22 December Sunday

പാരിസ് ഒളിമ്പിക്സ്; പൊന്നിൻ പോരിലാര്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ഫിലിപ്പെെൻസ് താരം കാർലോസ് യൂലോ ഫ്ലോർ എക്സെെസ് മത്സരത്തിനിടെ. PHOTO: Facebook

പാരിസ്‌ >  പാരിസ്‌ ഒളിമ്പിക്‌സ്‌ അവസാനിക്കാൻ ആറ്‌ ദിവസം ശേഷിക്കെ  ആധിപത്യത്തിനായുള്ള പോര്‌ കനത്തു. കഴിഞ്ഞ മൂന്ന്‌ ഒളിമ്പിക്‌സിലും  ഒന്നാമതെത്തിയ അമേരിക്കയെ തളയ്‌ക്കാൻ ചൈനയുണ്ട്‌. 21 സ്വർണമടക്കം 52 മെഡലായി ചൈനയ്‌ക്ക്‌. അമേരിക്ക 19 സ്വർണത്തോടെ 75  മെഡലുമായി കുതിക്കുന്നു. കൂടുതൽ സ്വർണം നേടുന്നവർക്കാണ്‌ ഓവറോൾ കിരീടം. ഇന്ത്യ 59–-ാംസ്ഥാനത്താണ്‌. ഷൂട്ടിങ്ങിലെ മൂന്ന്‌ വെങ്കലം മാത്രം. നീന്തൽക്കുളത്തിൽനിന്ന്‌ അമേരിക്ക എട്ട്‌ സ്വർണമടക്കം 28 മെഡലാണ്‌ വാരിയത്‌. ഓസ്‌ട്രേലിയ ഏഴ്‌ സ്വർണം കരസ്ഥമാക്കി. ചൈനയ്‌ക്ക്‌ കിട്ടിയത്‌ രണ്ടു സ്വർണംമാത്രം.

ഷൂട്ടിങ്ങിലെ മികവാണ്‌ ചൈനയെ നയിക്കുന്നത്‌. അഞ്ച്‌ സ്വർണമാണ്‌ വെടിവച്ചിട്ടത്‌. ട്രാക്ക്‌ ഉണർന്നതോടെ അമേരിക്ക വീണ്ടും സജീവമായി. കഴിഞ്ഞതവണ ടോക്യോയിൽ ഒരു സ്വർണത്തിന്റെ വ്യത്യാസത്തിലാണ്‌ ചൈന രണ്ടാമതായത്‌. അമേരിക്ക 39 സ്വർണം നേടിയപ്പോൾ ചൈന 38 സ്വർണം സ്വന്തമാക്കി.

ഇന്ത്യക്ക്‌ തിങ്കളാഴ്‌ച നിരാശയുടേതായിരുന്നു. ബാഡ്‌മിന്റണിൽ ലക്ഷ്യ സെൻ വെങ്കല മത്സരത്തിൽ പരാജയപ്പെട്ടു. കളിക്കിടെ പരിക്കേറ്റത്‌ തിരിച്ചടിയായി. ഷൂട്ടിങ്‌ സ്‌കീറ്റ്‌ മിക്‌സഡ്‌ ടീം ഇനത്തിലെ വെങ്കലപ്പോരാട്ടത്തിലും ഉന്നംതെറ്റി. അനന്ദ്‌ജീത്‌ സിങ്‌ നരൂക്ക–-മഹേശ്വരി ചൗഹാൻ സഖ്യം ചൈനക്കാരോട്‌ തോറ്റു. രാജ്യം കാത്തിരിക്കുന്ന ജാവലിൻത്രോ മത്സരത്തിന്റെ യോഗ്യതാറൗണ്ട്‌ ചൊവ്വാഴ്‌ചയാണ്‌. പകൽ 1.50ന്‌ കിഷോർ ജെന ഇറങ്ങും. നിലവിലെ സ്വർണജേതാവ്‌ നീരജ്‌ ചോപ്ര പകൽ 3.20ന്‌ കളത്തിലെത്തും. ഫൈനൽ വ്യാഴം രാത്രിയാണ്‌. പുരുഷഹോക്കി സെമിയിൽ ചൊവ്വ രാത്രി 10.30ന്‌ ജർമനിയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top