രാജ്‌കോട്ട്
ഒന്നാംക്ലാസ് ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയുടെ റൺവേട്ട തുടരുന്നു. രഞ്ജി ട്രോഫിയിൽ ഛത്തീസ്‌ഗഡിനെതിരെയാണ് ഈ വലംകൈയൻ ബാറ്റർ ഇരട്ടസെഞ്ചുറി നേടിയത്. 18–-ാമത്തേതാണ്. ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറിയുള്ള നാലാമത്തെ താരമായി. ഓസ്‌ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്‌മാനാണ് (37) മുന്നിൽ. ഛത്തീസ്‌ഗഡിനെതിരെ 234 റണ്ണാണ് നേടിയത്. കളി സമനിലയിൽ പിരിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ചുറികളുമുണ്ട് പൂജാരയ്‌ക്ക്.
കേരള–-കർണാടക
മത്സരം ഉപേക്ഷിച്ചു
കനത്ത മഴയെ തുടർന്ന് കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ഉപേക്ഷിച്ചു. ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. മഴയെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്തുപോലും എറിയാനായില്ല. ആദ്യം ബാറ്റ് ചെയ്‌ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്ണെന്ന നിലയിലായിരുന്നു. സീസണിലെ ആദ്യമത്സരത്തിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. 26ന് ബംഗാളുമായാണ് അടുത്ത കളി. കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് പോരാട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..