22 December Sunday

നിധിയായി നിതേഷ്‌ ; പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

നിതേഷ്‌ കുമാർ മത്സരത്തിനിടെ


പാരിസ്‌
പാരാലിമ്പിക്‌സിൽ നിതേഷ്‌ കുമാറിലൂടെ ഇന്ത്യക്ക്‌ രണ്ടാംസ്വർണം. ബാഡ്‌മിന്റൺ പുരുഷ സിംഗിൾസ്‌ എസ്‌എൽ3 വിഭാഗത്തിലാണ്‌ നിതേഷിന്റെ നേട്ടം. ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെതല്ലിനെ മൂന്ന്‌ ഗെയിം പോരാട്ടത്തിൽ ഇരുപത്തൊമ്പതുകാരൻ തോൽപ്പിച്ചു (21–-14, 18–-21, 23–-21). വനിതാ സിംഗിൾസ്‌ എസ്‌യു5 വിഭാഗത്തിൽ തുളസിമതി മുരുഗേസൻ വെള്ളി നേടി. ഈയിനത്തിൽ മനീഷ രാമദാസിനാണ്‌ വെങ്കലം. അത്‌ലറ്റിക്‌സിൽ പുരുഷ ഡിസ്‌കസ്‌ ത്രോ എഫ്‌ 56 വിഭാഗത്തിൽ യോഗേഷ്‌ കതുനിയയും ഹൈജമ്പ്‌ ടി47 വിഭാഗത്തിൽ നിഷാദ്‌ കുമാറും  വെള്ളി സ്വന്തമാക്കി. വനിതകളുടെ 200 മീറ്റർ ടി35ൽ പ്രീതി പാൽ വെങ്കലം കുറിച്ചു.

രണ്ട്‌ സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളുമായി 22–-ാംസ്ഥാനത്താണ്‌ ഇന്ത്യ. 42 സ്വർണവുമായി ചൈനയാണ്‌ മുന്നിൽ.
ബാഡ്‌മിന്റണിൽ അവിശ്വസനീയമായ ചെറുത്തുനിൽപ്പിലൂടെയായിരുന്നു നിതേഷ്‌ ബ്രിട്ടീഷ്‌ എതിരാളിയെ മറികടന്നത്‌. ടോക്യോ ഒളിമ്പിക്‌സ്‌ വെള്ളി മെഡൽ ജേതാവായ ബെതെലുമായുള്ള കളി ഒരുമണിക്കൂർ 20 മിനിറ്റാണ്‌ നീണ്ടത്‌. ആദ്യ ഗെയിമിൽ ഒരുഘട്ടത്തിൽ 6–-9ന്‌ പിന്നിലായിരുന്നു. എന്നാൽ, മനോഹരമായ ഡ്രോപ്‌ ഷോട്ടുകളിലൂടെ തിരിച്ചുവന്നു. കഴിഞ്ഞപതിപ്പിൽ ഇന്ത്യയുടെതന്നെ പ്രമോദ്‌ ഭഗതാണ്‌ ചാമ്പ്യനായത്‌.

പതിനഞ്ചാംവയസ്സിലാണ്‌ നിതേഷിന്‌ ഇടതുകാൽ നഷ്ടമായത്‌. വിശാഖപട്ടണത്തുവച്ചുണ്ടായ ട്രെയിൻ അപകടം ആ കൗമാരക്കാരന്റെ സ്വപ്‌നങ്ങളെ തകർത്തു. നേവി ഓഫീസറുടെ മകനായ നിതേഷിന്‌ അച്ഛന്റെ വഴിയായിരുന്നു ഇഷ്ടം. പക്ഷേ, ആ അപകടം മറ്റൊരു വഴിയിലേക്കാണ്‌ നയിച്ചത്‌. പുണെയിലെ ആശുപത്രിയിൽവച്ച്‌ പരിക്ക്‌ അവഗണിച്ച്‌ തങ്ങളുടെ സ്വപ്‌നം പൂർത്തിയാക്കാൻ പരിശ്രമിക്കുന്നവരെ നിതേഷ്‌ കണ്ടു. അത്‌ ഉത്തേജനമായി.

ഫരീദാബാദിൽ 2016ൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലായിരുന്നു പാരാ ബാഡ്‌മിന്റണിലെ അരങ്ങേറ്റം. അവിടെ വെങ്കലം. വീണ്ടും ഉയരങ്ങൾ താണ്ടി. 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന്‌ മെഡലുകൾ സ്വന്തമാക്കി. സിംഗിൾസിൽ വെള്ളി നേട്ടമായിരുന്നു. വനിതാ സിംഗിൾസിൽ തുളസിമതി നിലവിലെ ചാമ്പ്യൻ ചൈനയുടെ യാങ്‌ ക്വിയു ഷിയയോട്‌ തോറ്റു (17–-21, 10–-21).ഡിസ്‌കസ്‌ ത്രോയിൽ 42.22 മീറ്റർ എറിഞ്ഞാണ്‌ യോഗേഷ്‌ വെള്ളി നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top