23 December Monday

ഒറ്റപ്പോയിന്റിൽ 
സ്വർണബാസ്‌കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

image credit paris olympics facebook

പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സിന്റെ അവസാനദിവസം തുടങ്ങുമ്പോൾ 39 സ്വർണമടക്കം 90 മെഡലുമായി ചൈനയായിരുന്നു ഒന്നാമത്‌. തൊട്ടുപിന്നിൽ 38 സ്വർണവുമായി അമേരിക്ക. വെള്ളി, വെങ്കലം മെഡലുകൾ ചൈനയേക്കാൾ കൂടുതലുണ്ടായിരുന്ന അമേരിക്കയ്‌ക്ക്‌ ഗുസ്‌തി, വനിതാ വോളിബോൾ, സൈക്ലിങ്‌, വനിതാ ബാസ്‌കറ്റ്‌ ബോൾ ഇനങ്ങളിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്നു. ചൈനയ്‌ക്ക്‌ വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിൽമാത്രമായിരുന്നു സ്വർണപ്പോര്‌. 

ഭാരോദ്വഹനത്തിൽ ഒന്നാമതെത്തി ലി വേൻ ചൈനയുടെ സ്വർണനേട്ടം 40 ആക്കി ഉയർത്തി. വനിതകളുടെ 76 കിലോ ഫ്രീസ്റ്റൈൽ ഗുസ്‌തി ഫൈനലിൽ അമേരിക്കയുടെ അലക്‌സിസ്‌ ബ്ലേഡ്‌സ്‌ കെന്നഡി ജപ്പാന്റെ യുക കഗാമിയോട്‌ തോറ്റു. മൂന്ന്‌ ഫൈനൽ അവശേഷിച്ച അമേരിക്കയ്‌ക്ക്‌ കിരീടത്തിലേക്ക്‌ രണ്ട്‌ സ്വർണത്തിന്റെ ദൂരം. വനിതാ വോളി ഫൈനലിൽ ഇറ്റലിയോട്‌ നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയതോടെ അമേരിക്ക നടുങ്ങി. അവശേഷിച്ച സൈക്ലിങ്‌, വനിതാ ബാസ്‌കറ്റ്‌ബോൾ എന്നിവയിൽ സ്വർണം നേടിയാൽമാത്രം ഒളിമ്പിക്‌ ചാമ്പ്യൻ. വനിതകളുടെ സൈക്ലിങ്ങിൽ സ്വർണം നേടിയ ജെന്നിഫർ വാലന്റ്‌ അമേരിക്കയുടെ ആയുസ്‌  ബാസ്‌കറ്റ്‌ബോളിലേക്ക്‌ നീട്ടി. 

നിർണായകപോരിൽ ആതിഥേയരായ ഫ്രാൻസായിരുന്നു എതിരാളികൾ. തുടർച്ചയായ എട്ടാംകിരീടം തേടിയിറങ്ങിയ അമേരിക്കയെ ഫ്രാൻസ്‌ കീഴടക്കുമെന്ന്‌ തോന്നി. അവസാന വിസിൽവരെ ഉദ്വേഗം നിറഞ്ഞ പോരിനൊടുവിൽ സ്‌കോർ ബോർഡിൽ തെളിഞ്ഞു. അമേരിക്ക –-67, ഫ്രാൻസ്‌ –-66. 

ശനിയാഴ്‌ച അർധരാത്രി നടന്ന വനിതകളുടെയും പുരുഷന്മാരുടെയും 4 x 400 മീറ്റർ റിലേയും കിരീടപ്പോരിൽ നിർണായകമായി. ഇരുമത്സരങ്ങളിലും സ്വർണം നേടിയതോടെയാണ്‌ അമേരിക്ക ജീവൻ നീട്ടിയെടുത്തത്‌. ശനിയാഴ്‌ച അർധരാത്രി നടന്ന വനിതകളുടെ 75 കിലോ ബോക്‌സിങ്ങിൽ ലി ക്വിൻ ചൈനയ്ക്കായി സ്വർണം നേടിയിരുന്നു. ഡൈവിങ്‌ (എട്ട്‌ സ്വർണം), ഷൂട്ടിങ്‌ (അഞ്ച്‌ സ്വർണം), ടേബിൾ ടെന്നീസ്‌ (അഞ്ച്‌ സ്വർണം), ഭാരോദ്വഹനം (അഞ്ച്‌ സ്വർണം) ഇനങ്ങളിലായിരുന്നു ചൈനീസ്‌ മുന്നേറ്റം. അത്‌ലറ്റിക്‌സിലൂടെയും (14 സ്വർണം) നീന്തലിലൂടെയും (8 സ്വർണം) ആയിരുന്നു അമേരിക്കയുടെ മറുപടി.

ആവേശം, നാടകീയം
ഒളിമ്പിക്‌സ്‌ കിരീടത്തിന്‌ അമേരിക്ക അവരുടെ പുരുഷ, വനിതാ ബാസ്‌കറ്റ്‌ബോൾ ടീമിനോട്‌ കടപ്പെട്ടിരിക്കും. ഇരുവിഭാഗത്തിലും  സ്വർണം. ഇരു ഫൈനലിലും ആതിഥേയരായ ഫ്രാൻസിനെയാണ്‌ മറികടന്നത്‌. പാരിസ്‌ ഒളിമ്പിക്‌സിലെ അവസാന ഇനമായ വനിതാ ബാസ്‌കറ്റ്‌ബോളിൽ ഒരു പോയിന്റിനാണ്‌ ഫ്രാൻസിനെ വീഴ്‌ത്തിയത്‌. സ്‌കോർ: 67–-66. തുടർച്ചയായ എട്ടാംതവണയാണ്‌ നേട്ടം. ആവേശകരമായ പോരിൽ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു (25–-25). ഇഞ്ചോടിഞ്ച്‌ പോരാട്ടം കണ്ട മൂന്നാം ക്വാർട്ടറിൽ 18–-20ന്‌ ഫ്രാൻസ്‌ പിന്നിൽപ്പോയി. രണ്ട്‌ പോയിന്റിന്റെ ലീഡുമായി അവസാന ക്വാർട്ടറിൽ ഇറങ്ങിയ അമേരിക്കയെ ആതിഥേയർ 23–-22ന്‌ മറികടന്നെങ്കിലും ഒരു പോയിന്റകലെ വീണു.

പുരുഷന്മാരുടെ ബാസ്‌കറ്റ്‌ബോളിലും അമേരിക്കയാണ്‌ സ്വർണമണിഞ്ഞത്‌. തുടർച്ചയായ അഞ്ചാംതവണയാണ്‌ നേട്ടം. ആതിഥേയരായ ഫ്രാൻസിനെ 98–-87ന്‌ മറികടന്നു. എൻബിഎ സൂപ്പർതാരങ്ങളായ ലെബ്രോൺ ജയിംസ്‌, സ്റ്റീഫൻ കറി എന്നിവരടങ്ങിയ അമേരിക്കയ്‌ക്കെതിരെ ഫ്രാൻസ്‌  പൊരുതിത്തോൽക്കുകയായിരുന്നു. മുപ്പത്തൊമ്പതുകാരനായ ലെബ്രോൺ ജയിംസിന്‌ ഒളിമ്പിക്‌സിൽ ഇതോടെ മൂന്ന്‌ സ്വർണവും ഒരു വെങ്കലമെഡലും ലഭിച്ചു. 2004 ഏഥൻസ്‌ ഒളിമ്പിക്‌സിൽ വെങ്കലത്തോടെ അരങ്ങേറിയ ജയിംസ്‌ 2008, 2012 വർഷങ്ങളിൽ സ്വർണമണിഞ്ഞ ടീമിലും ഉൾപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top