30 December Monday
ഇതുവരെ 4 മെഡലുകൾ

വെടിവച്ചിടാൻ മെഡലുകൾ ; ഇന്ത്യക്ക്‌ 21 അംഗ ഷൂട്ടിങ് സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

 

ന്യൂഡൽഹി
ഒളിമ്പിക്‌സ്‌ മെഡലുകൾ വെടിവച്ചിടാനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യൻ ടീം. 21 അംഗ ടീമാണ്‌. പത്തു പുരുഷന്മാരും 11 വനിതകളും. ഒളിമ്പിക്‌സിൽ ഇതുവരെ നേടിയത്‌ ഒരു സ്വർണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവുമാണ്‌.

2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോറാണ്‌ ആദ്യ ഷൂട്ടിങ്‌ മെഡൽ സ്വന്തമാക്കിയത്‌. പുരുഷന്മാരുടെ ഡബിൾ ട്രാപ്‌ ഇനത്തിലായിരുന്നു നേട്ടം. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര ആദ്യമായി സ്വർണപ്പതക്കമണിഞ്ഞു. പത്തു മീറ്റർ എയർ റൈഫിൾസിലായിരുന്നു സ്വർണം. 2012 ലണ്ടനിൽ രണ്ട്‌ മെഡൽ കിട്ടി. വിജയ്‌കുമാർ 25 മീറ്റർ റാപ്പിഡ്‌ഫയർ പിസ്റ്റളിൽ വെള്ളി സ്വന്തമാക്കി. ഗഗൻ നരംഗ്‌ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം കൊണ്ടുവന്നു. ഗഗനാണ്‌ ഇത്തവണ ഇന്ത്യൻ സംഘത്തലവൻ. 2016 റിയോവിലും 2020 ടോക്യോയിലും ഷൂട്ടർമാർക്ക്‌ ഉന്നംപിഴച്ചു. ടോക്യോയിൽ 15 താരങ്ങൾ അണിനിരന്നതിൽ ഒരാൾക്കുമാത്രമാണ്‌ ഫൈനലിൽ കടക്കാനായത്‌. ഷൂട്ടിങ്ങിൽ ഒന്നിലേറെ മെഡൽ പ്രതീക്ഷിച്ച ഇന്ത്യ വെറുംകൈയോടെ മടങ്ങി.

ഇത്തവണയും നല്ല പ്രതീക്ഷയിലാണ്‌. ലോകനിലവാരത്തിൽ വെടിവയ്‌ക്കുമ്പോഴും ഒളിമ്പിക്‌സിൽ മെഡൽ നേടാനാകുന്നില്ലെന്നതാണ്‌ യാഥാർഥ്യം. വനിതകളിൽ മനു ഭക്കറാണ്‌ പ്രധാന പ്രതീക്ഷ. കഴിഞ്ഞതവണ നിരാശയായിരുന്നു ഫലം. ഇത്തവണ 10 മീറ്റർ, 25 മീറ്റർ എയർ പിസ്റ്റളുകളിൽ മത്സരിക്കുന്നു. ലോകകപ്പിൽ ഒമ്പത്‌ സ്വർണം സ്വന്തമായുള്ള ഹരിയാനക്കാരി കോമൺവെൽത്ത്‌ ഗെയിംസിലും ഒന്നാമതെത്തി. കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിലും ഇരുപത്തിരണ്ടുകാരിക്ക്‌ സ്വർണമുണ്ട്‌.
സിഫ്‌റ്റ്‌ കൗർ സമ്രയും അൻജും മൗഡ്‌ഗില്ലും 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ പ്രതീക്ഷയാണ്‌. പഞ്ചാബിൽനിന്നുള്ള ഇരുപത്തിരണ്ടുകാരി സിഫ്‌റ്റ്‌ കൗർ ഏഷ്യൻ ഗെയിംസിലെ സ്വർണജേതാവാണ്‌. 30 വയസ്സുള്ള അൻജും പരിചയസമ്പത്തുള്ള പഞ്ചാബി ഷൂട്ടറാണ്‌. ലോകകപ്പിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമണിഞ്ഞാണ്‌ തമിഴ്‌നാട്ടിൽനിന്നുള്ള ഇളവെനിൽ വാളറിവാൻ ശ്രദ്ധ തേടുന്നത്‌. പത്തു മീറ്റർ എയർ റൈഫിളിലാണ്‌ മത്സരിക്കുന്നത്‌.

പുരുഷന്മാരിൽ ഐശ്വരി പ്രതാപ്‌ സിങ് ടൊമാർ മെഡൽസാധ്യതയുള്ള ഷൂട്ടറാണ്‌. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ മത്സരിക്കുന്നു. മധ്യപ്രദേശിൽനിന്നുള്ള ഇരുപത്തിമൂന്നുകാരൻ ലോക മെഡലുകൾ നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top