21 November Thursday

രഞ്ജി ട്രോഫി: സച്ചിൻ ബേബിക്കും സൽമാൻ നിസാറിനും അർദ്ധസെഞ്ചുറി; കേരളം മികച്ച സ്കോറിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

തിരുവനന്തപുരം > രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന് എതിരെ കേരളം മികച്ച സ്‌കോറിലേക്ക്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും സൽമാൻ നിസാറിന്റെയും അർദ്ധ സെഞ്ചുറിയുടെ മികവിൽ കേരളത്തിന് ആദ്യ ഇന്നിങ്‌സിൽ 178  റൺസിന്റെ ലീഡ്.  ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ്  സ്‌കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കേരളം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസെന്ന നിലയിലാണ്. 165 പന്തിൽ നിന്ന് എട്ട് ഫോർ ഉൾപ്പെടെ ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ 155 പന്തിൽ നിന്ന് 74 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസറുദീനുമാണ് ക്രീസിൽ. എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതാണ് സൽമാന്റെ ഇന്നിങ്‌സ്.  

രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് ബി അപരാജിത്, സർവതെ, സച്ചിൻബേബി, അക്ഷയ് ചന്ദ്രൻ, സക്‌സേന എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. രണ്ടാം ദിനം 12 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് ബി അപരാജിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 32 റൺസാണ് അപരാജിത് കരസ്ഥമാക്കിയത്. തുടർന്ന് സ്‌കോർ 105ൽ എത്തിയപ്പോൾ ആദിത്യ സർവതെയും പുറത്തായി. ശിവം ശർമയാണ് ഇരുവരെയും പുറത്താക്കിയത്.

പിന്നീട് ക്രീസിൽ നിലയുറപ്പിച്ച സച്ചിൻ ബേബി- അക്ഷയ് ചന്ദ്രൻ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോർ ഉയർത്തിയത്. ഇരുവരും ചേർന്ന് 142 പന്തിൽ 63 റൺസ് കൂട്ടിച്ചേർത്തു. സ്‌കോർ 165 ൽ എത്തിയപ്പോൾ അക്ഷയ് ചന്ദ്രനെ സൗരഭ് കുമാർ ആര്യൻ ജുയലിന്റെ കൈകളിലെത്തിച്ചു പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ സൽമാൻ നിസാറും മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ കേരളം സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 99 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. ശിവം മാവിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീട് ക്രീസിലെത്തിയ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് സൽമാൻ ബാറ്റിങ് ശക്തിപ്പെടുത്തി. ഇരുവരും ചേർന്ന് 55 റൺസ് നേടി. സ്‌കോർ 326 ൽ എത്തിയപ്പോൾ സക്‌സേനയെ പീയുഷ് ചൗള പുറത്താക്കി. 77 പന്ത്് നേരിട്ട സക്‌സേന രണ്ട് ഫോർ ഉൾപ്പെടെ 35 റൺസ് നേടി. ഉത്തർപ്രദേശിനായി ശിവം മാവിയും ശിവം ശർമ്മയും രണ്ട് വിക്കറ്റ് വീതവും സൗരഭ്, ആക്വിക് ഖാൻ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top