25 December Wednesday

എൽ ക്ലാസിക്കോയ്ക്കിടെ ബാഴ്‌സലോണ താരങ്ങൾക്കെതിരായ വംശീയാധിക്ഷേപം; മൂന്ന്‌ പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ലാമിൻ യമാൽ, റാഫീന്യ. PHOTO: Facebook

മാഡ്രിഡ്‌ > ബാഴ്‌സലോണ താരങ്ങളായ ലാമിൻ യമാൽ, റാഫീന്യ എന്നിവർക്ക്‌ നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മൂന്ന്‌ പേരെ അറസ്റ്റ്‌ ചെയ്തതതായി റിപ്പോർട്ട്‌. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ്‌ സ്‌പാനിഷ്‌ പൊലീസ്‌ മൂന്ന്‌ പേരെ അറസ്റ്റ്‌ ചെയ്ത വിവരം പുറത്ത്‌ വിട്ടത്‌. സ്‌പാനിഷ്‌ പൊലീസ്‌ സോഷ്യൽ മീഡിയയിൽ അറസ്റ്റ്‌ വിവരം അറിയിച്ചതിനെ തുടർന്നാണ്‌ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തത്‌.

എഫ്‌സി ബാഴ്‌സലോണ–റയൽ മാഡ്രിഡ്‌ മത്സരത്തിനിടെയായിരുന്നു താരങ്ങൾക്ക്‌ നേരെ വംശീയാധിക്ഷേപം ഉണ്ടായത്‌. മത്സരത്തിന്റെ അവസാനത്തേക്ക്‌ എത്തുമ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന റയൽ ആരാധകർ ഇരുവരെയും അധിക്ഷേപിക്കുകയായിരുന്നു.

ബാഴ്‌സലോണ എതിരില്ലാത്ത നാല്‌ ഗോളുകൾക്ക്‌ റയൽ മാഡ്രിഡിനെ തകർത്ത മത്സരത്തിൽ ലാമിൻ യമാൽ, റാഫീന്യ എന്നീ താരങ്ങൾ ഗോളുകളും നേടിയിരുന്നു. എൽ ക്ലാസിക്കോയുടെ 77-ാം മിനുട്ടിലായിരുന്നു യമാലിന്റെ ഗോൾ. റാഫീന്യയുടെ ഗോൾ 84-ാം മിനുട്ടിലും. സ്‌പാനിഷ്‌ ലീഗായ ലാലിഗയിൽ നിലവിൽ 13 മത്സരങ്ങളിൽ നിന്ന്‌ 33 പോയിന്റുമായി ഒന്നാമതാണ്‌ ബാഴ്‌സലോണ. ചാമ്പ്യൻസ്‌ ലീഗിൽ ആറാമതും. ലാലിഗയിൽ ശനിയാഴ്‌ച രാത്രി സെൽറ്റ വിഗോയുമായാണ്‌ ബാഴ്‌സലോണയുടെ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top