21 December Saturday

യുഗാവസാനം ; 23 വർഷത്തെ കളിജീവിതം മതിയാക്കി സ്പാനിഷ് ടെന്നീസ് ഇതിഹാസം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

image credit Rafa Nadal facebook

ടെന്നീസിൽനിന്ന്‌ വിരമിക്കുന്നതായി അറിയിക്കാനാണ്‌ ഇവിടെയെത്തിയത്‌. കഴിഞ്ഞ കാലങ്ങൾ കഠിനമായിരുന്നു. പ്രത്യേകിച്ച്‌ അവസാന രണ്ടുവർഷം. ഇനി പരിക്ക്‌ പൂർണമായി മാറി കളിക്കാനാകുമെന്ന്‌ കരുതുന്നില്ല. ഇതൊരു വിഷമിപ്പിക്കുന്ന തീരുമാനമാണ്‌. പക്ഷേ, എന്നെങ്കിലും ഒരിക്കൽ ഇതെടുത്തേ മതിയാകൂ. ജീവിതത്തിൽ എന്തിനും ഒരു തുടക്കവും അവസാനവും ഉണ്ടാകുമല്ലോ. ശരിയായ സമയമായിരിക്കുന്നു. വിചാരിച്ചതിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. പരിശീലകർക്ക്‌, കുടുംബത്തിന്‌, സഹതാരങ്ങൾക്ക്‌, ആരാധകർക്ക്‌... കൂടെനിന്ന എല്ലാവർക്കും നന്ദി. ഡേവിസ്‌ കപ്പിൽ രാജ്യത്തിനായി കളിച്ച്‌ മതിയാക്കുന്നത്‌ അഭിമാനകരമാണ്‌. -

നാലു മിനിറ്റും 44 സെക്കൻഡും നീണ്ട വീഡിയോയിൽ റാഫേൽ നദാൽ എല്ലാം പറഞ്ഞുതീർത്തു. 23 വർഷത്തെ ഐതിഹാസിക കളിജീവിതത്തിന്‌ ചുരുങ്ങിയ വാക്കുകളിൽ വിരാമം. പരിമിതികളില്ലാതെ ഇനി കളിക്കാനാകില്ലെന്ന ബോധ്യത്തോടെ പടിയിറക്കം. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പിന്‌ ശരീരം അനുവദിക്കില്ലെന്ന്‌ ഉറപ്പിച്ചതോടെയാണ്‌ മുപ്പത്തെട്ടുകാരൻ റാക്കറ്റ്‌ താഴ്‌ത്തുന്നത്‌. കളം വിട്ടാലും നദാലിന്റെ പോരാട്ടവീര്യം പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യും.

ഈ നൂറ്റാണ്ടിലെ എക്കാലത്തെയും മികച്ച ടെന്നീസ്‌ താരമായാണ്‌ മടക്കം. രണ്ടരപ്പതിറ്റാണ്ടിനടുത്തുള്ള കളിജീവിതത്തിൽ നേടാത്ത ട്രോഫികളില്ല. വാഴാത്ത കളങ്ങളില്ല. ഫ്രഞ്ച്‌ ഓപ്പണായിരുന്നു പ്രിയപ്പെട്ട ഇടം. പാരിസിലെ റോളാങ്‌ ഗാരോസിൽ എഴുതിയ ചരിത്രം മായ്‌ക്കാനാകില്ല. 14 കിരീടങ്ങളുയർത്തി. അജയ്യനായി വാണു. ‘കളിമൺ കളത്തിലെ രാജാവ്‌’ എന്ന്‌ ലോകം അൽഭുതത്തോടെ വിളിച്ചു. സ്‌പാനിഷ്‌ ദ്വീപായ മയ്യോർക്കയിൽനിന്ന്‌ ഇതിഹാസത്തിലേക്കുള്ള യാത്രയ്‌ക്ക്‌ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും കഥയുണ്ട്‌. വിജയത്തിലേക്ക്‌ എളുപ്പവഴികളില്ലെന്ന്‌ തിരിച്ചറിഞ്ഞ കുട്ടിക്കാലമായിരുന്നു. ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട മൂന്നാംവയസ്സുകാരനെ അമ്മാവൻ ടോമിയായിരുന്നു റാക്കറ്റേന്താൻ പ്രചോദിപ്പിച്ചത്‌. ആദ്യമൊക്കെ ടെന്നീസ്‌ ബോറടിയായിരുന്നു. തെരുവിൽ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിൽ കൂടുതൽ ആനന്ദം കണ്ടെത്തി. പക്ഷേ, പതിയെ അത്‌ മാറി. മാനകോർ ക്ലബ്ബിൽ ടോമിക്കു കീഴിലെ പരിശീലനത്തിലൂടെ ടെന്നീസ്‌ തന്റെ ജീവിതമാണെന്ന്‌ മനസ്സിലാക്കി. അതിനെ നെഞ്ചോട്‌ ചേർത്തു. എട്ടാംവയസ്സിൽ പ്രാദേശിക ടൂർണമെന്റ്‌ നേടിയത്‌ ആത്മവിശ്വാസം കൂട്ടി.

ഇടംകൈയായിരുന്നു കരുത്ത്‌. അസാമാന്യ ബലം. ഫോർഹാൻഡ്‌ ഷോട്ടുകൾക്ക്‌ മിന്നൽ വേഗവും ശക്തിയുമായിരുന്നു. അതിനുമുന്നിൽ എതിരാളികൾ നിലംപരിശായി. കളത്തിൽ ഒരിക്കലും വറ്റാത്ത ആത്മവീര്യവും കൂടിച്ചേർന്നതോടെ അജയ്യനായി കുതിച്ചു. ജൂനിയർ തലത്തിൽ വിജയങ്ങൾ കൊയ്‌ത്‌ മുന്നേറി.
2001ൽ 14–-ാംവയസ്സിലായിരുന്നു പ്രൊഫഷണൽ അരങ്ങേറ്റം. അവിടെയും വിജയഗാഥ തുടർന്നു. 2005ൽ ആദ്യ ഫ്രഞ്ച്‌ ഓപ്പൺ. അതൊരു തുടക്കമായിരുന്നു. 20 വയസ്സിനിടെ 14 ട്രോഫികളാണ്‌ സ്‌പാനിഷുകാരൻ ഉയർത്തിയത്‌. ഫെഡററുമായും നൊവാക്‌ ജൊകോവിച്ചുമായുള്ള ശക്തിപരീക്ഷണ ഘട്ടങ്ങളായിരുന്നു പിന്നീട്‌. ഭൂരിഭാഗം പോരാട്ടങ്ങളിലും നദാൽ ജയിച്ചുകയറി. ഇതിനിടെ പരിക്ക്‌ തളർത്തി. പക്ഷേ, ഉശിരോടെ തിരിച്ചുവന്നു. യുഎസ്‌ ഓപ്പണിലും വിംബിൾഡണിലും ഓസ്‌ട്രേലിയൻ ഓപ്പണിലുമെല്ലാം വെന്നിക്കൊടി പാറിച്ചു.

കഴിഞ്ഞ രണ്ട്‌ സീസണുകളിലായി പരിക്കിന്റെ പിടിയിലായിരുന്നു. പുറംവേദനയും കാൽമുട്ടിന്റെ പരിക്കും ചാമ്പ്യനെ തളർത്തി. ഗ്രാൻഡ്‌സ്ലാമുകളിൽനിന്ന്‌ വിട്ടുനിന്നു. ഈ വർഷം അവസാനത്തേതാകുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. പരിക്ക്‌ വകവയ്‌ക്കാതെ ഫ്രഞ്ച്‌ ഓപ്പണിനെത്തിയെങ്കിലും ആദ്യറൗണ്ടിൽ തോറ്റ്‌ തലകുനിച്ചു. ഒളിമ്പിക്‌സിലായിരുന്നു അവസാനമായി എത്തിയത്‌. അന്ന്‌ സിംഗിൾസിൽ രണ്ടാംറൗണ്ടിൽ ജൊകോവിച്ചിനോട്‌ കീഴടങ്ങി. പിൻഗാമിയായി അറിയപ്പെടുന്ന കാർലോസ്‌ അൽകാരസിനൊപ്പം ഡബിൾസിൽ മത്സരിച്ചെങ്കിലും മുന്നേറാനായില്ല.

കളിമണ്ണിലെ രാജാവ്‌
ഫ്രഞ്ച്‌ ഓപ്പണായിരുന്നു റാഫേൽ നദാലിന്റെ ഇഷ്ടപ്പെട്ട കളം. കളിമൺകളത്തിൽ മറ്റാർക്കുമില്ലാത്ത നേട്ടമാണ്‌ മുപ്പത്തെട്ടുകാരൻ കുറിച്ചത്‌. ആകെ 14 ട്രോഫികൾ. 116 കളിയിൽ 112ലും ജയിച്ചു. തോറ്റത്‌ നാലുവട്ടം മാത്രം. 2005നും 2014നും ഇടയിലെ പത്തു ടൂർണമെന്റിൽ ഒമ്പതിലും ചാമ്പ്യനായി. 2017നും 2022നും ഇടയിൽ ആറിൽ അഞ്ചുതവണയും കിരീടമുയർത്തി. എല്ലാ ഫൈനലിലും ജയമറിഞ്ഞു. റോജർ ഫെഡററെ നാലു പ്രാവശ്യവും നൊവാക്‌ ജൊകോവിച്ചിനെ മൂന്നുതവണയും കീഴടക്കി. ആകെ തോൽവിയറിഞ്ഞ നാലു കളിയിൽ രണ്ടും ജൊകോവിച്ചിനോടാണ്‌. അലക്‌സാണ്ടർ സ്വരേവിനോടും റോബിൻ സോഡർലിങ്ങിനോടുമാണ്‌ മറ്റ്‌ തോൽവികൾ.

വിടവാങ്ങൽ മത്സരം ഡേവിസ്‌ കപ്പിൽ
രാജ്യത്തിനായി കളിച്ച്‌ അവസാനിപ്പിക്കാനാണ്‌ റാഫേൽ നദാലിന്റെ തീരുമാനം. ഡേവിസ്‌ കപ്പ്‌ പുരുഷ ടെന്നീസ്‌ ഫൈനൽസിൽ സ്‌പെയ്‌നിന്റെ മത്സരം നവംബർ 19നാണ്‌. ക്വാർട്ടറിൽ നെതർലൻഡ്‌സാണ്‌ എതിരാളി. സ്വന്തംതട്ടകമായ മലാഗായിലാണ്‌  അവസാന കളിക്കിറങ്ങുക. ഡച്ചുകാർക്കെതിരെ ജയിച്ചാൽ 22ന്‌ നടക്കുന്ന സെമിയിലേക്ക്‌ മുന്നേറാം. 24നാണ്‌ കിരീടപ്പോരാട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top