പാരിസ്
നാല് പതിറ്റാണ്ടിനുശേഷം സ്വർണം പ്രതീക്ഷിക്കുന്ന ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് തകർപ്പൻ രക്ഷപ്പെടുത്തലുകളായി കളം നിറഞ്ഞപ്പോൾ ന്യൂസിലൻഡിനെ 3–-2ന് തോൽപ്പിച്ചു. കളി അവസാനിക്കാൻ ഒരു മിനിറ്റും 56 സെക്കന്റും ശേഷിക്കെ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ് പെനൽറ്റി സ്‌ട്രോക്കിലൂടെ വിജയമുറപ്പിച്ചു. മൻദീപ് സിങ്ങും വിവേക് സാഗർ പ്രസാദുമാണ് മറ്റ് ഗോളുകൾ കണ്ടെത്തിയത്. കിവീസിനായി സാം ലെയ്‌നും സിമോൺ ചൈൽഡും ലക്ഷ്യംകണ്ടു.
ഷൂട്ടിങ് വേദിയിൽനിന്ന് മെഡൽപ്രതീക്ഷയുടെ വെടിയൊച്ച മുഴങ്ങി. വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കർ ഫൈനലിലെത്തി. ഞായറാഴ്‌ച പകൽ മൂന്നരയ്‌ക്കാണ് ഫൈനൽ. ഷൂട്ടിങ്ങിൽ മറ്റൊരു വിഭാഗത്തിലും ഫൈനലിൽ കടക്കാനായില്ല. ബാഡ്‌മിന്റണിൽ ലക്ഷ്യസെൻ ആദ്യമത്സരം ജയിച്ചു. ഡബിൾസിൽ സാത്വിക് സായ്‌രാജ്–-ചിരാഗ് ഷെട്ടി സഖ്യവും മുന്നേറി. തുഴച്ചിലിൽ സൈനികനായ ബൽരാജ് പൻവാർ ഹീറ്റ്‌സിൽ നാലാമതായി.
ഉദ്‌ഘാടനദിവസത്തെ മഴ തുടർന്നപ്പോൾ രോഹൻ ബൊപ്പണ്ണ–-ശ്രീരാം ബാലാജി സഖ്യത്തിന്റെ ടെന്നീസ് ഡബിൾസ് മത്സരം മാറ്റി. ആദ്യ സ്വർണമെഡൽ ചൈനയ്‌ക്കാണ്. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഹുവാൻ യുറ്റിങ്ങും ലിഹാലോ ലീഡുമാണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണത്തിന് അർഹരായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..