24 November Sunday

ഇന്ത്യക്ക്‌ അശ്വവേഗം ; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്‌റ്റിൽ ആർ അശ്വിന്‌ സെഞ്ചുറി (102*)

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

image credit bcci facebook


ചെന്നൈ
രവിചന്ദ്രൻ അശ്വിന്റെ കൈയിൽ പന്തല്ല, ബാറ്റായിരുന്നു. വിക്കറ്റെടുക്കുന്ന  ലാഘവത്തോടെ 38–-ാംവയസ്സിലും റണ്ണൊഴുക്കിയപ്പോൾ  സ്‌പിൻ ബൗളർ ചെപ്പോക്കിലെ കാണികൾക്കായി ഒരുക്കിയത്‌ സെഞ്ചുറി വിരുന്ന്‌. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 339 റണ്ണെടുത്തു. ആറാം സെഞ്ചുറിയുമായി ആർ അശ്വിനും (112 പന്തിൽ 102) രവീന്ദ്ര ജഡേജയും (117 പന്തിൽ 86) ക്രീസിലുണ്ട്‌. ഏഴാംവിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 195 റണ്ണാണ്‌ തകർച്ചയിൽനിന്ന്‌ രക്ഷിച്ചത്‌.

ബംഗ്ലാദേശിന്റെ യുവപേസർ ഹസൻ  മഹ്‌മൂദിന്റെ പേസിനുമുന്നിൽ പകച്ച ഇന്ത്യ 10–-ാംഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 34 റണ്ണിലേക്ക്‌ മൂക്കുകുത്തി. ക്യാപ്‌റ്റൻ രോഹിത്‌ ശർമ (6), ശുഭ്‌മാൻ ഗിൽ (0), വിരാട്‌ കോഹ്‌ലി (6) എന്നിവരെ പുറത്താക്കിയാണ്‌ ആദ്യ ഒരുമണിക്കൂറിൽ ഞെട്ടിച്ചത്‌. ഓപ്പണർ യശസ്വി ജയ്‌സ്വാളിനൊപ്പം ചേർന്ന ഋഷഭ്‌ പന്ത്‌ സ്‌കോർ ഉയർത്തി. ഈ കൂട്ടുകെട്ട്‌ 62 റൺ നേടി. മഹ്‌മൂദിന്റെ രണ്ടാംവരവിൽ പന്തും വീണു. 632 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ടെസ്‌റ്റ്‌ കളിക്കാനിറങ്ങിയ വിക്കറ്റ്‌കീപ്പർ ആറ്‌ ഫോറിന്റെ പിന്തുണയിൽ 39 റൺ നേടി. 

അഞ്ചു പന്തിനിടെ രണ്ടു വിക്കറ്റെടുത്ത്‌ ബംഗ്ലാദേശ്‌ വീണ്ടും ഇന്ത്യൻ ബാറ്റിങ്നിരയെ ഉലച്ചു. ഒമ്പത്‌ ഫോറിന്റെ അകമ്പടിയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ജയ്‌സ്വാളിനെ (56) പുതുമുഖ പേസർ നഹീദ്‌ റാണ പുറത്താക്കി. കെ എൽ രാഹുലിനെ സ്‌പിന്നർ മെഹ്‌ദി ഹസ്സനും മടക്കിയതോടെ 144/6ന്‌ പ്രതിസന്ധിയായി. ആ ഘട്ടത്തിലാണ്‌ അശ്വിനും ജഡേജയും ഒരുമിച്ചത്‌.

നാട്ടുകാരുടെമുന്നിൽ അച്ചടക്കമുള്ള ബാറ്റിങ് പുറത്തെടുത്ത അശ്വിൻ 10 ഫോറും രണ്ട്‌ സിക്‌സറുമടിച്ചു. ജഡേജയും അത്രയുംതവണ പന്ത്‌ അതിർത്തി കടത്തി. ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ അശ്വിൻ നേടുന്ന രണ്ടാം  സെഞ്ചുറിയാണ്‌. ബംഗ്ലാദേശിനെതിരെ ഏഴാംവിക്കറ്റിൽ പുതിയ റെക്കോഡിട്ടു. സച്ചിൻ ടെൻഡുൽക്കറും സഹീർഖാനും നേടിയ 133 റൺ മറികടന്നു. രണ്ടാംദിവസം അതിവേഗം സ്‌കോർ ഉയർത്തി എതിരാളിയെ ബാറ്റിങ്ങിന്‌ ഇറക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. അഞ്ചാം സെഞ്ചുറിക്കരികെയാണ്‌ ജഡേജ. നാലാംടെസ്‌റ്റ്‌ കളിക്കുന്ന ഇരുപത്തിനാലുകാരൻ ഹസൻ മെഹ്‌മൂദ്‌ 18 ഓവറിൽ 58 റൺ വഴങ്ങിയാണ്‌ നാല്‌ വിക്കറ്റെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top