പാരിസ്
ഇന്ത്യയുടെ മലയാളി ബാഡ്‌മിന്റൺ താരം എച്ച് എസ് പ്രണോയ് ആദ്യ ഒളിമ്പിക്‌സിൽ ഇന്ന് അരങ്ങേറുന്നു. പുരുഷ സിംഗിൾസിൽ രാത്രി എട്ടിന് ജർമനിയുടെ ഫാബിയാൻ റോത്തിനെ നേരിടും. അടുത്ത കളി വിയറ്റ്‌നാമിന്റെ ലി ഡുയോ ഫാറ്റിനെയുമായാണ്. ഗ്രൂപ്പ് ജേതാക്കളായാൽ പ്രീക്വാർട്ടറിലെത്താം.
കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ അനുഭവസമ്പത്തുമായാണ് മുപ്പത്തിരണ്ടുകാരന്റെ വരവ്. 2022ൽ തോമസ്‌കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. ഏഷ്യൻ ഗെയിംസ് സിംഗിൾസിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളിയുമുണ്ടായിരുന്നു. ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനിടെ ചിക്കുൻഗുനിയ പിടിപെട്ട് വിശ്രമത്തിലായിരുന്നു. തുടർന്നാണ് തയ്യാറെടുപ്പിന് സമയം കിട്ടിയത്. ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച് മുന്നേറാമെന്നാണ് 13–-ാംറാങ്കുകാരന്റെ പ്രതീക്ഷ. അച്ഛൻ തിരുവനന്തപുരം ആക്കുളം സ്വദേശിയായ പി സുനിൽകുമാറും അമ്മ ഹസീനയും ഭാര്യ ശ്വേതയും മികച്ച പ്രകടനത്തിന് കാത്തിരിക്കുന്നു.
തുടർച്ചയായി മൂന്നാം ഒളിമ്പിക്‌സിലും മെഡൽ നേടാൻ പി വി സിന്ധുവും ഇന്നിറങ്ങും. പകൽ 12.50ന് പാകിസ്ഥാന്റെ ഫാത്തിമത്ത് അബ്‌ദുൽ റസാഖിനെ നേരിടും. ഗ്രൂപ്പിൽ എസ്‌തോണിയയുടെ ക്രിസ്റ്റിൻ കൂബകൂടിയുണ്ട്. ഗ്രൂപ്പ് ജേതാവായാൽ പ്രീക്വാർട്ടറിൽ കടക്കാം. ഇരുപത്തൊമ്പതുകാരി 2016ൽ വെള്ളിയും 2020ൽ വെങ്കലവും നേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..