പാരിസ്
പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് ഫൈനലിൽ എത്താനായില്ല. ഹീറ്റ്‌സിലെ ആദ്യ മൂന്നുസ്ഥാനക്കാർക്കാണ് യോഗ്യത. ഇന്ത്യ നാലാമതായി. 0.32 സെക്കൻഡിലാണ് മൂന്നാംസ്ഥാനം നഷ്ടമായത്. മലയാളികളായ മുഹമ്മദ് അനസ് യഹിയ, വി മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, തമിഴ്‌നാട്ടുകാരൻ രാജേഷ് രമേഷ് എന്നിവരാണ് അണിനിരന്നത്. മൂന്നു മിനിറ്റ് 0.58 സെക്കൻഡിലാണ് ഫിനിഷ്. മത്സരം പൂർത്തിയായപ്പോൾ അഞ്ചാംസ്ഥാനമായിരുന്നു. എന്നാൽ, രണ്ടാമതെത്തിയ നൈജീരിയയെ അയോഗ്യരാക്കിയപ്പോൾ ഇന്ത്യ നാലാംസ്ഥാനത്തേക്ക് ഉയർന്നു. ആദ്യ മൂന്ന് സ്ഥാനക്കാർക്കായിരുന്നു ഫൈനലിലേക്ക് യോഗ്യത. ഫ്രാൻസ് രണ്ട് മിനിറ്റ് 59.53 സെക്കൻഡിൽ ഒന്നാമത്. ബൽജിയം രണ്ട് മിനിറ്റ് 59.84 സെക്കൻഡിൽ രണ്ടാമത്. ഇറ്റലി മൂന്നുമിനിറ്റ് 0.26 സെക്കൻഡിൽ മൂന്നാംസ്ഥാനത്ത്. ഇന്ത്യ 0.32 സെക്കൻഡിലാണ് നാലാമതായത്. ആദ്യ ലാപ് ഓടിയത് മുഹമ്മദ് അനസാണ് (45.80). എട്ടാമതായാണ് ബാറ്റൺ കൈമാറിയത്. അജ്‌മൽ ഏഴാംസ്ഥാത്തേക്ക് കയറി (44.60). അമോജാണ് കുതിപ്പ് നടത്തിയത്. നാലംസ്ഥാനത്തേക്ക് മുന്നേറിയ അമോജ് അഞ്ചാമതായി ബാറ്റൺ കൊടുത്തു. അവസാനലാപിൽ രാജേഷിന് മാറ്റമുണ്ടാക്കാനായില്ല.
മത്സരത്തിനിടെ നൈജീരിയൻ താരത്തിന്റെ ഇടപെടലിൽ ദക്ഷിണാഫ്രിക്കയുടെ അത്‌ലീറ്റ് ട്രാക്കിൽ വീണു. അതാണ് നൈജീരിയക്ക് അയോഗ്യത വന്നത്. വനിതകൾ മൂന്നു മിനിറ്റ് 32.51 സെക്കൻഡിൽ അവസാനസ്ഥാനത്തായി. വിത്യ രാമരാജ്, ജ്യോതിക ശ്രീനന്ദി, എം ആർ പൂവമ്മ, ശുഭ വെങ്കിടേശൻ എന്നിവർ അണിനിരന്നു. എട്ടു ടീമുകളുടെ ഹീറ്റ്‌സിൽ ജമൈക്ക ഒന്നാമതായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..