22 December Sunday
അമേരിക്ക ഒന്നാമത് , ചെെന രണ്ടാമത്

ഒളിമ്പിക്സ് ത്രില്ലർ ; പാരിസ് ഒളിമ്പിക്സിന് തിരശ്ശീല , ഇനി ലൊസ് ആഞ്ചലസിൽ കാണാം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

     

പാരിസ്‌
ട്വന്റി 20 ക്രിക്കറ്റുപോലെ ആവേശംനിറഞ്ഞ  ത്രില്ലറിനൊടുവിൽ അമേരിക്ക  ഒളിമ്പിക്‌സിൽ ഒന്നാംസ്ഥാനം നിലനിർത്തി. ചൈന രണ്ടാമതായി. ഇരുടീമുകൾക്കും 40 വീതം സ്വർണം. എന്നാൽ, ആകെ മെഡൽ നേട്ടത്തിൽ അമേരിക്ക മുന്നിൽക്കയറി. ഒളിമ്പിക്‌സ്‌ ചരിത്രത്തിലാദ്യമായാണ്‌ ഇതുപോലൊരു കിരീടപ്പോരാട്ടം. കൂടുതൽ സ്വർണം നേടുന്ന ടീമാണ്‌ ചാമ്പ്യൻമാർ. അത്‌ ഒപ്പമായാൽ ആകെ മെഡലുകൾ കണക്കുകൂട്ടും.

അമേരിക്കയും ആതിഥേയരായ ഫ്രാൻസും തമ്മിലുള്ള വനിതകളുടെ ബാസ്‌കറ്റ്‌ബോൾ ഫൈനലാണ്‌ വിധിയെഴുതിയത്‌. മത്സരം തുടങ്ങുംമുമ്പ്‌ 40 സ്വർണവുമായി ചൈനയായിരുന്നു മുന്നിൽ. അമേരിക്കയ്‌ക്ക്‌ 39 സ്വർണം. ചൈനയുടെ എല്ലാ മത്സരവും പൂർത്തിയായിരുന്നു. ഫ്രാൻസിനെ 67–-66ന്‌ കീഴടക്കി അമേരിക്ക  ബാസ്‌കറ്റ്‌ബോൾ സ്വർണംമാത്രമല്ല, ലോക കിരീടവും സ്വന്തമാക്കി. ഒറ്റ പോയിന്റിന്റെ  കുറവിൽ  കരഞ്ഞുപോയത്‌ ഫ്രാൻസ്‌ മാത്രമായിരുന്നില്ല,  ചൈനയുംകൂടിയായിരുന്നു. അന്തിമകണക്കെടുപ്പിൽ  അമേരിക്കയ്‌ക്ക്‌ 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ. ചൈനയ്‌ക്ക്‌ 40 സ്വർണംകൂടാതെ 27 വെള്ളിയും 24 വെങ്കലവും. ആകെ 91 മെഡൽ.

തുടർച്ചയായി നാലാംതവണയാണ്‌ അമേരിക്ക  ഒന്നാമതെത്തുന്നത്‌. കഴിഞ്ഞതവണ ടോക്യോയിൽ ഒറ്റ സ്വർണത്തിന്റെ വ്യത്യാസത്തിനാണ്‌ (39–-38) അമേരിക്ക മുന്നേറിയത്‌. 2008ൽ ബീജിങ്ങിൽ നടന്ന ഒളിമ്പിക്‌സിൽമാത്രമാണ്‌ ചൈനയ്‌ക്ക്‌  ആധിപത്യം നേടാനായത്‌.ഇന്ത്യൻടീമിന്റെ പ്രകടനം ദയനീയമായിരുന്നു. 117 അംഗ സംഘത്തെ  അവതരിപ്പിച്ചെങ്കിലും ആറ്‌ മെഡലിൽ ഒതുങ്ങി. മെഡൽ പട്ടികയിൽ 71–-ാം സ്ഥാനം. കഴിഞ്ഞതവണ ഏഴ്‌ മെഡലുണ്ടായിരുന്നു, 48–-ാംസ്ഥാനവും. മെഡലുണ്ടെങ്കിലും ഒളിമ്പിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനത്താണ്‌ ഫിനിഷ്‌. 1996ൽ അറ്റ്‌ലാന്റയിലും 2000ൽ സിഡ്‌നിയിലും ഇതേസ്ഥാനത്തായിരുന്നു.

രണ്ടുമണിക്കൂർ നീണ്ട കലാപ്രകടനത്തിനൊടുവിലാണ്‌ പാരിസ്‌ മിഴിപൂട്ടിയത്‌. സ്‌റ്റേഡ്‌ ഡി ഫ്രാൻസ്‌  സ്‌റ്റേഡിയത്തിൽ അത്‌ലീറ്റുകൾ സംഗമിച്ചു. ഇന്ത്യൻ ടീമിനെ ദേശീയപതാകയുമായി ഹോക്കി താരം പി ആർ ശ്രീജേഷും ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ നേടിയ മനു ഭാകറും നയിച്ചു. നാലുവർഷം കഴിഞ്ഞ്‌ ലോസ്‌ ആഞ്ചലസിൽ വീണ്ടും ദീപം തെളിയും.  2028 ഒളിമ്പിക്‌സ്‌ അമേരിക്കയിലെ ലോസ്‌ ആഞ്ചലസിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top