പാരിസ്
ഒരുനാൾ വരുമെന്ന് ദീപ്‌തി ജീവാൻജിക്ക് അറിയാമായിരുന്നു. കൂവി വിളിച്ച നാട്ടുകാർക്കുമുന്നിൽ അവൾ തെളിഞ്ഞുനിൽക്കുകയാണ്; പാരാലിമ്പിക്‌സിലെ മെഡൽ ജേതാവ്. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ വെങ്കലമാണ് ഇരുപതുകാരിക്ക്.
ഇന്ത്യയുടെ മെഡൽ ശേഖരത്തിലേക്ക് ഒരു പതക്കംകൂടി. ലോക അത്‌ലറ്റിക്‌സ് പാരാ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട് ഈ ആന്ധ്രക്കാരി. ബുദ്ധിവികാസം കുറവായിരുന്നു ദീപ്‌തിക്ക്. മറ്റ് കുട്ടികളെപ്പോലെ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനോ ആശയവിനിമയം നടത്താനോ കഴിയില്ല. ആന്ധ്രയിലെ വാറംഗൽ ജില്ലയിലെ കല്ലെഡ ഗ്രാമത്തിലായിരുന്നു ജനനം. അച്ഛൻ ജീവാൻജി യാദഗിരി, അമ്മ ജീവാൻജി ധനലക്ഷ്‌മി. ഇരുവരും കർഷകർ. ദീപ്‌തിയുടെ ബാല്യകാലത്തെക്കുറിച്ച് ഇരുവർക്കും നല്ല ഓർമകളില്ല. നാട്ടുകാർ ആ പെൺകുട്ടിയെ തരംകിട്ടുമ്പോഴൊക്കെ ഉപദ്രവിക്കും. ഭ്രാന്തിയെന്നും കുരങ്ങെന്നും വിളിച്ചു. അവളെ
അനാഥാലയത്തിൽകൊണ്ടുവിടാൻ നിർബന്ധിച്ചു. ദീപ്‌തി എല്ലാം സഹിച്ചു. 15–-ാം വയസ്സിൽ സായ് കോച്ച് എൻ രമേഷ് ആ പെൺകുട്ടിയിലെ പ്രതിഭയെ കണ്ടെത്തി. കളിയാക്കിയവർക്കുമുന്നിൽ ലോക ചാമ്പ്യനായി തിരിച്ചെത്തി. പിന്നാലെ ഒളിമ്പിക്‌സ് മെഡലും.
പാരിസിൽ 55.82 സെക്കൻഡിലാണ് വെങ്കലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..