22 November Friday

ശീതൾദേവി : 
അമ്പുകൊണ്ടൊരു ചരിത്രം , പാരാലിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ 
ഒരു ഇന്ത്യക്കാരിയുടെ ആദ്യമെഡൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


പാരിസ്‌
അവിശ്വസനീയമായ കാഴ്‌ചയായിരുന്നു അത്‌. രണ്ട്‌ കൈകളുമില്ല ശീതൾ ദേവിക്ക്‌. രണ്ട്‌ വാക്കുകൾ ഒന്നിച്ചുപറയാനാകില്ല. പാരിസിലെ പാരാലിമ്പിക്‌സ്‌ വേദിയിൽ ആ പതിനേഴുകാരി വലംകാൽകൊണ്ട്‌ വില്ലുകുലച്ച്‌, വലത്‌ ചുമലിലിനും താടിയെല്ലിനും ഇടയിലേക്ക്‌ അമ്പ്‌ കൊണ്ടുവന്ന്‌ തൊടുത്തപ്പോൾ ചരിത്രനിമിഷമായിരുന്നു പിറന്നത്‌. പാരാലിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ ഒരു ഇന്ത്യക്കാരിയുടെ ആദ്യമെഡൽ. ഈ വേദിയിൽ ശീതളിനെപ്പോലെ മറ്റാരുമില്ല. രണ്ടു കൈകളുമില്ലാത്ത മറ്റൊരു വനിതാ കായികതാരവുമില്ല. പാരിസിലെ ഏറ്റവും മനോഹരമായ നിമിഷമായി അതുമാറി.മിക്‌സഡ്‌ കോമ്പൗണ്ട്‌ ഇനത്തിൽ രാകേഷ്‌ കുമാറിനൊപ്പം വെങ്കലമെഡലാണ്‌ ശീതൾ നേടിയത്‌. സിംഗിൾസിൽ നേരിയ വ്യത്യാസത്തിൽ പ്രീ ക്വാർട്ടറിൽ തോൽക്കുകയായിരുന്നു.

നാടകീയമായിരുന്നു വെങ്കലമെഡൽ പോര്‌. ശീതളിനും രാകേഷിനും എതിരാളികൾ ഇറ്റലിയുടെ എലോനേറ സാർട്ടിയും മറ്റിയോ ബൊണാസിനയുമായിരുന്നു. 156–-155നായിരുന്നു ജയം. ഒരു ഘട്ടത്തിൽ 116–-117ന്‌ പിന്നിലായിരുന്നു. ഇതോടെ അവസാന സെറ്റിൽ നാല്‌ അമ്പും പത്തിലേക്ക്‌ തൊടുത്താൽമാത്രം പ്രതീക്ഷ. എന്നാൽ, ശീതളിന്റെ ഒരമ്പ്‌ ഒമ്പതിൽ തറച്ചു. ഇറ്റാലിയൻ സഖ്യത്തിന്‌ രണ്ടെണ്ണംമാത്രമേ പത്തിലേക്ക്‌ തൊടുക്കാനായുള്ളൂ. ഇതോടെ സ്‌കോർ 155–-155ന്‌ തുല്യമായി. ആ ഘട്ടത്തിൽ വിധികർത്താക്കൾ ശീതളിന്റെ ആദ്യശ്രമത്തിലെ അമ്പ്‌ തറച്ച സ്ഥാനം സൂക്ഷ്‌മമായി വിലയിരുത്തി. അതിൽ അമ്പിന്റെ സ്ഥാനം പത്തിലെന്ന്‌ കണ്ടെത്തുകയായിരുന്നു. നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഇന്ത്യക്ക് മെഡലും വന്നു.

ശീതളിന്റെ കണ്ണുനിറഞ്ഞു. കോച്ച്‌ കുൽദീപ്‌ വെദ്‌വാനെ ചേർത്തുപിടിച്ചു. മുപ്പത്തൊമ്പതുകാരനായ രാകേഷിന്റെ ഏറെ കാലത്തെ പരിശ്രമത്തിനാണ്‌ ഫലം കിട്ടിയത്‌. പാരാലിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്‌. ടോക്യോയിൽ ഹർവിന്ദർ സിങ്‌ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്നു.
ജമ്മുകശ്‌മീരിലെ കിഷ്‌തവാർ ജില്ലക്കാരിയായ ശീതൾ രണ്ടുവർഷംമുമ്പാണ്‌ അമ്പെയ്‌ത്തിലേക്ക്‌ എത്തിയത്‌.

ആത്മവിശ്വാസമാണ്‌ കരുത്ത്‌. ‘അസാധ്യമെന്ന വാക്കില്ല എനിക്ക്‌. ലോകത്ത്‌ ഒരു മനുഷ്യനും പരിമതികളില്ല എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. എന്തിനുവേണ്ടിയാണോ ലക്ഷ്യംവയ്‌ക്കുന്നത്‌, അതിനുവേണ്ടി നിരന്തരം പരിശ്രമിക്കുക. എനിക്കിതൊക്കെ സാധ്യമെങ്കിൽ ഏതൊരാൾക്കും അത്‌ കഴിയും’–- ശീതൾ പറയുന്നു.

ഇതൊരു തുടക്കംമാത്രമാണ്‌ പതിനേഴുകാരിക്ക്‌. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വർണം നേടിയിട്ടുണ്ട്‌. ഡബിൾസിൽ വെള്ളിയും. മികച്ച ഏഷ്യൻ യുവതാരമായി തെരഞ്ഞെടുത്തിട്ടുണ്ട്‌. കഴിഞ്ഞവർഷം അർജുന പുരസ്‌കാരവും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top