22 December Sunday
അയോഗ്യത നിയമപരമെന്ന്‌ കേന്ദ്രം ; ഫോഗട്ട്‌ അന്താരാഷ്‌ട്ര
കായിക കോടതിയെ 
സമീപിച്ചു

ഹൃദയഭാരം ; ഗുസ്‌തിതാരം 
വിനേഷ്‌ ഫോഗട്ടിന്‌ ഒളിമ്പിക്‌സിൽ അയോഗ്യത

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

image credit vinesh phogat facebook

പാരിസ്‌
സ്വർണത്തിനായി കാത്തിരുന്ന  ഗോദയിൽ ഇന്ത്യക്ക്‌ കണ്ണീർപ്പതക്കം. കളത്തിനകത്തും പുറത്തും ഉശിരൻപോരിലൂടെ രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തിക്കാരി വിനേഷ്‌ ഫോഗട്ട്‌ ഒളിമ്പിക്‌സിൽ അയോഗ്യയായി. മൂന്ന്‌ തിളങ്ങുന്ന ജയത്തോടെ  വെളിച്ചം ചൊരിഞ്ഞ ഹരിയാനക്കാരി ഫൈനൽദിനം രാവിലെ ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. മെഡലില്ലാതെയാണ്‌ മടങ്ങുന്നതെങ്കിലും പൊന്നിനേക്കാൾ ശോഭയോടെയാണ്‌ തിരിച്ചുവരവ്‌. ഭാരം കുറയ്‌ക്കാൻ  രാത്രി നടത്തിയ പരിശ്രമങ്ങൾക്ക്‌ ഗുസ്‌തിക്കളത്തിലെ പോരിനെക്കാൾ കടുപ്പമുണ്ടായിരുന്നു. അതിന്‌ ഫലമുണ്ടായില്ലെങ്കിലും ആ പോരാട്ടവീര്യം രാജ്യം സാഭിമാനം നെഞ്ചേറ്റി.

ഗുസ്‌തിയിൽ 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ്‌ ഇരുപത്തൊമ്പതുകാരി ഫൈനലിലെത്തിയിരുന്നത്‌. ബുധൻ രാത്രി അമേരിക്കൻ താരം സാറ ആൻ ഹിൽഡെബ്രാൻഡിനെതിരെ നടക്കേണ്ട മെഡൽ പോരാട്ടത്തിനായി രാവിലെ നടത്തിയ പരിശോധനയിൽ ഭാരം 100 ഗ്രാം കൂടുതലാണെന്ന്‌ കണ്ടെത്തി. ചട്ടപ്രകാരം മത്സരവിഭാഗത്തിലെ ഭാരത്തേക്കാൾകൂടിയാൽ അയോഗ്യതയാണ്‌. വിനേഷ് ഫോഗട്ടിന്റെ സ്വർണത്തിനായി കാത്തിരുന്ന രാജ്യം ഞെട്ടലോടെയാണ്‌ വാർത്ത കേട്ടത്‌. താരത്തിന്‌ ഒറ്റക്കെട്ടായ പിന്തുണ ലഭിച്ചു. രാഷ്‌ട്രീയതിരിച്ചടി ഭയന്ന കേന്ദ്രസർക്കാരും രംഗത്തുവന്നു. ഭാരം കുറയ്‌ക്കാനുള്ള അമിത വ്യായാമവും നിർജലീകരണവുംമൂലം അവശയായ വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സ്‌ ഗ്രാമത്തിലെ ആശുപത്രിയിലാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്ന്‌  ഇന്ത്യൻ ഒളിമ്പിക്‌ കമ്മിറ്റി പ്രസിഡന്റ്‌ പി ടി ഉഷ അറിയിച്ചു.  

വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ അറിയിപ്പ്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി പുറത്തിറക്കി. സെമിയിൽ തോറ്റ ക്യൂബൻതാരം യുസ്‌നീലിസ്‌ ഗുസ്‌മാൻ ലോപസിന്‌ ഫൈനലിലേക്ക്‌ അവസരം കിട്ടി.  ഇന്ത്യൻ ഒളിമ്പിക്‌സ്‌ അസോസിയേഷൻ അപ്പീൽ നൽകിയില്ല. ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ ലോക ഗുസ്‌തി അസോസിയേഷന്‌ അപ്പീൽ നൽകിയെങ്കിലും അനക്കമുണ്ടായില്ല. ബിജെപി മുൻ എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മുൻ തലവനുമായ ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്റെ ലൈംഗികാതിക്രമത്തിനെതിരായ ഗുസ്‌തിതാരങ്ങളുടെ സമരത്തിൽ മുന്നണിപ്പോരാളിയായ വിനേഷ്, സ്വർണം നേടുമെന്നാണ്‌ കരുതിയിരുന്നത്‌. ഒളിമ്പിക്‌സിൽ ഫൈനലിലെത്തുന്ന ആദ്യ ഗുസ്‌തിക്കാരിയെന്ന ബഹുമതിയിൽനിന്നാണ്‌ വീഴ്‌ച.

ഉറങ്ങാത്ത 
12 മണിക്കൂർ; 
മുടിമുറിച്ച്‌ അവസാനശ്രമം
അവസാന നിമിഷംവരെ ഭാരം കുറയ്‌ക്കാൻ വിനേഷ്‌ ഫോഗട്ടും പരിശീലകസംഘവും ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ശ്രമിച്ചു. ഭാരം ഏതുവിധേനയും 50 കിലോആയി കുറയ്‌ക്കാൻ ചെലവിട്ടത്‌ 12 മണിക്കൂർ.  ആദ്യദിവസം മത്സരത്തിനിറങ്ങുമ്പോൾ ഭാരം 49.9 കിലോ. സെമിക്കുശേഷം അത്‌ 52.7 കിലോ ആയി. മത്സരത്തിനിടെ ലഘുഭക്ഷണം കഴിച്ചതും വെള്ളം കുടിച്ചതും ഭാരമേറാൻ കാരണമായിട്ടുണ്ടാകാം.ഭാരനിർണയത്തിന്റെ തലേരാത്രി ഉറങ്ങിയില്ല. ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും കഠിനവ്യായാമം. സെമിക്കുശേഷം ഒന്നും കഴിച്ചില്ല. എന്നിട്ടും ഭാരം 50 കിലോ കടന്നു. ചട്ടപ്രകാരം ഭാരനിർണയത്തിൽ പങ്കെടുത്തില്ലെങ്കിലും അയോഗ്യത വരും. അതിനാൽ രണ്ടുംകൽപ്പിച്ച്‌ രാവിലെ പരിശോധനയ്‌ക്ക്‌ ഹാജരായി.  മുടി മുറിച്ചെങ്കിലും ഭാരക്കുറവിന്‌ അത്‌ പര്യാപ്‌തമായില്ല.

അയോഗ്യത നിയമപരമെന്ന്‌ കേന്ദ്രം
മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിൽനിന്നും ഇറങ്ങിപ്പോയി. വിനേഷിന്റെ അയോഗ്യത നിയമപരമാണെന്ന്‌ കായിക മന്ത്രി മൻസൂഖ്‌ മാണ്ഡവ്യ ലോക്‌സഭയിൽ വാദിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഫൈനലിൽ എത്തിയിട്ടും വിനേഷ്‌ ഫോഗട്ടിനെ അഭിനന്ദിക്കാൻ കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ അയോഗ്യയാക്കിയതിന്‌ പിന്നാലെ സാന്ത്വനവുമായി എക്‌സിൽ പോസ്റ്റിട്ടു.

അന്വേഷണം വേണം
പാരിസ്‌ ഒളിമ്പിക്‌സിൽനിന്ന്‌ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ടിനെ ഏകപക്ഷീയമായി അയോഗ്യയാക്കിയ നടപടിയെ അപലപിച്ച്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും. വ്യാഴാഴ്‌ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. അയോഗ്യതയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വൻ ഗൂഢാലോചനയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. കായിക മന്ത്രാലയത്തിന്റെയും  ഗുസ്‌തി ഫെഡറേഷന്റെയും സ്‌റ്റാഫിന്റെയും  പങ്കിനെക്കുറിച്ച്‌  അന്വേഷണം നടത്തണം. 

സപ്പോർട്ട് സ്റ്റാഫിനോടും പരിശീലകനോടുമുള്ള  അതൃപ്തി വിനേഷ്‌ പ്രകടിപ്പിച്ചിരുന്നു. അടുത്ത ബന്ധമുള്ളവെരപ്പോലും കാണാൻ വിനേഷിന്‌  അനുമതി നിഷധിച്ചതും ഫെഡറേഷന്റെ പങ്കിനെക്കുറിച്ച്‌ ചോദ്യങ്ങൾ ഉയർത്തുന്നു. യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലകരെ സംബന്ധിച്ച ആശങ്കയും അവർ ഉയർത്തിയിരുന്നു.
  വിനേഷിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എല്ലാ യൂണിറ്റുകളോടും വ്യാഴാഴ്‌ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി , ജനറൽ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യ, എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആഹ്വാനം ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top