05 November Tuesday

തുടരാൻ അമേരിക്ക തടയാൻ ചൈന

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സിൽ 39 സ്വർണമടക്കം 121 മെഡൽ നേടി അമേരിക്ക ഒന്നാമതെത്തുമെന്നാണ്‌ ഡെയ്‌ലി എക്‌സ്‌പ്രസ്‌ പത്രം അടുത്തിടെ നടത്തിയ സൂപ്പർ കംപ്യൂട്ടർ പ്രവചനത്തിൽ പറയുന്നത്‌. 32 സ്വർണമടക്കം 77 മെഡലുമായി ചൈന രണ്ടാമതെത്തും. പ്രവചനങ്ങളെല്ലാം മറികടന്ന്‌ പാരിസിൽ ഒന്നാമത്‌ ഫിനിഷ്‌ ചെയ്യാൻ ചൈനയ്‌ക്ക്‌ ആകുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. കഴിഞ്ഞതവണ ടോക്യോയിൽ ഒരു സ്വർണത്തിന്റെ വ്യത്യാസത്തിലാണ്‌ ചൈന രണ്ടാമതായത്‌. 2008 ബീജിങ്ങിൽ ചൈനയ്‌ക്കു പിന്നിലായശേഷമുള്ള എല്ലാ ഒളിമ്പിക്‌സ്‌ വേദിയിലും അമേരിക്കയായിരുന്നു ഒന്നാമത്‌.

പാരിസിൽ 592 അംഗ സംഘവുമായെത്തുന്ന അമേരിക്കയെ മറികടക്കൽ അത്ര എളുപ്പമല്ല. എന്നത്തെയുംപോലെ അത്‌ലറ്റിക്‌സിൽത്തന്നെയാണ്‌ യുഎസിനായി കൂടുതൽ താരങ്ങൾ അണിനിരക്കുന്നത്‌–- 120 പേർ. 48 താരങ്ങൾ നീന്തൽക്കുളങ്ങളിൽ മെഡൽപ്രതീക്ഷയുമായി ഇറങ്ങും. ടോക്യോയിൽ 11 സ്വർണമടക്കം 30 മെഡലുകളാണ്‌ നീന്തൽക്കുളത്തിൽനിന്ന്‌ വാരിയത്‌. ടീമിനങ്ങളിലടക്കം നിലവിലെ ലോക ചാമ്പ്യൻമാരോ ലോക ഒന്നാംറാങ്കുകാരോ ആയ 57 പേർ അമേരിക്കയ്‌ക്കായി കളത്തിലിറങ്ങും.

ടോക്യോയിൽ കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട ഒന്നാംസ്ഥാനം പാരിസിൽ തിരിച്ചുപിടിക്കാനാണ്‌ ചൈന ഇറങ്ങുന്നത്‌. ടോക്യോയിൽ അമേരിക്ക 39 സ്വർണം നേടിയപ്പോൾ ചൈന 38 സ്വർണം സ്വന്തമാക്കി. പാരിസിൽ തുടക്കത്തിൽ ചൈന ആധിപത്യം നേടുമെന്നാണ്‌ പൊതുവേ വിലയിരുത്തുന്നത്‌. ആദ്യ ആഴ്‌ചയിലെ മത്സരക്രമം ചൈനയ്‌ക്ക്‌ അനുകൂലമാണ്‌. ജിംനാസ്റ്റിക്‌സ്‌, ഷൂട്ടിങ്‌ തുടങ്ങി മെഡൽപ്രതീക്ഷയുള്ള ഇനങ്ങളെല്ലാം ആദ്യ ആഴ്‌ച നടക്കും. ട്രാക്കുണരുമ്പോൾ അമേരിക്ക ചൈനയെ മറികടക്കുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നു. 388 അംഗ സംഘത്തെയാണ്‌ ചൈന ഇത്തവണ പാരിസിലേക്ക്‌ അയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top