പാരിസ്> പുരുഷ ഹോക്കിയിൽ പരാജയത്തിന്റെ വക്കിൽനിന്ന് ഇന്ത്യയെ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ് കൈപിടിച്ചുയർത്തി. റിയോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയ്‌ക്കെതിരെ 58–-ാംമിനിറ്റ്‌വരെ ഇന്ത്യ ഒരു ഗോളിന് പിറകിലായിരുന്നു. കളിയവസാനം ലഭിച്ച പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച നായകൻ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ സജീവമാക്കി. 22–-ാംമിനിറ്റിൽ ലൂക്കാസ് മാർട്ടിൻസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്.
കളിയുടെ തുടക്കംമുതൽ മികച്ച ആക്രമണമാണ് ഇന്ത്യ പുറത്തെടുത്തത്. 10–-ാംമിനിറ്റിൽ ഇന്ത്യക്ക് ആദ്യ പെനൽറ്റി കോർണറും ലഭിച്ചു. സഞ്‌ജയ് തൊടുത്ത കരുത്തുറ്റ ഷോട്ട് അർജന്റീന ഗോൾ കീപ്പർ തോമസ് സാന്റിയാഗോ തടുത്തു. ഒരു മിനിറ്റിനുശേഷം അടുത്ത പെനൽറ്റി കോർണർ ലഭിച്ചെങ്കിലും ഇത്തവണ പോസ്റ്റിൽ തട്ടിത്തെറിച്ചു. മികച്ച രക്ഷപ്പെടുത്തലുകളുമായി ശ്രീജേഷും ഇന്ത്യൻ നിരയിൽ തിളങ്ങി.
രണ്ടാം ക്വാർട്ടറിൽ നാലുമിനിറ്റിനുള്ളിൽ മൂന്ന് പെനൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യക്ക് മുതലാക്കാനായില്ല. 37–-ാംമിനിറ്റിൽ അർജന്റീനയ്‌ക്ക് അനുകൂലമായി പെനൽറ്റി സ്ട്രോക്ക് ലഭിച്ചെങ്കിലും കാസെല്ല മെയ്‌ക്കോ ഷോട്ട് പുറത്തേക്കടിച്ചു. മുന്നേറ്റതാരം സുഖ്‌ജീത് സിങ് ഇന്ത്യക്ക് സമനില സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സാന്റിയാഗോ വീണ്ടും അർജന്റീനയുടെ രക്ഷകനായി. അവസാന ക്വാർട്ടറിൽ അഭിഷേകിന്റെയും ഹാർദിക് സിങ്ങിന്റെയും ഹർമൻപ്രീതിന്റെയും ഷോട്ടുകൾ തുടർച്ചയായി രക്ഷപ്പെടുത്തിയ സാന്റിയാഗോ ഇന്ത്യയെ തടുക്കുമെന്ന് കരുതിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. കളിയവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെയാണ് പെനൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് ഇന്ത്യയെ ഒപ്പമെത്തിച്ചത്.
ആദ്യകളിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ഇന്ത്യ നാല് പോയിന്റുമായി പൂൾ ബിയിൽ മൂന്നാമതാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ബൽജിയവും ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനത്ത്. അർജന്റീന നാലാമതാണ്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. അയർലൻഡുമായി ഇന്ന് വൈകിട്ട് 4.45നാണ് ഇന്ത്യയുടെ അടുത്ത മത്സരം. വ്യാഴാഴ്‌ച ബൽജിയത്തെയും വെള്ളിയാഴ്‌ച ഓസ്‌ട്രേലിയയെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..