23 December Monday

ഈഫൽ ടവറിന്‌ ചുറ്റും പിറന്ന ഹൃദയമിടിപ്പുകൾ

അക്ഷയ് കെ പിUpdated: Sunday Aug 11, 2024

കിനാവും കണ്ണീരും പാരിസിന്റെ മണ്ണിൽ ബാക്കിയായി, മറ്റൊരു ഒളിമ്പിക്‌സിന്‌ കൂടി തിരശീല വീണിരിക്കുന്നു. ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ടിന്റെ അയോഗ്യത മുതൽ അൾജീരിയൻ ബോക്‌സിങ്‌ താരം ഇമാൻ ഖലീഫിന്റെ വിജയം വരെ അനവധി മുഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു പാരിസ്‌ ഒളിമ്പിക്‌സ്‌. ഈഫൽ ടവറിന്‌ ചുറ്റും പിറന്ന ഓർമകളിലേക്ക്‌, ആ ഹൃദയമിടിപ്പുകളിലേക്ക്‌...

ഇത്തവണത്തെ ഗെയിംസിൽ പ്രതീക്ഷിച്ചതിലും മോശം പ്രകടനമാണ്‌ ഇന്ത്യ കാഴ്‌ചവച്ചത്‌. എങ്കിലും പാരിസ്‌ ഒളിമ്പിക്‌സ്‌ ഓർമിക്കപ്പെടുമ്പോൾ ഇന്ത്യൻ താരങ്ങളും ആ ഓർമകളിൽ നിറയും. വിനേഷ്‌ ഫോഗട്ടിന്റെ പേരായിരിക്കും അതിൽ ആദ്യം കാണുക. മെഡൽ ഉറപ്പിച്ച ശേഷം അയോഗ്യയാക്കപ്പെട്ട്‌ ഗെയിംസിൽ നിന്ന്‌ പുറത്തായ വിനേഷ്‌ ഫോഗട്ട്‌ ഇന്ത്യക്കാരുടെ മാത്രമല്ല ലോകത്തിന്റെ തന്നെ നൊമ്പരമായി മാറി. രാജ്യത്തെ പിടിച്ച്‌ കുലുക്കിയ ഒരു സമരത്തിന്‌ നേതൃത്വം വഹിച്ചതിന്‌ ശേഷം, പല പ്രതിസന്ധികളും തരണം ചെയ്താണ്‌  ഗെയിംസിന്‌ വിനേഷ്‌ എത്തിയത്‌ എന്നത്‌ ആ നൊമ്പരത്തിന്റെ ആഴം കൂട്ടി.

ഇന്ത്യ-പാക്‌ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ്‌ വീണ്ടുമൊരു ഒളിമ്പിക്‌സ്‌ എത്തിയത്‌. വർഷങ്ങളായി മെഡലൊന്നുമില്ലാതെ അലയുന്ന പാകിസ്ഥാന്റെ പാരിസിലെ ഏക പ്രതീക്ഷ ജാവലിൻ ത്രോയിൽ അർഷാദ്‌ നദീമായിരുന്നു. നദീമിന്‌ വെല്ലുവിളിയായത്‌ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ നീരജ്‌ ചോപ്രയും. ഒരു തരത്തിലുള്ള ആവേശത്തിനും പഞ്ഞം വരാതിരുന്ന ജാവലിൻ ത്രോ ഫൈനലിൽ നീരജിനെ മറികടന്ന്‌ നദീം സ്വർണം നേടി. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളൊന്നും അവരെ ബാധിച്ചില്ല. അവരെയെന്ന്‌ മാത്രമല്ല ഇരു രാജ്യങ്ങളിലെ ജനങ്ങളെയും. നീരജിന്റെയും നദീമിന്റെയും സൗഹൃദം അവരുടെ അമ്മമാരിലേക്ക്‌ പടർന്നു. ആ അമ്മമാർ അതിരുകളില്ലാത്ത ആകാശം കാട്ടിത്തന്നു.

നീരജ് ചോപ്രയും അർഷാദ് നദീമും. PHOTO/Facebook

നീരജ് ചോപ്രയും അർഷാദ് നദീമും. PHOTO/Facebook



ബോക്‌സിങ് വനിതാ വിഭാഗം 66 കിലോഗ്രാം ഗുസ്‌തിയിൽ കേട്ടത്‌ മാറ്റത്തിന്റെ അലയൊലി ആയിരുന്നു. ഇമാൻ ഖലീഫ്‌ എന്ന അൾജീരിയക്കാരിയായിരുന്നു ആ മാറ്റത്തിന്റെ മുഖം. ഇമാനെ പെണ്ണല്ലെന്നും പുരുഷനാണെന്നും ആരോപിച്ച്‌ യൂറോപ്യൻ മാധ്യമങ്ങളടക്കം വ്യാപക പ്രചാരണമായിരുന്നു പാരിസിൽ. പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ 46 സെക്കൻഡുകൾകൊണ്ട്‌ ഇടിച്ചിട്ടതോടെയാണ്‌ വിദ്വേഷപ്രചാരണങ്ങൾക്ക്‌ തുടക്കമായത്‌. മത്സരശേഷം കാരിനി ഇമാനെ പെണ്ണല്ലെന്നും ഈ മത്സരം ന്യായമല്ലെന്നും ആരോപിച്ചു. പിന്നീടങ്ങോട്ട്‌ വേട്ടയാടലുകളുടെ ദിനങ്ങളായിരുന്നു. സമൂഹമാധ്യമങ്ങളിലും പാരിസിലെ വേദികളിലും ഇമാൻ അപമാനിക്കപ്പെട്ടു. എന്നാൽ ഇതിനെല്ലാം അൾജീരിയൻ താരം മറുപടി കൊടുത്തു, ഇടിച്ചെടുത്ത സ്വർണ മെഡലിലുടെ. മെഡൽ നേട്ടത്തിന്‌ ശേഷം ഇമാന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനും ഒരു പെണ്ണ്‌. വെറുപ്പ്‌ പടർത്തുന്നവരേ, നിങ്ങൾക്കുള്ള മറുപടിയാണ്‌ ഈ സ്വർണ മെഡൽ’

നൊവാക്‌ ജോക്കോവിച്ച്‌ എന്ന സെർബിയൻ ഇതിഹാസത്തിന്റെ പൂർണതയ്‌ക്ക്‌ കൂടിയാണ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ സാക്ഷിയായത്‌. 24 ഗ്രാൻഡ്‌ സ്ലാമുകളുടെ പകിട്ടുണ്ടായിട്ടും കരിയറിൽ ഇല്ലാതെ പോയ ഒളിമ്പിക്‌സ്‌ സ്വർണം നൊവക്‌ ജോക്കോവിച്ച്‌ ഇക്കുറി നേടിയെടുത്തു. അതും തനിക്ക്‌ എപ്പോഴും വെല്ലുവിളി സൃഷ്‌ടിച്ച കളിമൺ കോർട്ടിൽ, റോളണ്ട്‌ ഗാരോസിന്റെ മണ്ണിൽ. ഫൈനലിൽ തോൽപ്പിച്ചത്‌ ടെന്നീസ്‌ കോർട്ടിലെ യുഗപ്പിറവിയായ കാർലോസ്‌ അൽകാരസിനെ. വിംബിൾഡൺ ഫൈനലിലെ തോൽവിക്ക്‌ ഒരു മധുര പ്രതികാരം കൂടിയായി ഈ യുഗപ്പോര്‌. ബ്രിട്ടൻ താരം ആൻഡി മറെ ടെന്നീസ്‌ കോർട്ടിൽ നിന്ന്‌ വിടപറഞ്ഞതും രണ്ട്‌ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന റാഫേൽ നദാലും കാർലോസ്‌ അൽകാരസും ഒരുമിച്ച്‌ ഡബിൾസിൽ അണിനിരന്നതും ഇതേ ഒളിമ്പിക്‌സിൽ.
മെഡൽ നേട്ടത്തിന് ശേഷം നൊവാക് ജോക്കോവിച്ച്. PHOTO/Facebook

മെഡൽ നേട്ടത്തിന് ശേഷം നൊവാക് ജോക്കോവിച്ച്. PHOTO/Facebook



ഒളിമ്പിക്‌സ്‌ ചരിത്രത്തിൽ വിശേഷണങ്ങളമാവശ്യമില്ലാത്ത താരമാണ്‌ അമേരിക്കയുടെ മൈക്കൽ ഫെൽപ്‌സ്‌. 23 സ്വർണമുൾപ്പെടെ 28 മെഡലുകളാണ്‌ ഫെൽപ്‌സ്‌ അഞ്ച്‌ ഒളിമ്പിക്‌സുകളിൽ നിന്നായി നീന്തിയെടുത്തത്‌. ഫെൽപ്‌സിന്‌ ഒരു പകരക്കാരനെ കിട്ടിയ ഗെയിംസ്‌ ആയിരുന്നു പാരിസിലേത്‌. ഫ്രാൻസിൽ നിന്നുള്ള ലിയോൺ മർച്ചന്റ്‌ ആയിരുന്നു അത്‌. നീന്തൽ പ്രേമികൾ ഫ്രഞ്ച്‌ ഫെൽപ്‌സ്‌ എന്ന് വിളിച്ച മർച്ചന്റ്‌ പാരിസിലെ കുളങ്ങളിൽ നിന്നും മുങ്ങിയെടുത്തത്‌ നാല്‌ സ്വർണവും ഒരു വെങ്കലവുമാണ്‌. ഈ ഗെയിംസിൽ ഏറ്റവും മെഡൽ വാരികൂട്ടിയ പുരുഷ താരവും മർച്ചന്റ്‌ തന്നെ. നാല്‌ വെങ്കലവും ഒരു വെള്ളിയും നേടിയ ചാങ്‌ യുഫേയ്‌ ആണ്‌ വനിതകളിൽ മുന്നിൽ.

ലിയോൺ മർച്ചന്റ്‌ പുരുഷൻമാരുടെ നീന്തൽക്കുളത്തിൽ നിന്ന്‌ മെഡൽ വാരിയപ്പോൾ വനിതകളിൽ തിളങ്ങിയത്‌ സമ്മർ മാക്കിൻറോഷാണ്‌. ഇതിഹാസ താരം കാറ്റി ലെഡക്കിയെ സാക്ഷിയാക്കിയായിരുന്നു മാക്കിൻറോഷിന്റെ മെഡൽക്കൊയ്‌ത്ത്‌. മൂന്ന്‌ സ്വർണവും ഒരു വെള്ളിയുമാണ്‌ മാക്കിൻറോഷിന്റെ പാരിസിലെ സമ്പാദ്യം. വനിതകളുടെ നീന്തൽ മത്സരത്തിൽ 400 മീറ്റർ ഫ്രീസ്റ്റൈൽ മത്സരം സംഭവബഹുലമായിരുന്നു. വലിയൊരു ശസ്‌ത്രക്രിയയും കഴിഞ്ഞ്‌ ഗൈയിംസിനെത്തിയ ഓസ്‌ട്രേലിയക്കാരി അരിയാർനെ ടിറ്റ്‌മസ്‌ സ്വർണം കൊയ്‌തപ്പോൾ രണ്ടാം സ്ഥാനത്തിനായി കാറ്റി ലെഡക്കിയും സമ്മർ മാക്കിൻറോഷും ഇഞ്ചോടിഞ്ച്‌ മത്സരിച്ചു. ഒടുവിൽ മാക്കിൻറോഷ്‌ വെള്ളി നേടി. വനിതകളുടെ 1500 മീറ്റർ ഫൈനലിലെ ലെഡക്കിയുടെ സ്വർണ നേട്ടം ലോകത്തെ അത്‌ഭുതപ്പെടുത്തി. രണ്ടാം സ്ഥാനക്കാരിയെ 10 സെക്കൻഡ്‌ പുറകിലാക്കിയായിരുന്നു യുഎസ്‌ താരത്തിന്റെ മാജിക്കൽ ഫിനിഷ്‌.

ഏറ്റവും ആവേശകരമായ 100 മീറ്റർ ഓട്ടത്തിനായിരുന്നു ഇക്കുറി ഗെയിംസ്‌ സാക്ഷ്യം വഹിച്ചത്‌. 20 വർഷങ്ങൾക്ക്‌ ശേഷം അമേരിക്കയിലേക്ക്‌ നോഹ ലൈൽസ്‌ സ്വർണമെത്തിച്ചത്‌ പ്രവചനാതീതമായ ഫോട്ടോ ഫിനിഷിലൂടെയായണ്‌. 100 മീറ്ററിലെ സ്വർണ നേട്ടം ലൈൽസിന്‌ 200 ൽ ആവർത്തിക്കാനും കഴിഞ്ഞില്ല. കോവിഡ്‌ പോസിറ്റീവായ ലൈൽസ്‌ മൂന്നാമത്‌ ഫിനിഷ്‌ ചെയതപ്പോൾ ബോട്‌സ്വാനയുടെ ലെറ്റ്‌സിലെ ടെബോഗോയ്‌ക്കായരുന്നു സ്വർണം. വനിതകളുടെ 100 മീറ്ററിൽ സെന്റ്‌ ലൂസിയയുടെ ജോഫ്രാ ആൽഫ്രഡും വിജയിച്ചു. സെന്റ്‌ ലൂസിയയുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക്‌ സ്വർണമായിരുന്നു ഇത്‌.
നൂറ് മീറ്ററിലെ വിജയത്തിന് ശേഷം നോഹ ലെെൽസ്. PHOTO/Facebbok

നൂറ് മീറ്ററിലെ വിജയത്തിന് ശേഷം നോഹ ലെെൽസ്. PHOTO/Facebbok



റിയോ ഒളിമ്പിക്‌സിൽ മെഡൽ കൊയ്‌ത്‌ ടോക്യോ ഒളിമ്പിക്‌സിൽ മാനസിക ആരോഗ്യം മോശമായത്‌ മൂലം പങ്കെടുക്കാതിരുന്ന ജിംനാസ്റ്റിക്‌ താരം സിമോണി ബൈൽസ്‌ പാരിസിലെത്തിയത്‌ ഒരുപാട്‌ പ്രതീക്ഷകളോയോടെയാണ്‌. ആ പ്രതീക്ഷകൾക്കൊന്നും ഒരു മങ്ങലുമേറ്റില്ലെ. മൂന്ന്‌ സ്വർണവും ഒരു വെള്ളിയും സിമോണിയിലൂടെ അമേരിക്കയിലെത്തി.  ഈ മെഡൽ നേട്ടത്തിലൂടെ നിരവധി മനുഷ്യർക്കാണ്‌ ജിംനാസ്റ്റിക്‌ താരം പ്രചോദനമായത്‌.

ക്യൂബയുടെ മിഹെയ്‌ൻ ലോപസ്‌ എന്ന ഗുസ്‌തി ഇതിഹാസം കളി മതിയാക്കിയതും ഇതേ ഒളിമ്പിക്‌സിൽ. ബീജിങ്‌ മുതൽ പാരിസ്‌ വരെ തുടർച്ചയായ അഞ്ച്‌ ഒളിമ്പിക്‌സുകളിൽ പങ്കെടുത്ത മിഹയ്‌ൻ അഞ്ച്‌ തവണയും സ്വർണം നേടി. ഒളിമ്പിക്‌സിലെ തന്റെ അവസാന സ്വർണവും നേടി  ഗോദയിലെ സെന്റർ മാറ്റിൽ ചുംബിച്ച്‌ മിഹെയ്‌ൻ പടിയിറങ്ങിയത്‌ ഹൃദയഭേദകമായ കാഴ്‌ചയായിരുന്നു.

വരും കാലങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കാൻ പോകുന്ന ഒരു ഇമോജി കൂടി പിറന്നു പാരിസ്‌ ഒളിമ്പിക്‌സിൽ. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ്‌ വിഭാഗത്തിൽ സ്വർണം നേടിയത്‌ സെർബിയക്കാരാണെങ്കിലും വൈറലായത്‌ വെള്ളി നേടിയ തുർക്കി ടീമിലെ യൂസഫ്‌ ഡികെചാണ്‌. തന്റെ ടീം മേറ്റായ ഷിവൽ ഇല്ലായ്‌ഡ ഉൾപ്പെടെയുള്ള സകലരും മത്സരത്തിൽ പ്രത്യേക ലെൻസുകളും മറ്റ്‌ സുരക്ഷാ ഉപകരണങ്ങളുമായി എത്തിയപ്പോൾ ഇതൊന്നുമില്ലാതെയായിരുന്നു തുർക്കി താരത്തിന്റെ വരവ്‌. ഇടതുകൈ പോക്കറ്റിലിട്ട്‌ ഷൂട്ടിങ്ങ്‌ കിറ്റുകളൊന്നുമില്ലാതെ മുഖത്ത്‌ നിറഞ്ഞ ആത്മവിശ്വാസവുമായി വെടിയുതിർക്കുന്ന ഡികെചിന്റെ ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.

പാരിസ്‌ ഒളിമ്പിക്‌സിൽ വൈറലായ മറ്റൊരു ചിത്രം വന്നത്‌ വനിതകളുടെ ആർട്ടിസ്റ്റിക്ക്‌ ജിംനാസ്റ്റിക്‌ ആർട്ടിസ്റ്റിക് ഫ്ലോർ വിഭാഗത്തിലെ മെഡൽദാന ചടങ്ങിലായിരുന്നു. സ്വർണം നേടിയ ബ്രസീലിന്റെ റെബേക്ക ആൻഡ്രേഡ്‌ പോഡിയത്തിലേക്കെത്തിയപ്പോൾ സിൽവർ, ബ്രോൺസ്‌ പോഡിയങ്ങളിയലുണ്ടായ സിമോണി ബൈൽസും ജോർഡാൻ കൈൽസും അതിരുകൾ മറന്ന്‌ ഒന്നാം സ്ഥാനക്കാരിയെ സ്വീകരിച്ചു. ഈ മനോഹര ചിത്രം എല്ലാ മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുത്തു. വനിതകളുടെ ജിംനാസ്റ്റിക്ക്‌ ബാലൻസ്‌ ബീം വിഭാഗത്തിൽ സ്വർണവും വെങ്കലവും നേടിയ ഇറ്റാലിയൻ താരങ്ങളെ അനുകരിച്ച്‌ വെള്ളി നേടിയ ചൈനീസ്‌ താരം മെഡൽ കടിച്ച്‌ ആഘോഷിച്ച ചിത്രവും വൈറലായിരുന്നു. ഗർഭിണികളായ ഫെൻസിങ്‌, അമ്പെയ്‌ത്ത്‌ താരങ്ങളും നിരവധി  ‘വിൽ യു മാരി മി’ രംഗങ്ങളും പാരിസ്‌ ഒളിമ്പിക്ന്സിന്റെ ഭംഗി കുറച്ചധികം വർധിപ്പിച്ചു.

 ജിംനാസ്റ്റിക്‌ ആർട്ടിസ്റ്റിക് ഫ്ലോർ വിഭാഗത്തിലെ മെഡൽദാന ചടങ്ങ്. PHOTO/Facebook

ജിംനാസ്റ്റിക്‌ ആർട്ടിസ്റ്റിക് ഫ്ലോർ വിഭാഗത്തിലെ മെഡൽദാന ചടങ്ങ്. PHOTO/Facebook



17 ലോക റെക്കോർഡുകളും 20 ഒളിമ്പിക്‌ റെക്കോർഡുകളും പിറന്ന ഗെയിംസായിരുന്നു ഇത്തവണത്തേത്‌. കഴിഞ്ഞ ഗെയിംസിലെ പോലെ ചാമ്പ്യൻഷിപ്പ്‌ പോരാട്ടവും ഇത്തവണയും കനത്തു. ഒടുവിൽ അവസാന ഇനമായ വനിതകളുടെ ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ ഫ്രാൻസിനെ ഒറ്റ പോയിന്റ്‌ വ്യത്യാസത്തിൽ തോൽപ്പിച്ച്‌ സ്വർണമെഡലുമായി അമേരിക്ക ചാമ്പ്യൻഷിപ്പ്‌ നേടി. രണ്ടാമതെത്തിയ ചൈനയുമായി അമേരിക്കയ്‌ക്ക്‌ അധികമായുള്ളത്‌  ഒരേ ഒരു സ്വർണം മാത്രം.

സെൻ നദിക്കരയിൽ വച്ച്‌ ദീപം കൊളുത്തി ആരംഭിച്ച 2024 ഒളിമ്പിക്‌സ്‌ അതേ നദിക്കരയിലുള്ള സ്‌റ്റേഡിയത്തിൽ വച്ച്‌ അവസാനിക്കുമ്പോൾ ലോസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിനായുള്ള കാത്തിരിപ്പ്‌  ആരംഭിക്കുകയാണ്‌. ഈ കാത്തിരിപ്പിന്‌ കൂട്ടായി പാരിസ്‌ ഒളിമ്പിക്‌സിന്റെ ഓർമകളുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top