08 September Sunday

കാത്തിരുന്ന ദിവസമെത്തി ; ഇതാ ഈഫൽ 
 കളിമുറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

പാരിസ്‌
കാത്തിരുന്ന ദിവസമെത്തി. കളം നിറയുന്നു. ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ സ്വപ്‌നങ്ങളുടെ പറുദീസയായ പാരിസിലെത്തി. ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനച്ചടങ്ങുകൾക്കുമുമ്പേ ഫുട്‌ബോളും ഹാൻഡ്‌ബോളും റഗ്‌ബിയും അമ്പെയ്‌ത്തും തുടങ്ങി. ഇന്ന്‌ ഉദ്‌ഘാടനച്ചടങ്ങുകൾമാത്രം. ഇന്ത്യൻ സമയം രാത്രി 11ന്‌ തുടങ്ങുന്ന പരിപാടികൾ പുലരുംവരെ നീളും. നാളെമുതൽ ഒട്ടുമിക്ക കളിക്കളങ്ങളും ഉണരും. അത്‌ലറ്റിക്‌സിലെ ത്രസിപ്പിക്കുന്ന മത്സരങ്ങൾ ആഗസ്‌ത്‌ ഒന്നിന്‌ തുടങ്ങും.

ഉദ്‌ഘാടനച്ചടങ്ങിന്റെ മുഖ്യ ആകർഷണം സെൻ നദിയിലൂടെയുള്ള അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്റ്റാണ്‌. ഏകദേശം 7000 അത്‌ലീറ്റുകൾ 160 കൂറ്റൻ ബോട്ടുകളിൽ നദിയിലൂടെ സഞ്ചരിച്ചശേഷമാകും ഉദ്‌ഘാടനം. സ്‌റ്റേഡിയത്തിൽ നടക്കാറുള്ള അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്‌റ്റ്‌ പാരിസ്‌ നഗരത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ നടക്കുന്നുവെന്നതാണ്‌ സവിശേഷത. ആറു കിലോമീറ്ററാണ്‌ അത്‌ലീറ്റുകളുടെ യാത്ര. ഓസ്റ്റർ ലിറ്റ്‌സ്‌ പാലത്തിനടുത്തുനിന്ന്‌ തുടങ്ങുന്ന ‘ബോട്ട്‌മാർച്ച്‌’ ഈഫൽ ഗോപുരത്തിന്‌ അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ സ്‌ക്വയറിൽ അവസാനിക്കും. ഇവിടെയാണ്‌ അത്‌ലീറ്റുകളുടെ സംഗമം. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോ ൺ ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിക്കും. നൂറോളം ലോകനേതാക്കൾ പങ്കെടുക്കും. കാഴ്‌ചക്കാർക്ക്‌ വിരുന്നൊരുക്കുന്ന നൃത്ത–-സംഗീത പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. ഫ്രഞ്ച്‌ കലയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ദൃശ്യമേളമാകും ഒരുക്കുക.

ഒളിമ്പിക്‌സ്‌ ദീപം കൊളുത്തുന്നത്‌ ആരെന്ന്‌ ഇപ്പോഴും വ്യക്തമല്ല. മൂന്ന്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ അത്‌ലീറ്റ്‌ മേരി ജോസ്‌ പെരകിന്റെയും ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പേരുകളാണ്‌ സജീവം. സമാപനച്ചടങ്ങും അത്‌ലറ്റിക്‌സും പാരിസിലെ സ്റ്റാഡ്‌ ഡി ഫ്രാൻസ്‌ സ്‌റ്റേഡിയത്തിലാണ്‌. 80,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top