഉഷ പ്രഖ്യാപിച്ചു. പ്രസിഡന്റ്‌ ഹാൾ വിട്ടുവെങ്കിലും 12 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ സമാന്തരയോഗം ചേർന്നു. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾക്കെതിരെ ഉഷ നൽകിയ ഭീഷണിസ്വരമുള്ള കത്തുകൾ ചർച്ച ചെയ്യണമെന്നും പാരിസ്‌ ഒളിമ്പിക്‌സ്‌ പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും  തിരുകിക്കയറ്റിയെന്നുമാണ്‌ പ്രധാന ആരോപണങ്ങൾ.

ഒളിമ്പിക്‌സിന്‌ അധിക പണം ചെലവഴിച്ചത്‌, സ്‌പോൺസർഷിപ്, പ്രസിഡന്റ്‌ പാരിസിൽ ആഡംബരമുറിയിൽ താമസിച്ചത്‌ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു.  പ്രസിഡന്റ്‌ പദവിയുടെ അധികാരങ്ങൾ നിർവചിക്കണമെന്നും മാധ്യമങ്ങൾക്ക്‌ വിവരം ചോർത്തുന്നത്‌ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്‌. ഉഷയുടെ അടുപ്പക്കാർക്ക്‌ ഒളിമ്പിക്‌സ്‌ ഭവനിൽ അനധികൃതമായി പാസ്‌ നൽകിയെന്നും പ്രധാന ആരോപണമാണ്‌. സീനിയർ വൈസ്‌ പ്രസിഡന്റുമാരായ അജയ്‌ എച്ച്‌ പട്ടേൽ, രാജലക്ഷ്‌മി സിങ്‌ ദേവ്‌, ഗഗൻ നാരങ്ക്‌, ട്രഷറർ സഹ്‌ദേവ്‌ യാദവ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ കല്യാൺ ചൗബെ, അളകനന്ദ അശോക്‌ തുടങ്ങി 12 ഭാരവഹികളാണ്‌ ഉഷയ്‌ക്കെതിരെ രംഗത്തുള്ളത്‌. മുൻ ഗുസ്--തി താരം യോഗേശ്വർ ദത്ത്, അമ്പെയ--്ത്ത് താരം ഡോള ബാനർജി എന്നിവരും ഈ കൂട്ടത്തിലുണ്ട്. എന്നാൽ, ഇവർ ഭരണഘടനവിരുദ്ധമായി സ്ഥാനം വഹിക്കുന്നതിനെതിരെ നിലപാട്‌ സ്വീകരിച്ചത്‌ പ്രകോപനമെന്നാണ്‌ ഉഷയോട്‌ അടുത്തവൃത്തങ്ങൾ പ്രതികരിച്ചത്‌.

കഴിഞ്ഞവർഷം തന്റെയോ ജനറൽബോഡിയുടെയോ അറിവില്ലാതെ തയ്‌ക്ക്വൊണ്ടോ ഫെഡറേഷന്‌ അംഗീകാരം നൽകിയത്‌ ചട്ടവിരുദ്ധമാണെന്ന്‌ കാട്ടി ഉഷ കല്യാൺ ചൗബെയ്‌ക്ക്‌ ബുധനാഴ്‌ച കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നു. ഏഴുദിവസത്തിനകം മറുപടി നൽകണമെന്നാണ്‌ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top